Representative Image, Pixabay
ഹരിപ്പാട്: ദൃക്‌സാക്ഷികളില്ല. സാഹചര്യത്തെളിവുകളും കുറവ്. ശാസ്ത്രീയ പരിശോധനാഫലങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ അന്വേഷണം എങ്ങുമെത്താതെ പോയേക്കാവുന്ന കേസുകളില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍ണായക തെളിവായി മാറുന്നു.
പ്രതിയോ അടുപ്പക്കാരോ ഉപയോഗിച്ച ഫോണ്‍, അല്ലെങ്കില്‍ ഒരു ഫോണ്‍വിളി. അത്രയും മതി പ്രതിയിലേക്കെത്താന്‍. അടുത്തകാലത്തെ മിക്ക കൊലപാതകക്കേസുകളിലും ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളിലും മൊബൈല്‍ ഫോണുകളായിരുന്നു പ്രധാന 'സാക്ഷി'. ഹരിപ്പാട്ടെ ജലജാ സുരന്‍ വധക്കേസ് ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്.
ജലജാ സുരന്‍ വധക്കേസില്‍ പ്രതി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് മറച്ചുവച്ച ഒരു സിം കാര്‍ഡാണ് നിര്‍ണായകമായത്. കൊലപാതകത്തിനുശേഷം ഖത്തറിലേക്ക് കടന്ന പ്രതി സജിത്‌ലാലിനെ (37) അന്വേഷണസംഘം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി കൊല്ലപ്പെട്ടതിന് സമാനമായ ഈ കൊലപാതകം 2015 ഓഗസ്റ്റ് 13-നായിരുന്നു. പീഡനശ്രമത്തിനിടെ നടന്ന മൃഗീയ കൊലപാതകം. ലോക്കല്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ ഓഫീസ് ഒരു വര്‍ഷത്തോളം അന്വേഷിച്ചു. അറുന്നൂറിലധികംപേരെ ചോദ്യംചെയ്തു. 1500ലധികംപേരുടെ ഫോണ്‍വിളികള്‍ പരിശോധിച്ചു. ഒരു ഫലവുമുണ്ടായില്ല.
അന്വേഷണം അവസാനിച്ചെന്നുതോന്നിയ ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് എസ്.പി. കെ.എസ്.സുദര്‍ശന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുക്കുന്നത്. കഴിഞ്ഞ മേയ് 16-നാണിത്. സംഭവദിവസത്തെ മൊബൈല്‍ടവറില്‍നിന്നുള്ള രേഖ (ടവര്‍ ഡമ്പ്) ഇവര്‍ വിശദമായി നോക്കി. അതുവരെ പരിശോധിക്കാത്ത ഒരു നമ്പര്‍ ശ്രദ്ധിച്ചു.
കൊലപാതകം നടന്നെന്ന് സംശയിക്കുന്ന സമയത്തെല്ലാം ഈ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്നും കണ്ടെത്തി.ആദ്യഘട്ട പരിശോധനയിലൊന്നും ഈ ഫോണ്‍ ഉപയോഗിച്ച ആളെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല. ഫോണ്‍ സജിത്‌ലാലിന്റേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തന്റെ ഒരു ഫോണ്‍നമ്പര്‍ മാത്രമാണ് രണ്ടുപ്രാവശ്യം പോലീസ് ചോദ്യംചെയ്ത ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നത്.
സംഭവസമയത്ത് സ്ഥലത്തില്ലെന്നായിരുന്നു ഇയാളുടെ നേരത്തേയുള്ള മൊഴി. ഇയാള്‍ രഹസ്യമായി ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പരാണ് മറച്ചുവച്ചത്. അത് അന്വേഷണസംഘത്തിലെ സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയതോടെയാണ് പ്രതി കുടുങ്ങിയത്.
ടവര്‍ ഡമ്പ് അനാലിസിസ്
ഒരു മൊബൈല്‍ടവര്‍ വഴി കടന്നുപോയതും വന്നതുമായ ഫോണ്‍വിളികളുടെ പട്ടികയാണ് ടവര്‍ ഡമ്പ്. കൂടുതല്‍ പ്രാവശ്യം വിളിച്ച നമ്പരുകള്‍, ഒരുപ്രാവശ്യം മാത്രം വിളിച്ച നമ്പരുകള്‍ തുടങ്ങി പലവിധത്തില്‍ ഇതില്‍നിന്ന് രേഖകള്‍ കിട്ടും. ടവര്‍ ഡമ്പ് അനാലിസിസ് എന്ന സോഫ്റ്റ് വെയര്‍ ഇതിനായി പോലീസ് ഉപയോഗിക്കുന്നത്. മൊബൈല്‍ കമ്പനികളില്‍നിന്നാണ് പോലീസ് ടവര്‍ ഡമ്പ് ശേഖരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..