റിപ്പർ ജയാനന്ദൻ | ഫയൽചിത്രം | ഫോട്ടോ: ടി.കെ.പ്രദീപ്കുമാർ/മാതൃഭൂമി
പതിനേഴ് വര്‍ഷത്തിനിടെ ആദ്യമായാണ് തൃശൂരിലെ പൊയ്യയിലുള്ള സ്വന്തം വീട്ടിലേക്ക് കെ.പി. ജയാനന്ദന്‍ എന്ന 'ജയില്‍പുള്ളി' തിരിച്ചെത്തുന്നത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വെറും രണ്ട് ദിവസത്തെ 'അവധിക്ക്.' കെ.പി. ജയാനന്ദന്‍ എന്ന പേര് മലയാളികള്‍ക്ക് അത്ര പരിചിതമായിരിക്കില്ല. പക്ഷെ, റിപ്പര്‍ ജയാനനന്ദന്‍ എന്ന പേരു കേട്ടാല്‍ ആരുമൊന്നു നടുങ്ങും. കാരണം നിഷ്ഠൂരമായ അഞ്ച് കൊലപാതക കേസുകളാണ് റിപ്പര്‍ ജയാനന്ദന്റെ പേരിനൊപ്പം കേരളം കേട്ടത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റിപ്പര്‍ ജയാനന്ദന്‍ പരോളിലിറങ്ങിയത് മാര്‍ച്ച് 21-നാണ്. മൂത്ത മകള്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസമാണ് ജയാനന്ദന് ഉപാധികളോടെ കോടതി പരോള്‍ അനുവദിച്ചത്. അഞ്ച് കൊലപാതകങ്ങളാണ് റിപ്പര്‍ ജയാനന്ദന്റെ പേരിലുള്ളത്. ഇതില്‍ മൂന്ന് കേസുകളില്‍ കോടതിയില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. രണ്ട് കേസുകളില്‍ ശിക്ഷിക്കുകയും ചെയ്തു. പരോളില്‍ പുറത്തിറങ്ങിയ അതേ ദിവസമാണ് ജയാനന്ദനുമായി ബന്ധപ്പെട്ട കേസുകളിലേക്ക് വെളിച്ചം വീശുന്ന സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി ന്യൂസ് മിനുട്ട് പ്രസീദ്ധീകരിച്ചിരിക്കുന്നത്.
ന്യൂസ് മിനുട്ട് പ്രതിനിധി എം.കെ. നിധീഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ റിപ്പര്‍ ജയാനന്ദനുമായി ബന്ധപ്പെട്ട കേസില്‍ കേരള പോലീസ് നടത്തിയ അന്വേഷണത്തെ സമഗ്രമായി അവലോകനം ചെയ്യുകയും ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ട്, ജയാനന്ദന്റെ കേസ് ഏത് രീതിയിലാണ് കേരള പോലീസ് കൈകാര്യം ചെയ്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പലവിധ സമ്മര്‍ദ്ദങ്ങളാലും നിര്‍ബന്ധങ്ങളാലും കോടതിയില്‍ കള്ളം പറയാന്‍ നിര്‍ബന്ധിതരായെന്ന് വെളിപ്പെടുത്തുന്ന സാക്ഷികളുടെ പ്രതികരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ജയാനന്ദന്റെ കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള അഭിമുഖവും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അച്ഛന് വേണ്ടി മകളുടെ പോരാട്ടം
മാര്‍ച്ച് 22-നാണ് ജയാനന്ദന്റെ മകള്‍ കീര്‍ത്തി വിവാഹിതയാവുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കീര്‍ത്തിയുടെ പ്രതിശ്രുത വരന്‍. കൊലപാതക കേസുകളില്‍ ജയാനന്ദന്‍ അറസ്റ്റിലാവുമ്പോള്‍ കീര്‍ത്തിയും അനുജത്തിയും നന്നേ ചെറിയ കുട്ടികളായിരുന്നു. കീര്‍ത്തി ഇന്ന് അഭിഭാഷകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പിതാവിന് പരോള്‍ അനുവദിക്കുന്നതിനുള്ള ഹര്‍ജിയില്‍ കീര്‍ത്തി തന്നെയാണ് കോടതിയില്‍ അദ്ദേഹത്തിനായി വാദിച്ചത്. 'അച്ഛന് വേണ്ടി കോടതിയില്‍ വാദിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിവാഹദിവസം അച്ഛന്‍ കൂടെ വേണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. പരോളിന് വേണ്ടി അപേക്ഷ കൊടുത്തപ്പോള്‍ ആദ്യം അനുകൂല പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്.' മാതൃഭൂമി ഡോട്ട്‌കോം ലേഖകനോട് കീര്‍ത്തി പറഞ്ഞു.
