അരുൺ കുര്യൻ
മൂവാറ്റുപുഴ : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലെ ഒരു പ്രതിയെക്കൂടി മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ അരുൺ കുര്യൻ (33) ആണ് പിടിയിലായത്.
പ്രതികളിലൊരാളും മൂവാറ്റുപുഴ ‘ഇന്ത്യൻ ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ്’ നടത്തിപ്പുകാരനുമായ തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം. മോഹനൻ (37) ജൂണിൽ പിടിയിലായിരുന്നു. മാവേലിക്കര വള്ളിക്കുന്നം സ്വദേശി ചന്ദ്രഭവൻ ശരത്ചന്ദ്രനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ ജാമ്യത്തിലാണ്.
2017-ലാണ് കേസിന്റെ തുടക്കം. കാനഡ, റഷ്യ, മലേഷ്യ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ മാളുകളിലും റിഗ്ഗുകളിലും ജോലിവാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിസിറ്റിങ് വിസയിൽ തായ്‌ലാൻഡിലും മലേഷ്യയിലും എത്തിച്ച്, വ്യാജ അഭിമുഖം നടത്തി ലക്ഷങ്ങൾ വാങ്ങിയശേഷം ഉദ്യോഗാർഥികളെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. ടിക്കറ്റ് തുകയായ 12,000 രൂപയാണ് ഇതിന് ചെലവഴിച്ചത്. 600 പേരോളം ചതിക്കപ്പെട്ടു. തൊഴിലന്വേഷകരിൽ നിന്ന് നാലു ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട്.
റഷ്യയിൽ റിഗ്ഗിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് 30 പേരിൽ നിന്ന് 7 ലക്ഷം രൂപ വീതം വാങ്ങിയായിരുന്നു ആദ്യ തട്ടിപ്പ്. രണ്ടാമത് 40 അംഗ സംഘത്തെ മലേഷ്യയിൽ കൊണ്ടുപോയി പണം തട്ടി. മൂന്നാമത് കാനഡയ്ക്കെന്ന പേരിലും പിന്നീട് പോർച്ചുഗലിലേക്കെന്ന പേരിലും ഒടുവിൽ റുമാനിയയ്ക്കെന്ന പേരിലും മലേഷ്യയിലെത്തിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
കേസ് വഴിതിരിക്കാനായി, വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞ് പണംവാങ്ങി കബളിപ്പിച്ചു എന്നുകാണിച്ച് ജോബി തട്ടിപ്പുസംഘത്തിലെ കൂട്ടുകാരെ പ്രതിയാക്കി നൽകിയ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് ജോബിയെത്തന്നെ കുടിക്കിയത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ അരുണിന്റെ അറസ്റ്റ്.
കൊരട്ടി, തൃശ്ശൂർ, കാലടി, കുടിയാൻമല, അങ്കമാലി, കുന്നംകുളം സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. മൂവാറ്റുപുഴയിൽനിന്നു മാത്രം ഇരുപതോളം പേരിൽനിന്ന് ഒന്നേമുക്കാൽ കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്.
ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു ഇയാൾ. സംഘത്തിന്റെ തട്ടിപ്പിനിരയായി വീട്ടിലേക്കോ നാട്ടിലേക്കോ പോകാനാവാതെ കേരളത്തിനകത്തും പുറത്തും കഴിയുന്ന നിരവധിപേരുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിദേശത്താണെന്ന് വീട്ടകാരോടു പറഞ്ഞ് ഹോട്ടലിലും മറ്റും പണിയെടുത്ത് പട്ടിണിയിൽ കഴിഞ്ഞുകൂടുന്നവർ വരെയുണ്ട്. ലോണെടുത്തും വീടുവിറ്റും വരെ പണം നൽകിയവരാണ് ഇവരിലേറെയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..