
Photo: twitter.com/PraveenIFShere
മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ ഫോറസ്റ്റ് ഗാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. സത്താറ ജില്ലയിലെ പല്‍സാവാഡേ സ്വദേശികളായ രാമചന്ദ്ര ജംഗര്‍, ഭാര്യ പ്രതിഭ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ ഗ്രാമമുഖ്യനായ രാമചന്ദ്രയും ഭാര്യയും വനിതാ ഫോറസ്റ്റ് ഗാര്‍ഡിനെ നിലത്തിട്ട് മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളായ രണ്ടു പേരെയും സത്താറ പോലീസ് പിടികൂടിയത്.
രാമചന്ദ്ര പ്രദേശത്തെ ഫോറസ്റ്റ് മാനേജ്മന്റ് കമ്മിറ്റി തലവന്‍ കൂടിയാണ്. കഴിഞ്ഞ ദിവസം കടുവ സെന്‍സസ് ജോലികള്‍ക്കെത്തിയ വനിതാ ഫോറസ്റ്റ് ഗാര്‍ഡ് സിന്ധു സനാപിനെയാണ് ഇയാളും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്. സിന്ധുവിന്റെ ഭര്‍ത്താവും ഫോറസ്റ്റ് ഗാര്‍ഡുമായ സൂര്യാജി തോംബാരെയ്ക്കും മര്‍ദനമേറ്റതായി പരാതിയുണ്ട്. മര്‍ദനമേറ്റ സിന്ധു മൂന്നുമാസം ഗര്‍ഭിണിയാണ്.
പ്രദേശത്ത് ജോലിക്ക് കയറിയത് മുതല്‍ രാമചന്ദ്രയും കൂട്ടാളികളും തങ്ങളെ ഭീഷണിപ്പെടുത്തുന്നതായാണ് സിന്ധുവിന്റെ ആരോപണം. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. കഴിഞ്ഞമൂന്നുദിവസമായി പ്രദേശത്ത് കടുവ സെന്‍സസ് നടക്കുന്നുണ്ട്. സെന്‍സസ് ആരംഭിച്ചത് മുതല്‍ രാമചന്ദ്രയും കൂട്ടരും ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു. കഴിഞ്ഞദിവസം തങ്ങള്‍ സെന്‍സസ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രാമചന്ദ്ര ആക്രമിച്ചതെന്നും സിന്ധു പറഞ്ഞു.
സംഭവം വിവാദമായതോടെ മഹാരാഷ്ട്ര വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന് അധ്യക്ഷ രുപാലി ചകംഗര് സത്താറ പോലീസിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര വനം-പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. പ്രതികളെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ഒരിക്കലും പൊറുക്കാനാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Content Highlights: pregnant woman forest guard beaten up by couple in satara maharashtra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..