Photo: Instagram|rajkundra9
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കുന്ദ്രയെ ജെ.ജെ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി.
പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാജ് കുന്ദ്രയെ കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ, കുന്ദ്രയുടെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജിയും നല്‍കിയിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി തള്ളി. അതേസമയം, രാജ് കുന്ദ്രയും കൂട്ടുപ്രതിയായ റയാന്‍ തോര്‍പ്പും പോലീസ് നടപടിയെ ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലായ് 19-നാണ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ട് ഷോട്ട്‌സ് ആപ്പിലൂടെ നീലച്ചിത്രങ്ങള്‍ പ്രചരിപ്പിച്ച് രാജ്കുന്ദ്ര വന്‍തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പോലീസിന്‍രെ കണ്ടെത്തല്‍. നീലച്ചിത്ര നിര്‍മാണ റാക്കറ്റിന്റെ മുഖ്യസൂത്രധാരന്‍ കുന്ദ്രയാണെന്നും പോലീസ് പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന നിരവധി തെളിവുകള്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം. എന്നാല്‍ പോലീസിന്റെ കണ്ടെത്തലുകളെല്ലാം തെറ്റാണെന്നാണ് കുന്ദ്രയുടെ വാദം.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ പോലീസ് വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ശില്‍പ ഷെട്ടിയെ പോലീസ് സംഘം ചോദ്യംചെയ്തിരുന്നെങ്കിലും നീലച്ചിത്ര നിര്‍മാണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. ശില്‍പ ഷെട്ടിക്കെതിരായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
Content Highlights: raj kundra remanded in 14 days judicial custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..