ഒളിവിൽ കഴിയുന്ന അഡ്വ. കെ.എസ്.എൻ.രാജേഷ് ഭട്ട്
മംഗളൂരു: ഇന്റേണ്‍ഷിപ്പിനെത്തിയ നിയമ വിദ്യാര്‍ഥിനിയെ ലോകായുക്ത സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇയാളുടെ ഭാര്യയും ബന്ധുവും അറസ്റ്റില്‍.
പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ കഴിയുന്ന അഡ്വ. കെ.എസ്.എന്‍.രാജേഷ് ഭട്ടിനെ രക്ഷപ്പെടാന്‍ സഹായിച്ച കേസിലാണ് ഭാര്യ ശശികല രാജേഷ്, കെ.അശോക് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജാമ്യത്തില്‍വിട്ടു.
ഒക്ടോബര്‍ 18-ന് മംഗളൂരു വനിതാ പോലീസില്‍ വിദ്യാര്‍ഥിനി പീഡന പരാതി നല്‍കിയതുമുതല്‍ രാജേഷ് ഭട്ട് ഒളിവിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഒളിവില്‍ പോയ രാജേഷിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ബാര്‍ കൗണ്‍സിലില്‍നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.
അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നു കാണിച്ച് വനിതാ എസ്.ഐ. ഉള്‍പ്പെടെ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. രാജേഷ് ഭട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് അച്യുത് ഭട്ടിനെ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇന്റേണ്‍ഷിപ്പിനെത്തിയ ബിരുദവിദ്യാര്‍ഥിനിയെ രാജേഷ് ഭട്ട് ഓഫീസ് കാബിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വൈകുന്നേരം ഓഫീസ് ജീവനക്കാര്‍ പോയശേഷവും ഇയാള്‍ വിദ്യാര്‍ഥിനിയോട് ഓഫീസില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് ഒക്ടോബര്‍ 20-ന് മംഗളൂരു വനിതാ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. ഇതോടെ ഇയാള്‍ ഒളിവില്‍പ്പോയി. ഐ.പി.എസ്. ഓഫീസര്‍ രഞ്ജിത്ത് ബണ്ഡാരുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണിപ്പോള്‍ കേസന്വേഷിക്കുന്നത്. രാജേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..