പ്രശാന്ത്‌ഭൂഷൺകേസ്‌ വാദങ്ങൾ പൂർണ്ണ രൂപത്തിൽ


ഷൈൻ മോഹൻ

"പ്രസ്താവനയിൽ അപമര്യാദയുണ്ടോ എന്ന് കണ്ടെത്തലും മറ്റുമല്ല കോടതിയുടെ ലക്ഷ്യം. മറിച്ച് അത് ജുഡീഷ്യൽ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ എന്നാണ്"

-

രുണ്‍ മിശ്ര, ബി.ആര്‍. ഗവായ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചിനുമുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വാദം ആരംഭിക്കുന്നു. പ്രശാന്ത് ഭൂഷണുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് വാദം തുടങ്ങിയത്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും പങ്കെടുത്തു.

ദവെ: ഭൂഷണ്‍ കുറ്റക്കാരനാണെന്ന വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കാന്‍ പോകുന്ന സാഹചര്യത്തില്‍ ശിക്ഷ സംബന്ധിച്ച ഇന്നത്തെ വാദം മാറ്റിവെക്കണം.

ജ. മിശ്ര: കുറ്റക്കാരനാണെന്ന വിധി പുനഃപരിശോധിക്കുകയാണെങ്കില്‍ ഇതും (ശിക്ഷ സംബന്ധിച്ച വിഷയം) പുനഃപരിശോധിക്കേണ്ടിവരും.

ദവെ: കുറ്റക്കാരനാണെന്ന വിധി പുനഃപരിശോധിച്ചാല്‍ ശിക്ഷയുടെ പ്രശ്‌നം ഉദിക്കുന്നില്ല, അത് അപ്രസക്തമാവും.

ജ.ഗവായ്: മിസ്റ്റര്‍ ദവെ, വിജയ് കുര്‍ളെയുടെ (ജഡ്ജിമാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ അടുത്തിടെ ശിക്ഷിക്കപ്പെട്ട അഭിഭാഷകന്‍) കേസില്‍ ഇത്തരം അപേക്ഷ ഈ കോടതി തള്ളിയിരുന്നു.

ജ. മിശ്ര: ശിക്ഷ വിധിക്കുകയാണെങ്കില്‍ത്തന്നെ പുനഃപരിശോധനാഹര്‍ജിയില്‍ തീര്‍പ്പാവുംവരെ അത് അനുഭവിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ ഉറപ്പുതരാം. ആശങ്കവേണ്ടാ, ഞങ്ങള്‍ നിങ്ങളോട് നീതിപൂര്‍വമായിരിക്കും; നിങ്ങള്‍ തിരിച്ചിങ്ങോട്ട് അങ്ങനെയല്ലെങ്കിലും...

ജ.ഗവായ്: പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നാണ് ഡോ. ധവാന്‍ (മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍) ഈമാസം 17-ന് പറഞ്ഞത്. ഇതുവരെ ഫയല്‍ ചെയ്തില്ലേ? ഈ ബെഞ്ചിലെ ഒരു ജഡ്ജി വിരമിച്ചശേഷം പുനഃപരിശോധനാഹര്‍ജി നല്‍കാനാണ് നീക്കമെന്ന് തോന്നുന്നു. (ജസ്റ്റിസ് അരുണ്‍ മിശ്ര സെപ്റ്റംബര്‍ രണ്ടിന് വിരമിക്കുന്നത് ഉദ്ദേശിച്ച്).

ദവെ: പുനഃപരിശോധനാഹര്‍ജി 30 ദിവസത്തിനകം ഫയല്‍ ചെയ്യാമെന്നാണ്. ജസ്റ്റിസ് മിശ്ര വിരമിക്കുംവരെ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്ന തോന്നലുണ്ടാക്കാതിരിക്കുകയാണ് നല്ലത്. ജസ്റ്റിസ് മിശ്രയുടെ ഏത് ഉത്തരവിനെതിരേയും പുനഃപരിശോധനാഹര്‍ജി നല്‍കാവുന്നത്, അത് അദ്ദേഹം വിരമിക്കുന്നതിന് മുമ്പാകണമെന്ന് പറയാനാവില്ല. മുപ്പതുദിവസത്തിനകം എന്നാണ് നിബന്ധന.

ജ. മിശ്ര: പുനഃപരിശോധനാഹര്‍ജിയില്‍ തീര്‍പ്പാവുംവരെ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് ഉറപ്പുനല്‍കുന്നു.

ദവെ: പുനഃപരിശോധനയില്‍ തീര്‍പ്പാവുംവരെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചുവെന്നുകരുതി ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. പുനഃപരിശോധനാഹര്‍ജി അതേ ബെഞ്ചുതന്നെ കേള്‍ക്കണമെന്ന് നിയമമൊന്നുമില്ല.

