മഹാക്ഷയ് ചക്രവർത്തി | Photo: facebook.com|MahaakshayMimohChakraborty
മുംബൈ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ മിഥുൻ ചക്രവർത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരേ പോലീസ് കേസെടുത്തു. മൂന്ന് വർഷത്തിലേറെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ആരോപിച്ച് 38-കാരി നൽകിയ പരാതിയിലാണ് മുംബൈ ഒഷിവാര പോലീസ് കേസെടുത്തത്. മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
2015 മെയ് മാസത്തിലാണ് മഹാക്ഷയ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയ ശേഷമായിരുന്നു പീഡനം. പിന്നീട് വിവാഹവാഗ്ദാനം നൽകി മൂന്ന് വർഷത്തിലേറെ പീഡനം തുടർന്നു. ഇതിനിടെ ഗർഭിണിയായെങ്കിലും മഹാക്ഷയ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. 2018-ൽ മഹാക്ഷയ് വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറി. തുടർന്ന് മഹാക്ഷയുടെ മാതാവ് യോഗിത ബാലിയും യുവതിയെ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ നടിയും മോഡലുമായ മദാലസ ശർമ്മയെ മഹാക്ഷയ് വിവാഹം കഴിച്ചെന്നും പരാതിയിൽ പറയുന്നു.
മഹാക്ഷയിയുടെ വിവാഹശേഷം യുവതി ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നു. 2018 ജൂണിൽ ഡൽഹി ബേഗംപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും പ്രതികളായ മഹാക്ഷയിയും മാതാവും മുൻകൂർ ജാമ്യം നേടി. തുടർന്ന് 2020 മാർച്ചിൽ യുവതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതി പരിഗണിച്ച ഡൽഹി ഹൈക്കോടതിയാണ് മുംബൈ പോലീസിൽ പരാതി നൽകാൻ നിർദേശിച്ചത്. ഇതനുസരിച്ചാണ് കഴിഞ്ഞദിവസം യുവതി മുംബൈ ഒഷിവാര പോലീസിൽ പരാതി നൽകിയത്.
ബലാത്സംഗക്കുറ്റമടക്കം ചുമത്തിയാണ് പോലീസ് മഹാക്ഷയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും പോലീസ് അറിയിച്ചു.
Content Highlights:rape case booked against mithun chakrabortys son mahaakshay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..