പി.എം.ഹരിദാസ്, സുകുമാരക്കുറുപ്പ് | ഫയൽചിത്രം| മാതൃഭൂമി
ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ചത് പി.എം. ഹരിദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു. 1984 ജനുവരി 24-ന് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊലപ്പെടുത്തുമ്പോള്‍ എല്ലാം താന്‍ വിചാരിച്ചപോലെ നടക്കുമെന്നായിരുന്നു സുകുമാരക്കുറുപ്പ് കരുതിയിരുന്നത്. എന്നാല്‍ കാറില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത് മുതല്‍ അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി.യായ പി.എം. ഹരിദാസിന് പലവിധ സംശയങ്ങളുമുണ്ടായി. ഒടുവില്‍ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പല്ലെന്നും ചാക്കോയാണെന്നും അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. മലയാളികള്‍ എന്നും ഓര്‍ക്കുന്ന ആ ദാരുണകൊലപാതകത്തിന്റെ ചുരുളഴിച്ച പി.എം.ഹരിദാസ് കഴിഞ്ഞദിവസം വിടപറഞ്ഞു. പക്ഷേ, മൂന്നുപതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ചാക്കോ കൊലക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പ് കാണാമറയത്തുതന്നെയാണ്.
1984 ജനുവരി 22-ന് പുലര്‍ച്ചെയാണ് കൊല്ലകടവ് പാലത്തിനടുത്ത് കുന്നത്ത് വയലില്‍ കാറിന് തീപിടിച്ചത് സമീപവാസികള്‍ കാണുന്നത്. തീ അണച്ചതിന് പിന്നാലെ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തി. രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇടംപിടിച്ച ഒരു അന്വേഷണത്തിന്റെ തുടക്കമായിരുന്നു അത്. സംഭവസ്ഥലത്ത് ആദ്യമെത്തിയ ഡിവൈ.എസ്.പി. പി.എം.ഹരിദാസായിരുന്നു ഏവരും ഞെട്ടിയ ആ കൊലക്കേസിന്റെ ചുരുളഴിച്ചത്.
കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. കാറിന്റെ ഉടമയും ചെറിയനാട് സ്വദേശിയുമായ സുകുമാരക്കുറുപ്പാണ് കാറിന് തീപിടിച്ച് മരിച്ചതെന്നായിരുന്നു നാട്ടില്‍ പരന്നവാര്‍ത്ത. പോലീസിന്റെ ആദ്യഘട്ടനിഗമനവും ഇതുതന്നെയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. പി.എം. ഹരിദാസിന് ചില സംശയങ്ങളുണ്ടായി. സംഭവസ്ഥലത്തുനിന്ന് ഒരു തീപ്പെട്ടിക്കൂടും ഗ്ലൗസും അദ്ദേഹത്തിന്റെ കണ്ണിലുടക്കി. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹപരിശോധനയ്ക്കായി ഫൊറന്‍സിക് സര്ജന് നല്കിയ അപേക്ഷയില്‍ തന്റെ സംശയങ്ങള്‍ മുന്‍നിര്‍ത്തി സുകുമാരക്കുറുപ്പെന്ന് പറയപ്പെടുന്ന ആള് എന്ന് മാത്രമാണ് ഹരിദാസ് എഴുതിയത്. ഇതേ സംശയങ്ങള്‍ മുഖവിലയ്ക്കെടുത്താണ് ഫൊറന്‍സിക് സര്‍ജനായ ബി. ഉമാദത്തന് മൃതദേഹപരിശോധന നടത്തിയതും.
മരിച്ചയാളുടെ ശ്വാസകോശത്തില്‍ കരിയുടെയോ പുകയുടെയോ ഒരു അംശം പോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു മൃതദേഹപരിശോധനയിലെ കണ്ടെത്തല്‍. ഇതോടെ സംശയം തോന്നിയ ഫൊറന്‍സിക് സര്ജന് ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ ഹരിദാസുമായി പങ്കുവെച്ചു. തുടക്കംമുതലേ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പിച്ചിരുന്ന ഹരിദാസ് വിശദമായ അന്വേഷണം ആരംഭിച്ചു. സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തി നടത്തിയ ചില പരിശോധനകളും അവിടെ കണ്ട കാഴ്ചകളും ഹരിദാസിന്റെ സംശയങ്ങള്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു.