ജ.മിശ്ര: കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിന്റെ തുടര്‍ച്ചയാണ് ശിക്ഷ വിധിക്കല്‍. മറ്റൊരു ബെഞ്ച് ശിക്ഷ വിധിക്കുന്നത് ശരിയാണോ? അഥവാ ഞാന്‍ വിരമിക്കുന്നില്ല എന്നിരിക്കട്ടെ, മറ്റൊരു ബെഞ്ച് ശിക്ഷ വിധിക്കുന്നത് ഉചിതമാണോ? ശിക്ഷയിന്‍മേലുള്ള വാദം മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ദവെ: വാദം മാറ്റിവെക്കണമെന്ന് ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. താങ്കള്‍ക്ക് വേണമെങ്കില്‍ തള്ളാം. അത് ഞാന്‍ അംഗീകരിക്കും. നിയമം അവതരിപ്പിക്കുക എന്നതുമാത്രമേ എനിക്ക് ചെയ്യാനുള്ളൂ.
ജ.ഗവായ്: പുനഃപരിശോധനാഹര്‍ജി ഇപ്പോള്‍ത്തന്നെ ഫയല്‍ ചെയ്യാവുന്നതേയുള്ളൂ.
ദവെ: അതിന് 30 ദിവസത്തെ സമയമുണ്ട്. ഹര്‍ജി നല്‍കുമെന്ന് ഡോ. ധവാന്‍ പറഞ്ഞിട്ടില്ല.
രാജീവ് ധവാന്‍: ഓഗസ്റ്റ് 14-ന് ഞാന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. കാരണം, ഞാന്‍ ആ കേസിലല്ല ഹാജരായത്.
ജ.ഗവായ്: പതിനേഴിന്...
ധവാന്‍: പതിനേഴിന് ഞാന്‍ പറഞ്ഞത് എനിക്ക് വാദിക്കാന്‍ പോയിന്റ് ഉണ്ടെന്നാണ്.
എ.ജി. കെ.കെ. വേണുഗോപാല്‍: ഇതില്‍ എനിക്ക് നോട്ടീസുണ്ടായിരുന്നു.

ജ. മിശ്ര: എ.ജി., ശിക്ഷ സംബന്ധിച്ച് അവര്‍ വാദം നടത്തട്ടെ. അത് മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ദവെ: അറ്റോര്‍ണിക്ക് സംസാരിക്കാനുണ്ട്.
ജ.മിശ്ര: ഞങ്ങളെ ഓര്‍മിപ്പിക്കേണ്ട. ഞങ്ങള്‍ക്കതറിയാം. സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്തൂ. നമുക്ക് കോടതിയുടെ അന്തസ്സ് നിലനിര്‍ത്തണം.

ധവാന്‍: ശിക്ഷയിന്‍മേല്‍ വാദം തുടങ്ങുന്നതിനുമുമ്പ് ഭൂഷണ് ഒരു പ്രസ്താവന നടത്താനുണ്ട്.
ഭൂഷന്റെ പ്രസ്താവന ധവാന്‍ വായിക്കുന്നു (കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഞെട്ടലും വേദനയുമുണ്ടാക്കി. എനിക്കെതിരേ കോടതിയലക്ഷ്യ കേസെടുക്കാന്‍ കാരണമായ പരാതിയുടെ കോപ്പി കോടതി എനിക്ക് തന്നിട്ടില്ല. തുറന്ന വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന് ആവശ്യമാണ്. എന്റെ കര്‍ത്തവ്യമെന്ന് തോന്നിയ കാര്യമാണ് ട്വീറ്റിലൂടെ പറഞ്ഞത്. ഞാന്‍ ദയ ചോദിക്കുന്നില്ല. ഔദാര്യം ആവശ്യപ്പെടുന്നുമില്ല. കോടതി വിധിക്കുന്ന ഏതുശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്)
ധവാന്‍: കുറ്റകൃത്യത്തിന്റെ സ്വഭാവംകൂടി പരിഗണിക്കണം. അടുത്തകാലത്തായി ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുചര്‍ച്ചകള്‍ നടക്കുന്നുണ്ട്. (തുടര്‍ന്ന് ഭൂഷന്റെ കേസിന് ശക്തിപകരുന്ന നിരവധി കേസുകളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു). ഇതെല്ലാം പരിശോധിച്ചിട്ട് പറയൂ, ഭൂഷണ്‍ കോടതിയെ ആക്രമിക്കുകയായിരുന്നോ എന്ന്. ട്വീറ്റുകള്‍ അല്പായുസ്സുള്ളവയാണ്. ഓഗസ്റ്റ് 14-ന്റെ വിധി വളരെയധികം വിമര്‍ശനമുണ്ടാക്കുന്നതാണ്. അതിലെ 20 പേജുകള്‍ വിജയ് കുര്‍ളെ കേസില്‍നിന്ന് പറിച്ചൊട്ടിച്ചവയാണ്.

