പ്രതീകാത്മക ചിത്രം | Photo: Mahesh Kumar A./ AP
പാലക്കാട്: ഭിക്ഷാടകസംഘത്തിന്റെ കൈകളിലെത്തുംവരെ ആ നാലുവയസ്സുകാരിക്കും ഒരു മേല്‍വിലാസമുണ്ടായിരുന്നു. അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവണം. എന്നാല്‍, കുഞ്ഞ് ജീവിച്ചിരിപ്പില്ലെന്ന് അവരറിഞ്ഞോ... അറിഞ്ഞില്ലെങ്കില്‍ അറിയിക്കാനൊരു മേല്‍വിലാസം കണ്ടെത്താന്‍ മൂന്നുവര്‍ഷമായി തുടരുന്ന പോലീസ് അന്വേഷണങ്ങള്‍ക്കും സാധിച്ചിട്ടില്ല. പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം 2019 ജനുവരി 15-ന് പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനുസമീപം സഞ്ചിയിലാക്കി തള്ളിയനിലയില്‍ കാണപ്പെട്ട ആ നാലുവയസ്സുകാരി ആരാണെന്നത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണ്.
ഞെട്ടിച്ച കൊലപാതകം
റെയില്വേസ്റ്റേഷന് സമീപം താണാവ് മേല്‍പ്പാലത്തിന് താഴെ ആക്രിസാധനങ്ങള്‍ ശേഖരിക്കാനെത്തിയവരാണ് ചാക്കിലാക്കി തള്ളിയനിലയില്‍ നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചപ്പുചവറുകള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം അഴുകി ദുര്ഗന്ധംവമിക്കുന്നുണ്ടായിരുന്നു. അന്വേഷണത്തില്‍ 2019 ഫെബ്രുവരിയില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുപേര്‍ തിരുപ്പൂരില്‍നിന്നും ആലുവയില്‍നിന്നുമായി പോലീസിന്റെ പിടിയിലായി. തിരുവള്ളുവര്‍ പടിയനല്ലൂര്‍ സുരേഷ്, തഞ്ചാവൂര്‍ പട്ടുകോട്ടൈ മല്ലിപ്പട്ടണം ഫെമിന പിച്ചൈക്കനി, പടയപ്പ (സത്യ), സുലൈഹ, ഫാത്തിമ എന്നിവരാണ് പിടിയിലായത്.
ഉറങ്ങിക്കിടക്കയായിരുന്ന കുട്ടിയെ സുരേഷും പടയപ്പയുംകൂടി എടുത്തുകൊണ്ടുപോയി എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള റെയില്വേട്രാക്കില്വെച്ച് പീഡിപ്പിച്ചതായും നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചപ്പോള് ശ്വാസംമുട്ടി മരിച്ചതായുമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മരണം ഉറപ്പാക്കാന്‍ കുട്ടിയുടെ പാന്റ് കൊണ്ട് കഴുത്തില്‍ മുറുക്കിയതായും പോസ്റ്റുമോര്‍ട്ടം രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം മറ്റുപ്രതികളുമായി കൂട്ടുചേര്‍ന്ന് ബാഗിലാക്കി അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍പ്പാളത്തില്‍ ഉപേക്ഷിച്ചു. കൃത്യത്തിനുശേഷം സംഘം രണ്ടുവഴിക്കായി പിരിഞ്ഞ് സ്ഥലംവിടുകയും ചെയ്തു.
ആരായിരുന്നു ആ പൂമ്പാറ്റക്കുരുന്ന്
കുസൃതികാട്ടി പാദസരംകിലുക്കി ഏതോ ഒരു വീട്ടുമുറ്റത്ത് ഓടിനടന്നുകളിക്കേണ്ട കുഞ്ഞായിരുന്നു അന്ന് പീഡനത്തിനിരയായി റെയില്‍പ്പാളത്തില്‍ ജീവനറ്റുകിടന്നത്. 2019 ജനുവരി ആദ്യവാരം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈയില്നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതെന്നാണ് അന്ന് ഭിക്ഷാടകസംഘം പോലീസിന് മൊഴിനല്‍കിയത്. ശേഷം താണാവ് മേല്‍പ്പാലത്തിനടിയില്‍ താമസമാക്കി, ഒരാഴ്ചയോളം കുട്ടിയുമായി ഒലവക്കോട് റെയില്വേസ്റ്റേഷന് പരിസരത്ത് ഭിക്ഷാടനംനടത്തി. ഒടുവില്‍ ക്രൂരമായ കൊലപാതകം. കുളിത്തലൈയില്‍ പോലീസ് സംഘം പോയെങ്കിലും അവിടെ കുഞ്ഞിന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല.
അന്വേഷണം പലവഴികളില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ അന്വേഷണസംഘം കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കാണാതായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേരളത്തിലെ നൂറ്റിയന്പതിലധികം അങ്കണവാടി ജീവനക്കാരെ ക്കണ്ട് വിവരം ശേഖരിച്ചു. റെയില്‍വേ ജീവനക്കാര്‍, പ്ലാറ്റ്ഫോം തൊഴിലാളികള്‍, കച്ചവടക്കാര്‍ മുതലായവരെയും ചോദ്യംചെയ്തു. കുട്ടിയുടെ കഴുത്തിലണിഞ്ഞ കറുത്ത ഏലസ് കേന്ദ്രീകരിച്ച് വിവിധയിടങ്ങളിലെ ആരാധനാലയങ്ങളിലും പരിശോധന നടത്തി. തുടര്‍ന്നാണ് ഭിക്ഷാടകസംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
കണ്ടെത്താന്‍ ബുദ്ധിമുട്ട്
ഭിക്ഷാടകര്‍ അറസ്റ്റിലായശേഷം പോലീസ് തമിഴ്നാട്ടിലടക്കം വീണ്ടും പരിശോധന നടത്തിയെങ്കിലും കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല. ദക്ഷിണേന്ത്യയിലും സഞ്ചരിക്കുന്ന സംഘമായതിനാല്‍ തമിഴ്നാട്ടില്‍നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയുടെ കാലില്ക്കെട്ടിയ ചരടൊഴികെ തിരിച്ചറിയാനുള്ള യാതൊരു അടയാളവും മൃതദേഹത്തില്‍നിന്ന് ലഭിച്ചില്ല. അഴുകിയതിനാല്‍ ചിത്രമുപയോഗിച്ച് കുഞ്ഞിന്റെ ബന്ധുക്കളെ തിരിച്ചറിയാനുള്ള സാധ്യതയും അടഞ്ഞു.
ഇപ്പോഴും തേടുന്നു
പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിനാണ് ഇപ്പോഴും അന്വേഷണച്ചുമതല. 2019-ല്‍ കൈവിട്ടുപോയ നാലുവയസ്സുകാരിയെ കാത്തിരിക്കുന്ന മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താനാണ് ഇപ്പോഴും പോലീസിന്റെ ശ്രമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..