പരപ്പന അഗ്രഹാര ജയിലിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽജയിലിൽ ശനിയാഴ്ച പുലർച്ചെ പോലീസ് നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു.
വാളുകൾ, കത്തികൾ, കത്രികകൾ തുടങ്ങി 40-ഓളം ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കഞ്ചാവും ഇത് ഉപയോഗിക്കുന്നതിനുള്ള പൈപ്പുകളും, സിഗരറ്റ്, പെൻഡ്രൈവ് എന്നിവയും പിടിച്ചെടുത്തു. സിറ്റി പോലീസ് ജോയന്റ് കമ്മഷണർ സന്ദീപ് പാട്ടീലിന്റെ നിർദേശപ്രകാരം സെൻട്രൽ ക്രൈംബ്രാഞ്ചാണ് പുലർച്ചെ അഞ്ചുമണിയോടെ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.
കുപ്രസിദ്ധ കുറ്റവാളികളിൽനിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. സ്വയം രക്ഷയ്ക്കായാണ് ആയുധങ്ങൾ കൈവശംവെച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും വിദഗ്ധ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കും.
ആയുധങ്ങളും കഞ്ചാവും കൈവശംെവച്ചവരുടെ പേരിൽ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ആയുധങ്ങൾ കൈവശംവെക്കാൻ ജയിൽ ഉദ്യോഗസ്ഥർ സഹായിച്ചോയെന്ന് പരിശോധിക്കും.
കർണാടകത്തിലെ ഏറ്റവുംവലിയ ജയിലാണ് പരപ്പന അഗ്രഹാര സെൻട്രൽജയിൽ. 2200 തടവുകാരെ പാർപ്പിക്കാൻ ശേഷിയുണ്ട്. നിലവിൽ 2700-ഓളം തടവുകാരുണ്ട്. കോവിഡ് കാലത്തിനുമുമ്പ് 4500 പേരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്.
സ്ഥിരം കുറ്റവാളികളുടെ വീടുകളിലും പരിശോധന
പരപ്പന അഗ്രഹാര സെൻട്രൽജയിലിൽ നടത്തിയ പരിശോധനയ്ക്കൊപ്പം ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരം കുറ്റവാളികളായ 2000-ത്തോളം പേരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തി. ആയുധങ്ങളുൾപ്പെടെയുള്ളവ പിടിച്ചെടുത്തു.
ബെംഗളൂരു നോർത്ത്, വെസ്റ്റ്, സൗത്ത്-ഈസ്റ്റ്, സെൻട്രൽ, വൈറ്റ് ഫീൽഡ്, ഈസ്റ്റ് മേഖലകളിൽ ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1500-ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..