ജ. മിശ്ര: ആകുലപ്പെടേണ്ടതില്ല ഡോ. ധവാന്‍, നല്ല പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കും. എതിര്‍ശബ്ദങ്ങളിലും ബാലന്‍സിങ് വേണം. എന്റെ ജുഡീഷ്യല്‍ ജീവിതത്തിലൊരിക്കലും ആരെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചിട്ടില്ല. ഇനി നിങ്ങള്‍ ബാലന്‍സ് കാണിക്കൂ.
ധവാന്‍: (ജഡ്ജിമാര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ച കേസില്‍ മമതാ ബാനര്‍ജിയെ വെറുതേവിട്ടുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതിയിലായിരിക്കെ ജസ്റ്റിസ് മിശ്ര എഴുതിയ വിധി വായിക്കുന്നു). പ്രസ്താവനയില്‍ അപമര്യാദയുണ്ടോ എന്ന് കണ്ടെത്തലും മറ്റുമല്ല കോടതിയുടെ ലക്ഷ്യം. മറിച്ച് അത് ജുഡീഷ്യല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടോ എന്നാണ്.

(ചീഫ് ജസ്റ്റിസ് ബോബ്ഡെ ബൈക്കിലിരുന്നതിനെക്കുറിച്ച് ഭൂഷന്റെ ട്വീറ്റ് വായിക്കുന്നു). ചീഫ് ജസ്റ്റിസ് മുഖാവരണം ധരിക്കാത്തതിനെക്കുറിച്ച് അഭിഭാഷകന്‍ എഴുതിയത് എങ്ങനെയാണ് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുക? പരാതിയുടെ കോപ്പി ചോദിച്ചെങ്കിലും തന്നിട്ടുമില്ല.
ജസ്റ്റിസ് മിശ്ര: കേസെടുത്തത് ട്വീറ്റ് കണ്ടിട്ടാണ്, പരാതിയിലല്ല.
ധവാന്‍: ഭൂഷണ്‍ നല്‍കിയ മറുപടി പരിഗണിച്ചിട്ടില്ല.
ജ.മിശ്ര: മറ്റ് പോയിന്റുകള്‍ വാദിക്കൂ.

ധവാന്‍: സത്യത്തെ പ്രതിരോധമായി ഉപയോഗിക്കാം. അപകീര്‍ത്തിക്കേസിലും കോടതിയലക്ഷ്യ കേസിലും സത്യം തീര്‍ച്ചയായും പ്രതിരോധമാണ്. (തുടര്‍ന്ന് നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുള്ള ഭൂഷന്റെ ട്വീറ്റ് വായിക്കുന്നു)
ജ. മിശ്ര: ആരുടെയും പേര് പറയേണ്ടതില്ല.
ധവാന്‍: അതിലാണ് പോയിന്റ്. സത്യം തെളിയിക്കാന്‍ ഈ ഭാഗങ്ങള്‍ പ്രസക്തമാണ്. കഴിഞ്ഞ ആറു വര്‍ഷം ഈ സ്ഥാപനത്തിന് പ്രയാസമായിരുന്നു.
ജ.മിശ്ര: ഇതെല്ലാം ആവശ്യമില്ലാത്തവയാണ്. ചരിത്രം എന്താണ് കാണിക്കുന്നതെന്ന് നമുക്ക് ഭാവിക്ക് വിടാം. ഇപ്പോള്‍ പ്രവചിക്കേണ്ടതില്ല, നമ്മളാരും ജോത്സ്യരല്ല.
ധവാന്‍: ബാലന്‍സിങ്ങിനെക്കുറിച്ച് താങ്കള്‍ പറയുന്നു, ഓരോ വശത്തും എത്ര തൂക്കം വെക്കുന്നു എന്നതനുസരിച്ചാണ് ബാലന്‍സിങ്.