ഒരു വിവാഹം നടക്കേണ്ടതിന്റെ ഒരുക്കങ്ങള്‍ കീര്‍ത്തിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ കണ്ടില്ല. പാതിയില്‍ പണി നിലച്ച ഒറ്റനില വീട്ടില്‍ ജയാനന്ദന്റെ ഭാര്യ ഇന്ദിരയും കീര്‍ത്തിയും ജയാനന്ദന്റെ പിതാവും മാത്രമാണുണ്ടായിരുന്നത്. മെഡിസിന് പഠിക്കുന്ന കീര്‍ത്തിയുടെ സഹോദരിയും വീട്ടിലെത്തിയിരുന്നില്ല. അയല്‍ക്കാര്‍ ആരേയും സമീപത്ത് കണ്ടില്ല. ജയാനന്ദന്റെ കുടുംബവുമായി ആരും അടുപ്പത്തില്‍ അല്ലെന്നായിരുന്നു സമീപവാസികളിലൊരാള്‍ പറഞ്ഞത്.

ഇതെല്ലാം കുടുംബം ഒറ്റക്കെട്ടായി അതിജീവിച്ചു എന്നായിരുന്നു കീര്‍ത്തി പറഞ്ഞത്. 'അച്ഛന്‍ ജയിലില്‍ കഴിയുകയാണെന്ന രീതിയിലായിരുന്നില്ല ഇക്കാലമാത്രയും അദ്ദേഹത്തോട് ഞങ്ങള്‍ പെരുമാറിയത്. വിളിക്കുമ്പോഴും ജയിലില്‍ പോയി കാണുമ്പോഴുമെല്ലാം എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു. അദ്ദേഹം എപ്പോഴും കൂടെയുണ്ടെന്ന തോന്നലായിരുന്നു ഞങ്ങള്‍ക്ക്. കുടുംബം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് അങ്ങനെ ജീവിക്കാനും സാധിച്ചത്. സമൂഹത്തില്‍നിന്ന് ഒരു സഹായവും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ആ ഒറ്റപ്പെടുത്തലായിരുന്നു ജീവിക്കാനും പോരാടാനുമുള്ള ഊര്‍ജം.' കീര്‍ത്തി പറഞ്ഞു.

പരോളിലിറങ്ങി ചൊവ്വാഴ്ച വീട്ടിലെത്തിയ ജയാനന്ദനെ വൈകുന്നേരം അഞ്ച് മണിയോടെ തിരിച്ചു ജയിലിലെത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ വീണ്ടും വിവാഹസ്ഥലത്തെത്തിക്കും. വീട്ടിലെത്തിയ ജയാനന്ദനൊപ്പം പോലീസുകാരുണ്ടായിരുന്നു. സുഖമാണോ എന്ന ചോദ്യത്തിന് സുഖം, സന്തോഷം എന്നായിരുന്നു മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ക്കു പോലീസുകാര്‍ അനുമതി നല്‍കിയില്ല.
റിപ്പര്‍ ജയാനന്ദന്‍ കേസില്‍ നടത്തിയത് ഒരു വര്‍ഷത്തെ അന്വേഷണം- ന്യൂസ് മിനിറ്റ് ലേഖകനായ നിധീഷ് പറയുന്നു
'ഒരു വര്‍ഷത്തെ അന്വേഷണത്തിലൂടെ കേസിനെ കുറിച്ച് താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ കുടുംബത്തിന് പോലും അറിയില്ലായിരുന്നു. കേസിന് പിന്നാലെ നടക്കാനുള്ള വിവരമോ കേസ് നടത്താനുള്ള പണമോ കുടുംബത്തിനുണ്ടായിരുന്നില്ല. ഒരു തവണ അഡ്വ. രഞ്ജിത്ത് മാരാരുടെ നിയമസഹായം കുടുംബത്തിന് ലഭിച്ചു. കേസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് വളരെ പ്രയാസപ്പെട്ട ജോലിയായിരുന്നു. സുപ്രീം കോടതിയില്‍നിന്നും ഹൈക്കോടതിയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍, കീഴ്ക്കോടതികളിലെ കാര്യം കഷ്ടമാണ്. വിവരങ്ങളും രേഖകളും ശേഖരിക്കാനും ചില സാക്ഷികളെ ബന്ധപ്പെടാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജയാനന്ദന്റെ പേരില്‍ ഒരു വിക്കിപീഡിയ പേജ് പോലുമുണ്ട്. എന്നാല്‍ അതിലൊന്നിലും ജയാനന്ദന്റെ പേരില്‍ ചുമത്തപ്പെട്ടതില്‍ മൂന്ന് കേസുകളില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വസ്തുത പറയുന്നില്ല. ശേഷിക്കുന്ന രണ്ട് കേസുകളില്‍ ഒന്നില്‍ മാത്രമേ ജയാനന്ദന്‍ കുറ്റക്കാരനാണെന്ന് സംശയാതീതമായി സുപ്രീം കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുള്ളൂ. ആ കേസിനെ കുറിച്ചാണ് ഞാന്‍ അന്വേഷണം നടത്തിയത്.
