Image for Representation | Mathrubhumi
ബെംഗളൂരു: ആളുകളുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ 11 പേര് ബെംഗളൂരുവില്‍ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളി ജില്ലയിലെ റാംജി നഗര്‍ സ്വദേശികളാണ് പിടിയിലായത്. ഒന്നിച്ചെത്തി മോഷണം നടത്തുന്ന സംഘം തമിഴ്നാട്ടില്‍ കുപ്രസിദ്ധമാണ്. റാംജി നഗര്‍ സംഘമെന്നാണ് ഈ ഗ്രാമത്തില്‍നിന്നുള്ള മോഷ്ടാക്കള്‍ അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.
11 അംഗ സംഘം അറസ്റ്റിലായതോടെ വൈറ്റ് ഫീല്‍ഡ്, മഹാദേവപുര, മാറത്തഹള്ളി, അശോക് നഗര്‍, ദേവനഹള്ളി, സര്‍ജാപുര, തുമകൂരു, ഉഡുപ്പി, ചിക്കമഗളൂരു എന്നീ പോലീസ് സ്റ്റേഷന് പരിധിയിലെ 42 കേസുകള്‍ തെളിയിക്കപ്പെട്ടതായി ബെംഗളൂരു പോലീസ് അറിയിച്ചു.
സംഘത്തില്‍നിന്ന് ഏഴ് ലാപ്ടോപ്പുകള്, ഒരു ഐ ഫോണ്‍, ഒരു ക്യാമറ, 50,000 രൂപ എന്നിവ കണ്ടെടുത്തു. മാറത്തള്ളിയില് നടന്ന ലാപ്ടോപ്പ് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് പറഞ്ഞു.
ഒന്നിച്ച് മോഷ്ടിക്കാനിറങ്ങുന്ന സംഘം ആളുകളുടെ ശ്രദ്ധതിരിച്ചാണ് മോഷണം നടത്തുന്നത്. തിരക്കേറിയ പ്രദേശങ്ങളില്‍നിന്ന് പരസ്പരം വാക്കുതര്ക്കങ്ങളിലേര്പ്പെട്ടും ബഹളമുണ്ടാക്കിയുമാണ് ഇവര്‍ ആളുകളുടെ ശ്രദ്ധതിരിക്കുന്നത്. ഇതിനിടെ സംഘാംഗങ്ങള്‍ മോഷണം നടത്തുകയാണ് പതിവ്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.
നാലുകോടി വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യവുമായി മൂന്നുപേര്‍ പിടിയില്‍
ബെംഗളൂരു: നാലുകോടി രൂപ വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യവുമായി ബെംഗളൂരുവില്‍ മൂന്നുപേര്‍ പിടിയില്‍.
തമിഴ്നാട് സ്വദേശികളായ പനീര്‍ശെല്‍വം (30), ആനന്ദശേഖര (45), കെ. മഞ്ജു (40) എന്നിവരെയാണ് മൈക്കോ ലേഔട്ട് പോലീസ് പിടികൂടിയത്. 4.1 കിലോ തിമിംഗില വിസര്‍ജ്യം ഇവരില്‍നിന്ന് പിടിച്ചെടുത്തു.
തമിഴ്നാട് സ്വദേശിയാണ് ഇവരെ തിമിംഗില വിസര്‍ജ്യം വില്ക്കാനേല്പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. തിമിംഗില വിസര്‍ജ്യവുമായി മൂന്നുപേര്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും പിടിയിലായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..