റിപ്പർ ജയാനന്ദൻ (ഫയൽ ചിത്രം) |ഫോട്ടോ:മാതൃഭൂമി
കൊച്ചി: ജയിലറയുടെ സ്വകാര്യതയില്‍ കുപ്രസിദ്ധ കുറ്റവാളി സഹ തടവുകാരനോട് മനസ്സുതുറന്നു-17 വര്‍ഷംമുമ്പു നടന്ന ആ രണ്ട് അരുംകൊലകള്‍ താനാണു ചെയ്തത്. തടവറയില്‍നിന്ന് ഒരിക്കലും പുറത്തുപോകില്ലെന്ന ഉറപ്പില്‍ പറഞ്ഞ ആ വാക്കുകളാണ് പോണേക്കര ഇരട്ടക്കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനാ (53) ണെന്നു കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനു വഴിതുറന്നത്. ജയാനന്ദനെ ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തു.
2004 മേയ് 30-നാണ് പോണേക്കര ഇരട്ടക്കൊലപാതകം നടന്നത്. പോണേക്കരയില്‍ താമസിച്ചിരുന്ന വയോധികയും ബന്ധുവായ 60-കാരനുമാണ് കൊല്ലപ്പെട്ടത്. 44 പവന്‍ സ്വര്‍ണാഭരണവും 15 ഗ്രാം വെള്ളി നാണയങ്ങളും കവര്‍ന്ന് പ്രതി മുങ്ങി.
വയോധികയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുമുണ്ടായിരുന്നു. ഇവരെ ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി. വയോധികന്റെ തലയുടെ പിറകിലായി ഒമ്പത് മുറിവുകളും തലയോടിന് പൊട്ടലുമുണ്ടായി.
തലയിലും മുഖത്തുമേറ്റ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് നിഗമനം.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആദ്യം കളമശ്ശേരി പോലീസാണ് അന്വേഷിച്ചത്. നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രതിഷേധിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
2003 മുതല്‍ 2006 വരെയായി എട്ടുപേരെ കൊലപ്പെടുത്തിയതായി ജയാനന്ദനെതിരേ ആറു കേസുകളാണുള്ളത്. സമാനമായ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കവേ പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള കൊതപാതകങ്ങള്‍ നടത്തിയ കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനെയും ക്രൈംബ്രാഞ്ച് അന്ന് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
സന്തോഷമടക്കാനായില്ല; രഹസ്യം തുറന്നുപറഞ്ഞു
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മൂന്നുപേര്‍ മാത്രമുള്ള അതിസുരക്ഷാ സെല്ലില്‍ കഴിഞ്ഞു വരികയായിരുന്നു ജയാനന്ദന്‍. പുത്തന്‍വേലിക്കര ബേബി വധക്കേസില്‍ വധശിക്ഷയില്‍ സുപ്രീം കോടതിയില്‍നിന്ന് ഇളവു ലഭിച്ചതിന്റെ സന്തോഷത്തില്‍ ജയാനന്ദന്‍ സഹ തടവുകാരനോട് മനസ്സുതുറന്നു. താന്‍ നടത്തിയ പോണേക്കര ഇരട്ടക്കൊലപാതകത്തെ കുറിച്ച് ജയാനന്ദന്‍ പറയുകയായിരുന്നു. ഈ വിവരം ശേഖരിച്ച ക്രൈംബ്രാഞ്ച് പിന്നാലെ തെളിവു ശേഖരണം തുടങ്ങി.
സംഭവ ദിവസം രാത്രി 1.30-ന് പ്രതിയെ കാണാനിടയായ രണ്ട് അയല്‍വാസികളുടെ മൊഴി ലഭിച്ചതായി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ജയാനന്ദനെ ഇവര്‍ തിരിച്ചറിഞ്ഞതും നിര്‍ണായകമായി.
24-നാണ് ജയാനന്ദനെ ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ പോലീസ് സ്വീകരിച്ചേക്കും. കസ്റ്റഡിയില്‍ വാങ്ങിയ ജയാനന്ദനുമായി തെളിവെടുപ്പടക്കമുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സംഘം പൂര്‍ത്തിയാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..