'2006-ല്‍ നടന്ന പുത്തന്‍വേലിക്കര സ്വദേശിയായ ദേവകിയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ജയാനന്ദനെ പിടികൂടിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റൊരാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2004-ല്‍ മാളയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളിലും മറ്റൊരു കൊലപാതകത്തിലും ജയാനന്ദന് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. അങ്ങനെയിരിക്കെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ജയാനന്ദനെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം അറസ്റ്റിലാവുകയും ചെയ്തു. ആ രണ്ട് ദിവസങ്ങളില്‍ ജയാനന്ദന്‍ എവിടെയായിരുന്നുവെന്നതിന് രേഖകളുമില്ല.
'കേസിന്റെ തെളിവെടുപ്പിനിടെ ജയാനന്ദന്‍ ഒട്ടും ആരോഗ്യവാനായിരുന്നില്ലെന്ന് സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയില്‍ ജയാനന്ദനു നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് പറഞ്ഞത് റിട്ട. ഡിവൈ.എസ്.പി. ആര്‍.കെ. കൃഷ്ണകുമാര്‍ ആണ്. 'കസ്റ്റഡി പീഡനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അറിയാമായിരുന്നില്ലേ എന്ന ചോദ്യത്തിന്, ബിരിയാണി കൊടുത്താല്‍ ജയാനന്ദന്‍ എല്ലാം പറയുമായിരുന്നോ' എന്നാണ് ആര്‍.കെ. കൃഷ്ണകുമാര്‍ എന്നോട് തിരിച്ചുചോദിച്ചത്.

'കവര്‍ച്ചയുടെ ഭാഗമായാണ് കൊലപാതകം നടന്നത്. ഒരു കേസില്‍ മോഷണം പോയ ആഭരണങ്ങള്‍ കണ്ടെത്താന്‍ പോലീസിന് പോലുമായില്ല. ഉരുക്കിയ സ്വര്‍ണമാണ് പോലീസ് തെളിവായി ഹാജരാക്കിയത്. ഡി.എന്‍.എ. സാംപിള്‍ പരിശോധിച്ചില്ല. ഒരു കോടതിയില്‍ സ്വര്‍ണം നിര്‍ണായക തെളിവായി സ്വീകരിച്ചപ്പോള്‍ മറ്റൊരു കോടതിയില്‍ അത് സ്വീകര്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ഒരു കേസില്‍ വധശിക്ഷയിലേക്ക് നയിച്ച തെളിവുകള്‍ തന്നെ മേല്‍ക്കോടതിയില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നതിലേക്കും നയിച്ചു. ജയാനന്ദന്‍ സ്വര്‍ണം പണയം വെക്കുന്നത് കണ്ടെന്ന് കോടതിയില്‍ പറഞ്ഞ നിര്‍ണായക സാക്ഷി എന്നോട് പറഞ്ഞത് അങ്ങനെ സംഭവിച്ചിട്ടില്ലെന്നായിരുന്നു. ആ സാക്ഷി അന്നത്തെ കടയുടമയുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയത്. ഉടമ ഇന്ന് ജീവിച്ചിരിപ്പില്ല. രാസപരിശോധന സംബന്ധിച്ചും കേസ് റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യങ്ങളുണ്ട്. ജയാനന്ദന്റെ വീട്ടില്‍നിന്ന് രക്തം പുരണ്ട മുണ്ടും ഷര്‍ട്ടും കണ്ടെടുത്തുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍, രാസപരിശോധനയില്‍ വസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍, ഈ റിപ്പോര്‍ട്ട് വിചാരണവേളയില്‍ ഹാജരാക്കിയില്ല."- ന്യൂസ് മിനിറ്റ് പ്രതിനിധി നിധീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വിവാദമായ 'കൊലപാതകങ്ങള്‍' സംബന്ധിച്ച് നിധീഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതിനകം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. 'റിപ്പര്‍' ജയാനന്ദന്‍ കേരള പോലീസിന്റെ വെറുമൊരു സൃഷ്ടി മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്.
