Screengrab: Youtube.com|Top Battoo
ജയ്പുര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയായ യുവതിയെ യുവാവ് വെട്ടിക്കൊന്നു. രാജസ്ഥാനിലെ അഹോര്‍ സ്വദേശി ശാന്തിലാലിന്റെ ഭാര്യ ശാന്തിദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തന്‍വാല സ്വദേശിയായ ഗണേഷ് മീണ(21)യെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് കുട്ടികളുടെ അമ്മയായ ശാന്തിദേവിയെ ഗണേഷ് മീണ പതിവായി ശല്യംചെയ്തിരുന്നതായി പോലീസ് പറഞ്ഞു. യുവാവിന് ശാന്തിദേവിയോട് പ്രണയമായിരുന്നു. എന്നാല്‍ യുവതി ഇതിനെ ശക്തമായി എതിര്‍ത്തു. ശല്യം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിനോടും പരാതിപ്പെട്ടു. മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനുശേഷവും യുവതിയെ പിറകെനടന്ന് ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.
ഞായറാഴ്ച തൊഴിലുറപ്പ് ജോലിക്ക് പോയ ശാന്തിദേവിയെ യുവാവ് പിന്തുടര്‍ന്നു. തുടര്‍ന്ന് ജോലിക്കിടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. കോടാലിയുമായി യുവതിക്ക് നേരേ പാഞ്ഞടുത്ത പ്രതി തുടരെത്തുടരെ യുവതിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
യുവതിയുടെ മരണം ഉറപ്പാക്കുന്നത് വരെ കോടാലി കൊണ്ടുള്ള ആക്രമണം തുടര്‍ന്നു. മരിച്ചതോടെ യുവതിയുടെ മൃതദേഹം കെട്ടിപ്പിടിച്ച് പ്രതിയും നിലത്തുകിടക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയിട്ടും മൃതദേഹത്തില്‍ ആലിംഗനം ചെയ്ത് കിടന്നിരുന്ന പ്രതി എഴുന്നേറ്റില്ല. ഒടുവില്‍ ബലംപ്രയോഗിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു.
സംഭവത്തില്‍ ഗണേഷിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഭര്‍ത്താവ് നാട്ടിലെത്തിയ ശേഷമാകും യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ഇതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..