കൊല്ലപ്പെട്ട ദമ്പതിമാർ | Photo: twitter.com|OneindiaKannada
ബെംഗളൂരു: റിട്ട. വ്യോമസേന പൈലറ്റിനെയും ഭാര്യയെയും വില്ലയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി രഘുരാജന്‍ (70) ഭാര്യ ആശ (63) എന്നിവരെയാണ് ബിദദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെ വില്ലയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടുജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
രഘുരാജന്‍-ആശ ദമ്പതിമാരുടെ രണ്ട് ആണ്മക്കളും ഡല്‍ഹിയിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞദിവസം ഇവര്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വില്ലകളിലെ സുരക്ഷാജീവനക്കാരെ വിളിക്കുകയും മാതാപിതാക്കളുടെ വില്ലയില്‍ പോയി അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷാജീവനക്കാര്‍ രഘുരാജന്റെ വില്ലയിലെത്തിയെങ്കിലും ജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിനെയാണ് കണ്ടത്. രഘുരാജനും ആശയും അതിരാവിലെ ബെംഗളൂരു നഗരത്തില്‍ പോയതാണെന്നായിരുന്നു ഇയാള്‍ സുരക്ഷാജീവനക്കാരോട് പറഞ്ഞത്. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വില്ലയില്‍നിന്ന് മടങ്ങുകയും മക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നും വില്ലയ്ക്കുള്ളില്‍ കയറി പരിശോധിക്കണമെന്നും മക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സുരക്ഷാജീവനക്കാര്‍ വീണ്ടും വില്ലയിലെത്തി പരിശോധന നടത്തിയപ്പോളാണ് രണ്ടുപേരെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടതെന്നാണ് സുരക്ഷാജീവനക്കാരുടെ മൊഴി. ഈ സമയം ജോഗീന്ദര്‍ സിങ് വില്ലയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തുകയും ചെയ്തു.
ഉറങ്ങുന്നതിനിടെ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. അതേസമയം, ദമ്പതിമാരുടെ വില്ലയില്‍ ജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിന് പുറമേ മറ്റൊരാളെയും കണ്ടിരുന്നതായി സുരക്ഷാജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
നായകളെ പരിചരിക്കാനായാണ് ജോഗീന്ദര്‍ സിങ്ങിനെ ദമ്പതിമാര്‍ വില്ലയില്‍ നിര്‍ത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ ഇയാളാണെന്നാണ് സംശയിക്കുന്നതെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാമനഗര എസ്.പി. സന്തോഷ് ബാബു അറിയിച്ചു.
Content Highlights: retd air force pilot and his wife killed in their villa in bidadi karnataka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..