ന്യൂസ് മിനിറ്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ:
അഞ്ച് കേസുകളിലായി ഏഴ് പേരെ കൊലപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്. ഇതില്‍ രണ്ട് കേസുകളിലാണ് ജയാനന്ദന്‍ ശിക്ഷിക്കപ്പെട്ടത്. തൃശ്ശൂരിലെ ഏലിക്കുട്ടി വധവും പുത്തന്‍വേലിക്കരയിലെ ദേവകി വധവും. ജയാനന്ദനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ദേവകി കൊലക്കേസില്‍ വധശിക്ഷ ലഭിക്കുകയും പിന്നീടത് ജീവപര്യന്തമായി കുറയുകയും ചെയ്തു. ആജീവനാന്ത തടവ് 20 വര്‍ഷമാക്കി പിന്നീട് സുപ്രീം കോടതി കുറയ്ക്കുകയായിരുന്നു. ഈ കേസുകളില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി, തെളിവുകളും സാക്ഷികളെയും സൃഷ്ടിക്കുകയായിരുന്നു പോലീസ് എന്നും ജയാനന്ദന് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2005-ല്‍ ഏലിക്കുട്ടി വധത്തില്‍ വിചാരണക്കോടതി 2011-ല്‍ ജീവപര്യന്തം വിധിച്ചെങ്കിലും പോലീസ് നിരത്തിയ തെളിവുകളിലും റിപ്പോര്‍ട്ട് സംശയം ഉന്നയിക്കുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച കണ്ണാടിക്കഷ്ണത്തിലെ വിരലടയാളം മാത്രമായിരുന്നു സാഹചര്യത്തെളിവായി പോലീസിന് ലഭിച്ചത്. എന്നാല്‍, വിചാരണകാലത്ത് ഈ തെളിവ് അപ്രത്യക്ഷമായി. ജയാനന്ദന്‍ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്ന ആഭരണങ്ങള്‍ ഉരുക്കി സ്വര്‍ണക്കട്ടിയാക്കിയ നിലയിലാണ് പോലീസ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയാനന്ദന് വധശിക്ഷ ലഭിച്ച ദേവകി വധക്കേസില്‍ പോലീസിന്റെ തെളിവുകളെല്ലാം തന്നെ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഈ കേസില്‍ ഒരു ഇരുമ്പുവടി, വലിയ കത്തി, രക്തംപുരണ്ട മുണ്ടും ഷര്‍ട്ടും എന്നിവയാണ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ ഇവയില്‍ രക്തം ഉള്ളതായി കണ്ടെത്താനായില്ല. ദേവകിക്കും ഭര്‍ത്താവിനും നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ സമയം സംബന്ധിച്ചും പോലീസിന്റെ കണ്ടെത്തലില്‍ പൊരുത്തക്കേടുണ്ട്.
കൊലപാതകത്തിനു ശേഷം ജയാനന്ദന്‍ മോഷ്ടിച്ചതെന്ന പേരില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ സ്വര്‍ണം ദേവകിയുടേതല്ലെന്ന് അവരുടെ അയല്‍വാസിയായ സ്ത്രീ കോടതിയില്‍ മൊഴി നല്‍കിയതായി ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയാനന്ദന്‍ സ്വര്‍ണം വിറ്റതായി പറയുന്ന സ്വര്‍ണക്കട സ്ഥിതിചെയ്യുന്നത് ചാലക്കുടി പോലീസ് സ്റ്റേഷന് നേരെ എതിര്‍വശത്തായിരുന്നു. തങ്ങള്‍ പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കോടതിയില്‍ മൊഴിപറയുകയായിരുന്നെന്ന് പോലീസ് ഹാജരാക്കിയ സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. ദേവകി വധക്കേസില്‍ പോലീസ് പിടികൂടിയ ജയാനന്ദനെ ക്രൂരമര്‍ദനത്തിനിരയാക്കി മറ്റ് നാല് കൊലപാതകങ്ങള്‍ക്കൂടി ചെയ്തതായി മൊഴി നല്‍കിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
Content Highlights: ripper jayanandan got parole for his daughter's marriage and online media report about his cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..