Also Read
കുറുപ്പിന്റെ വീട്ടിലെത്തിയ പോലീസ് സംഘം വീടിന്റെ പരിസരവും മൃതദേഹം മറവുചെയ്ത ഭാഗവുമാണ് ആദ്യം പരിശോധിച്ചത്. ഈ സമയം വീടിന്റെ അടുക്കളയില്‍നിന്നുയര്‍ന്ന കോഴിക്കറിയുടെ മണം ഹരിദാസിനെ ചില സംശയങ്ങളിലേക്ക് നയിച്ചു. മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ കോഴിയിറച്ചി പാകം ചെയ്ത വീട്ടുകാരുടെ പ്രവൃത്തിയെക്കുറിച്ചാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്. മാത്രമല്ല, കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതിനിടെയാണ് കുറുപ്പിന്റെ ബന്ധുവായ ഭാസ്കരപ്പിള്ള, തന്റെ ഫുള്‍കൈ ഷര്‍ട്ട് കൊണ്ട് മറച്ചുവെച്ച കൈയിലെ പൊള്ളലുകള്‍ ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയങ്ങള്‍ ബലപ്പെട്ടതോടെ ഹരിദാസും സംഘവും ഭാസ്കരപ്പിള്ളയെ ചോദ്യംചെയ്തു. പലവിധ കള്ളങ്ങള്‍ പറഞ്ഞ, ഭാസ്കരപ്പിള്ള ഒടുവില്‍ കുറുപ്പിനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. എന്നാല്‍ ഹരിദാസും സംഘവും അവിടംകൊണ്ട് അന്വേഷണം നിര്‍ത്തിയില്ല. കൊല്ലപ്പെട്ടത് ചാക്കോയാണെന്ന് കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും ഏറെദൂരം സഞ്ചരിച്ചു. ഒടുവില്‍ രാജ്യത്തെ ഞെട്ടിച്ച ആ വിവരങ്ങള്‍ ഒന്നൊന്നായി അവര്‍ കണ്ടെത്തി. കൊല്ലപ്പെട്ടത് കുറുപ്പ് അല്ലെന്നും ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. വിദേശത്ത് തന്റെ പേരിലുള്ള കോടികളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി താന്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കലായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ഇതിനായി തന്റെ രൂപസാദൃശ്യമുള്ള ഒരു മൃതദേഹം കണ്ടെത്താനായിരുന്നു കുറുപ്പും ഭാസ്കരപ്പിള്ള അടക്കമുള്ള കേസിലെ മറ്റുപ്രതികളും ആദ്യംശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് റോഡരികില്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കാറില്‍ മൃതദേഹം കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടെ കുറുപ്പിന്റെ അകന്നബന്ധുവെന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോണ്‍കോള്‍ ഹരിദാസിനെ തേടിയെത്തിയിരുന്നു. മരിച്ചത് കുറപ്പല്ലെന്നും മറ്റൊരാളാണെന്നുമാണ് ഹരിദാസ് അയാളോട് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷത്തില്‍ ഹരിദാസിന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു ഈ ഫോണ്‍കോളില്‍ പറഞ്ഞകാര്യവും.
ഭാസ്കരപ്പിള്ള, ഡ്രൈവര്‍ പൊന്നപ്പന്, കുറുപ്പിന്റെ സുഹൃത്ത് ഷാഹു എന്നിവരായിരുന്നു ചാക്കോ കൊലക്കേസിലെ പ്രതികള്‍. ഷാഹു പിന്നീട് കേസിലെ മാപ്പുസാക്ഷിയായി. ഭാസ്കരപ്പിള്ളയെയും പൊന്നപ്പനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതേസമയം, മുഖ്യസൂത്രധാരനായ സുകുമാരക്കുറുപ്പ് ഇതുവരെയും പോലീസിന് പിടിനല്‍കിയിട്ടില്ല. കുറുപ്പ് വിദേശത്ത് കടന്നിരിക്കാമെന്നും അതല്ല, ഇന്ത്യയില്‍ തന്നെ വേഷംമാറി ജീവിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായി. ഓരോ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പോലീസ് സംഘം അവിടെയെല്ലാം പോയി അന്വേഷണം നടത്തി. കുറുപ്പിന്റെ വീട് മിക്കസമയത്തും നിരീക്ഷണത്തിലാക്കി. പക്ഷേ, എന്തെല്ലാം ചെയ്തിട്ടും കുറുപ്പ് എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അതിനിടെ, കുറുപ്പ് മരിച്ചുപോയെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഒരിക്കല്‍ ഇതേ ചോദ്യം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരിദാസിനോട് ചോദിച്ചപ്പോള്‍ 'തെളിവുകളില്ലാതെ എങ്ങനെ വിശ്വാസത്തിലെടുക്കും' എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചിരുന്നത്. സുകുമാരക്കുറുപ്പിന്റെ കഥ 2021-ല്‍ സിനിമയായപ്പോള്‍ ഡിവൈ.എസ്.പി. കൃഷ്ണദാസ് എന്ന പേരില്‍ ഇന്ദ്രജിത്താണ് ഹരിദാസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചെങ്ങന്നൂരിന് പുറമേ കൊല്ലം, കോട്ടയം, വടകര, തിരൂര്‍ എന്നിവിടങ്ങളിലും ഹരിദാസ് ഡിവൈ.എസ്.പി.യായി ജോലിചെയ്തിരുന്നു. തിരുവനന്തപുരം സി.ബി.സി.ഐ.ഡി.യില്നിന്ന് എസ്.പി.യായാണ് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചത്.
Content Highlights: retd sp pm haridas investigation in sukumarakurup chacko murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..