റാഗിങ് കേസിൽ അറസ്റ്റിലായ വിദ്യാർഥികൾ
മംഗളൂരു: മംഗളൂരുവിലെ കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ ക്രൂരമായ റാഗ് ചെയ്ത ഒന്‍പത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ശ്രീനിവാസ് കോളേജ് വളച്ചില് കാമ്പസിലെ ഒന്നാംവര്‍ഷ ബി.ഫാം. വിദ്യാര്‍ഥി കാസര്‍കോട് സ്വദേശി അഭിരാജ് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇതേ കോഴ്സിന് പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികളായ ജിഷ്ണു (20), പി.വി.ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി.രാഹുല്‍ (21), ജിഷ്ണു (20), മുഖ്താര്‍ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഴുവന്‍ വിദ്യാര്‍ഥികളും കേരളത്തില്‍നിന്നുള്ളവരാണ്.
രക്ഷിതാക്കളുടെ പരാതിയില്‍ കോളേജ് മാനേജ്മെന്റ് നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട് അഭിരാജിനെയും സഹപാഠിയെയും സീനിയര്‍ വിദ്യാര്‍ഥികള്‍ ജനുവരി 10-ന് കോളേജില്‍വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഇതേ തരത്തില്‍ ഭീഷണിപ്പെടുത്തുകയും രണ്ടുപേരോടും സീനിയര്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയര്‍ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തി. അതോടെ ഇവരെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേ സമയം സീനിയര്‍ വിദ്യാര്‍ഥികള്‍ വിളിച്ചുവരുത്തിയ മറ്റ് നാല് ജൂനിയര്‍ വിദ്യാര്‍ഥികളും അവിടെയുണ്ടായിരുന്നു. ഇവരും ക്രൂരമായ റാഗിങ്ങിനിരയായി. മാനസികമായും ശാരീരികമായും തളര്‍ന്ന അഭിരാജ് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. ഇനി കോളേജിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്.
എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാല്‍ ഉത്തരവാദിത്തമില്ലെന്നുമാണ് കോളേജ് മാനേജ്മെന്റ് പറയുന്നത്. കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എവിടെയായാലും റാഗിങ്ങിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. കോളേജുകള്‍ക്ക് ഈ ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കാനാവില്ലെന്നും റാഗിങ്ങിനെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നും കമ്മിഷണര്‍ പറഞ്ഞു.
Content Highlights: ragging in a college in mangaluru 9 malayali students arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..