-
കോട്ടയം: കോടികൾ മറിയുന്ന മണർകാട്ടെ ചൂതാട്ടകേന്ദ്രത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ചൂതാട്ടത്തിലേർപ്പെട്ടിരുന്ന ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള 43 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
മണർകാട് മാലം സ്വദേശിയുടെ മണർകാട് കവലയിലെ കെട്ടിടം, നാലുമണിക്കാറ്റിന് സമീപമുള്ള വീട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം മിന്നൽ പരിശോധന. ക്രിമിനൽ കേസുകളിലെ പ്രതിയും ബ്ലേഡ് നടത്തിപ്പുകാരനുമായിരുന്ന മാലം സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു ചീട്ടുകളി കേന്ദ്രം. പോലീസ് റെയ്‌ഡിനെത്തിയപ്പോൾ നടത്തിപ്പുകാരൻ രക്ഷപ്പെട്ടു. ഇയാൾക്കെതിരേ നേരത്തെ ഗുണ്ടാ, കാപ്പാ നിയമപ്രകാരം പോലീസ് നടപടിയെടുത്തിരുന്നതാണ്. കൊലക്കേസ് പ്രതികൾ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിന്റെ കാവലിലാണ് ഇവിടെ ചീട്ടുകളി നടന്നുവന്നത്.
കളിക്കാൻ മുന്തിയ വാഹനങ്ങളിലെത്തുന്നവരെ ശരീര പരിശോധനയ്ക്ക് ശേഷം നടത്തിപ്പുകാരൻ രഹസ്യകേന്ദ്രത്തിലെ കളിക്കളത്തിലെത്തിക്കുകയായിരുന്നു. പത്തോളം കളങ്ങളിലായാണ് കളികൾ നടന്നുവന്നത്. ഒരു കളത്തിൽനിന്ന് നടത്തിപ്പുകാരന് രണ്ട് ലക്ഷത്തിലേറെ രൂപവരെ ലഭിച്ചിരുന്നു. ബഹളമുണ്ടാക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇറക്കിവിടും. രൊക്കം പണം െവച്ചുള്ള കളിയിൽ കാശ് നഷ്ടപ്പെടുന്നവർക്ക് ബ്ലേഡ് പലിശയ്ക്ക് നടത്തിപ്പുകാരൻ പണം നൽകും. പുലർച്ചെവരെ കളിനടക്കുന്ന ചീട്ടുകളത്തിൽ ചായയും ഊണും മദ്യവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. 25 ലിറ്റർ പാലും പെട്ടിക്കണക്കിന് സോഡയും കുപ്പിവെള്ളവും ദിവസേന കേന്ദ്രത്തിലെത്തിച്ചിരുന്നതായും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം കളിക്കളത്തിലെത്തിയയാൾക്ക് 70 ലക്ഷം രൂപയും 30 ലക്ഷം രൂപയുടെ കാറും നഷ്ടപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ വീട്ടുകാർ മുഖ്യന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഇതോടെ ഉടനടി നടപടിയെടുക്കാൻ ഡി.ജി.പി. ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.
നേരത്തെതന്നെ ചീട്ടുകളി കേന്ദ്രത്തിനെതിരേ നിരവധി പരാതികളുയർന്നിരുന്നെങ്കിലും സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നടപടിയെടുക്കുന്നതിൽനിന്ന് ജില്ലാ പോലീസിനെ തടയുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. തുടർന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയെത്തിയതോടെയാണ് റെയ്‌ഡ് നടത്തിയത്.
ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നിർദേശത്തെതുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ, ഇൻസ്പെക്ടർമാരായ യു.ശ്രീജിത്ത്, രതീഷ് കുമാർ, എസ്.ഐ. മാരായ വി.എസ് അനിൽകുമാർ, വർഗീസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights:raid in gambling center at manarcaud kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..