പി.റ്റി.സുശീല, സി.ആർ.ശാന്ത
കോട്ടയം: അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ റവന്യൂ ഓഫീസറും വനിതാ ഇൻസ്പെക്ടറും വിജിലൻസ് പിടിയിലായി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഓഫീസർ പി.റ്റി.സുശീല, റവന്യൂ ഇൻസ്പെക്ടർ സി.ആർ.ശാന്ത എന്നിവരെയാണ് കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി. വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാനഡയിൽ ജോലിയുളള, ചങ്ങനാശ്ശേരി പോത്തോട് സ്വദേശിയുടെ വീട്ടുകരം അടയ്ക്കുന്നതിനാണ് തുക ആവശ്യപ്പെട്ടത്. ഇയാൾ ചുമതലപ്പെടുത്തിയ സജി കരം അടയ്ക്കാൻ എത്തിയപ്പോൾ തുക 3500 ആണെന്നും ഇത് അടയ്ക്കണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. ഇതോടെ, കരം അടയ്ക്കാതെ പുറത്തിറങ്ങിയ സജി, വിജിലൻസ് കിഴക്കൻ മേഖലാ സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിച്ചതോടെ വിജിലൻസ് കെണി ഒരുക്കുകയായിരുന്നു.
വൈകീട്ട് നാലരയോടെ മുനിസിപ്പാലിറ്റി ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാങ്ങിയ തുകയിൽ 4500 രൂപ സി.ആർ.ശാന്തയിൽനിന്നും 500 രൂപ പി.റ്റി.സുശീലയിൽനിന്നും വിജിലൻസ് കണ്ടെടുത്തു. ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, റെജി എം., എ.ജെ.തോമസ്, എസ്.ഐ.മാരായ വിൻസെന്റ്. കെ.മാത്യു, തുളസീധരക്കുറുപ്പ്, സ്റ്റാൻലി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. പ്രതികളെ വ്യാഴാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Content Highlights:revenue officers arrested while receiving bribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..