ജ.മിശ്ര: നിങ്ങള്‍ പ്രസ്താവനയെ ന്യായീകരിക്കുന്നു. പക്ഷേ, അത് ശരിയോ തെറ്റോ... ഞങ്ങള്‍ ഭൂഷണെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇനി അറ്റോര്‍ണി അതേക്കുറിച്ച് ചിന്തിക്കണം. കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് സമയം നല്‍കണോ വേണ്ടയോ എന്ന്...
എ.ജി: എനിക്ക് പറയാനുള്ളത്...
ജ. മിശ്ര: ഇല്ല, കേസിന്റെ മെറിറ്റിനെക്കുറിച്ച് ഇപ്പോള്‍ താങ്കളെ കേള്‍ക്കുന്നില്ല. പ്രശാന്ത് ഭൂഷണ് രണ്ടോ മൂന്നോ ദിവസത്തെ സമയം നല്‍കണോ?
എ.ജി: സമയം നല്‍കുന്നത് തീര്‍ച്ചയായും നല്ലതാണ്.
ജ.മിശ്ര: താങ്കള്‍ക്ക് സമയം തരാം. അത് പരിഗണിക്കൂ. അതേക്കുറിച്ച് ചിന്തിക്കൂ.
ഭൂഷണ്‍: അക്കാര്യം എന്റെ അഭിഭാഷകരുമായി ചര്‍ച്ച ചെയ്യാം. എങ്കിലും എന്റെ നിലപാടില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.

ജ. മിശ്ര: നിങ്ങള്‍ ആലോചിക്കൂ, ഞങ്ങള്‍ രണ്ടുമൂന്നുദിവസം സമയം തരാം.
ധവാന്‍: (സമാനമായ മറ്റുകേസുകളിലെ വിധികള്‍ വായിക്കുന്നു). ട്വീറ്റുകള്‍ അപകീര്‍ത്തികരമാണെന്നതിന് കോടതി കാരണങ്ങള്‍ പറയുന്നില്ല. ഭൂഷന്റെ ന്യായീകരണങ്ങള്‍ പരിഗണിക്കാതെയാണ് നിഗമനത്തിലെത്തിയത്. ആയിരക്കണക്കിന് അഭിഭാഷകരും മുന്‍ ജഡ്ജിമാരും ഭൂഷന്റെ വികാരത്തോടൊപ്പമാണ്. അവരും കോടതിയലക്ഷ്യമാണോ ചെയ്യുന്നത്? (ധവാന്റെ വീഡിയോ തടസ്സപ്പെടുന്നു)
എ.ജി: പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നാണ് എന്റെ അഭിപ്രായം.
ജ. മിശ്ര: കേസ് മുഴുവന്‍ പരിശോധിച്ച് രണ്ടുമൂന്നുദിവസം കഴിഞ്ഞ് വാദമുന്നയിക്കൂ. അറ്റോര്‍ണി പറയുന്നത് ഇപ്പോള്‍ പരിഗണിക്കാനാവില്ല.

ധവാന്‍: (ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ലെന്ന ഹൈക്കോടതി വിധി വായിക്കുന്നു).
ജ. മിശ്ര: എന്റെ ചോദ്യം അപ്പോള്‍ സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ചാണ്.
ജ.ഗവായ്: ജുഡീഷ്യറിയെ മൊത്തത്തില്‍ ബാധിക്കുന്നതാണ് ട്വീറ്റ് എന്നാണ് വിധിയുടെ അവസാനഭാഗം.
ജ.മിശ്ര: (കോടതിയലക്ഷ്യം നടത്തിയവര്‍ സ്വയം ശുദ്ധീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ജസ്റ്റിസ് കെ.ടി. തോമസ് എഴുതിയ വിധി ചൂണ്ടിക്കാട്ടുന്നു).
ധവാന്‍: സിവില്‍ കോടതിയലക്ഷ്യ കേസുകളില്‍മാത്രമേ അത് നടക്കൂ.
ജ. മിശ്ര: മാപ്പുപറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഉദാരസമീപനമായിരിക്കും. നിങ്ങള്‍ചെയ്ത നല്ലകാര്യങ്ങള്‍ മോശം കാര്യങ്ങളാല്‍ മൂടപ്പെടരുത് എന്നതുകൊണ്ടാണത്.
.ഗവായ്: ബാറും ബെഞ്ചും തമ്മില്‍ പരസ്പരബഹുമാനം വേണം.

എ.ജി: ഭൂഷണ്‍ പറഞ്ഞതുപോലെ, ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞ അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ ലിസ്റ്റ് എന്റെ പക്കലുണ്ട്. ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞ ഒമ്പത് ജഡ്ജിമാരെ എനിക്കറിയാം. ഞാനും 1987-ല്‍ അത് പറഞ്ഞിട്ടുണ്ട്...
ജ. മിശ്ര: കേസിന്റെ മെറിറ്റില്‍ താങ്കളെ ഇപ്പോള്‍ കേള്‍ക്കുന്നില്ല സര്‍. (പ്രസ്താവനയെക്കുറിച്ച് ആലോചിക്കാന്‍ ഭൂഷണ് രണ്ടുദിവസത്തെ സമയം നല്‍കിക്കൊണ്ട് കോടതി വാദം നിര്‍ത്തുന്നു).

content highlights: Prasanth Bushan case Court proceedings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented