പ്രതീകാത്മക ചിത്രം
കോഴിക്കോട് :റേഷന്‍ കടകളില്‍നിന്നു കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാന്‍ വലിയങ്ങാടിയില്‍ പ്രത്യേക ഗോഡൗണ്‍ തന്നെ സെറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ റേഷന്‍ കടത്ത് നടത്തിയതെന്ന് പോലീസ്. പല തവണയായി സ്‌കൂട്ടറിലും ഓട്ടോറിക്ഷയിലും റേഷന്‍ കടകളില്‍നിന്ന് സാധനങ്ങള്‍ ഇവിടെയത്തിക്കും. ഒരു ലോഡിനുള്ള സാധനങ്ങള്‍ ആവുമ്പോള്‍ പുറംജില്ലകളിലെ മില്ലുകളിലേക്ക് അയക്കും. അരിപ്പൊടി നിര്‍മാണത്തിനും ഗോതമ്പ് പൊടി നിര്‍മാണത്തിനുമായാണ് ഇവ പ്രധാനമായും കടത്തുന്നതെന്നാണ് പോലീസ് പറയുന്നത്.
110 ചാക്ക് അരിയും 73 ചാക്ക് ഗോതമ്പുമാണ് വലിയങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. വലിയങ്ങാടിയിലെ സീന ട്രേഡേഴ്‌സ് നടത്തിപ്പുകാരായ കുതിരവട്ടം നിര്‍മല്‍ ഹൗസില്‍ സി.നിര്‍മല്‍, കടയിലെ സഹായി പുത്തൂര്‍മഠം സ്വദേശി ഹുസൈന്‍, ലോറി ഡ്രൈവര്‍ അപ്പുക്കുട്ടന്‍ എന്നിവരെയായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
അരി വളാഞ്ചേരിയിലേക്ക് കൊണ്ട് പോവാനിരിക്കുന്നതിനിടെ ടൗണ്‍ സി.ഐ സി.അനിതാകുമാരിയും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നില്‍ ജില്ലയിലെ വന്‍സംഘങ്ങള്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതോടെ കൂടുതല്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. തീരദേശത്തെ റേഷന്‍ കടകളില്‍നിന്നാണ് പ്രധാനമായും അരി ശേഖരിച്ചത്. വാങ്ങാന്‍ ആളില്ലാത്ത അരിയും ഗോതമ്പുമാണ് രേഖയില്‍ കൃത്രിമം കാണിച്ച് റേഷന്‍ കടയുടമകള്‍ മറിച്ച് വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ അരി മറ്റ് ജില്ലകളിലേക്ക് കടത്തുകയും ചെയ്യും.
നിലവില്‍ മഞ്ഞ കാര്‍ഡിന് മാസം 30 കിലോ അരി സൗജന്യമാണ്. മറ്റ് കാര്‍ഡുകള്‍ക്ക് ആളൊന്നിന് നാല് കിലോയും ലഭിക്കും. ഇത് പല കാര്‍ഡുകാരും എല്ലാ മാസവും വാങ്ങില്ല. അത്തരക്കാരുടെ കാര്‍ഡ് അവര്‍ മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തുമ്പോള്‍ എല്ലാ സാധനങ്ങളും വാങ്ങിയതായി രേഖപ്പെടുത്തി അത് മറിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. ചെറിയ ചാക്കുകളിലാക്കി ഗോഡൗണുകളിലെത്തിച്ച് കടത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത അരിയും സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് ഇന്ന് മാറ്റാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
Content Highlights: Ration Cheating Kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..