നായ്ക്കുട്ടികളെ നല്‍കാത്തതിന്റെ പക, കള്ളക്കേസ്; നിരപരാധിത്വം തെളിയിച്ചേ വീട്ടില്‍ കയറൂ എന്ന ശപഥം..


By അഫീഫ് മുസ്തഫ

7 min read
Read later
Print
Share

'എനിക്ക് ജാമ്യം നില്‍ക്കണമെന്ന് വക്കീല്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. കുറ്റവാളിയാണെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടണം. ഇനി നിരപരാധിയാണെങ്കില്‍ അവന്‍ നിരപരാധിത്വം തെളിയിച്ചുവരട്ടെ എന്നായിരുന്നു അച്ഛന്റെ വാക്കുകള്‍. അന്ന് ഞാന്‍ തീരുമാനിച്ചു, എന്റെ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ വീട്ടില്‍ വരികയുള്ളൂ എന്ന് '

ആർ.പ്രകാശ് | Photo: Special Arrangement/Mathrubhumi

1500 രൂപയ്ക്ക് മൂന്ന് നായ്ക്കുട്ടികളെ നല്‍കാത്തതിന്റെ പ്രതികാരത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ച കള്ളക്കേസ്. ചെയ്യാത്ത കുറ്റത്തിന് കരുനാഗപ്പള്ളി ആദിനാട് സ്വദേശി ആര്‍.പ്രകാശ് ജയിലില്‍ കിടന്നത് 76 ദിവസം. ഒടുവില്‍ 16 വര്‍ഷത്തിന് ശേഷം പ്രകാശ് തന്നെ വേട്ടയാടിയ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നിയമപോരാട്ടം വിജയിച്ചിരിക്കുകയാണ്. അതും കേരള ഹൈക്കോടതിയുടെ സുപ്രധാനമായ വിധി പ്രസ്താവത്തിലൂടെ.

എക്സൈസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചതിന് പ്രകാശിന് രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഏപ്രില്‍ അഞ്ചിലെ ഹൈക്കോടതി വിധി. പണം കള്ളക്കേസ് ചുമത്തി ജയിലിലടച്ച ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പ്രകാശിനെ കൂടാതെ സമാനപരാതി ഉന്നയിച്ച കൊല്ലം അയിലാറ സ്വദേശി എ.ബി. അനില്‍കുമാറിനും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. അബ്കാരി കേസുകളുടെ അന്വേഷണം, പരിശോധന തുടങ്ങിയവയുടെ കാര്യത്തില്‍ നിലവിലെ നടപടിക്രമങ്ങളില്‍ പുനഃപരിശോധന ആവശ്യമാണെന്നും കേസിന്റെ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വാടകവീട്ടില്‍ നാല് ലിറ്റര്‍ ചാരായം സൂക്ഷിച്ചെന്ന് ആരോപിച്ച് 2006 ഫെബ്രുവരി 25-നാണ് പ്രകാശിനെ എക്സൈസ് അറസ്റ്റ് ചെയ്യുന്നത്. അന്നുമുതല്‍ 76 ദിവസം ജാമ്യം കിട്ടാതെ പ്രകാശ് ജയിലില്‍ കഴിഞ്ഞു. റിട്ട. സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛന്‍ പോലും ജാമ്യം നില്‍ക്കാന്‍ വന്നില്ല. കുറ്റവാളിയാണെങ്കില്‍ മകന്‍ ശിക്ഷ അനുഭവിക്കട്ടെ അല്ലെങ്കില്‍, നിരപരാധിത്വം തെളിയിച്ച് മുന്നില്‍ വരട്ടെ എന്നായിരുന്നു ആ അച്ഛന്റെ വാക്കുകള്‍. അതോടെ തന്റെ നിരപരാധിത്വം തെളിയിച്ചതിന് ശേഷമേ വീട്ടില്‍ കയറുകയുള്ളൂവെന്ന് പ്രകാശും തീരുമാനമെടുത്തു. അച്ഛന്റെ മുന്നിലെങ്കിലും താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കണമെന്നായിരുന്നു ആദ്യം മനസിലുറപ്പിച്ചത്. പിന്നീടങ്ങോട്ട് നീണ്ട 16 വര്‍ഷത്തെ നിയമപോരാട്ടമായിരുന്നു. ഇതിനിടെ, പണി പാളിയെന്ന് കണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രകാശനെ കേസില്‍നിന്നൊഴിവാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, തന്നെ ജയിലില്‍ കിടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നിയമപോരാട്ടം പ്രകാശന്‍ അവസാനിപ്പിച്ചില്ല. അത് ഹൈക്കോടതി വരെ നീണ്ടു. ഒടുവില്‍ പ്രകാശന്റെ നിയമപോരാട്ടങ്ങള്‍ക്ക് ഫലപ്രാപ്തിയായി ഹൈക്കോടതി ആ വിധി പ്രസ്താവിച്ചു.

നേരത്തെ കെട്ടിട നിര്‍മാണ കമ്പനിയുടെ സൂപ്പര്‍വൈസറായും നാട്ടില്‍ പല ജോലികളും ചെയ്ത് ജീവിച്ചിരുന്ന പ്രകാശന്റെ ജീവിതം മാറിമറഞ്ഞത് 2006 ഫെബ്രുവരി 25-നായിരുന്നു. ആ സമയത്ത് നായ്ക്കളെ വളര്‍ത്തി വില്‍പ്പന നടത്തുന്നതായിരുന്നു ജോലി. വളര്‍ത്തുനായ്ക്കളുടെ എണ്ണം കൂടിയതോടെ പ്രകാശന്‍ പാവുമ്പയിലെ ഒരു വാടക വീട്ടിലേക്ക് മാറി. ഇതിനിടെയാണ്, തന്റെ അയല്‍ക്കാരന്‍ കൂടിയായ എക്സൈസ് ഉദ്യോഗസ്ഥന്‍ വിക്രമന്‍ നായര്‍ നായ്ക്കുട്ടികളെ ചോദിച്ച് പ്രകാശനെ സമീപിക്കുന്നത്. അന്നുമുതല്‍ പിന്നീടങ്ങോട്ട് സംഭവിച്ച കാര്യങ്ങള്‍ അദ്ദേഹം തന്നെ തുറന്നുപറയുന്നു.

'വീട്ടില്‍നിന്ന് ചാരായം പിടിക്കുന്നതിന് ഒരാഴ്ച മുമ്പാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസറായിരുന്ന വിക്രമന്‍ നായര്‍ പാവുമ്പയിലെ വീട്ടിലെത്തിയത്. അദ്ദേഹം എന്റെ അയല്‍ക്കാരനും ചെറുപ്പംതൊട്ട് അറിയാവുന്ന ആളുമാണ്. അന്ന് എന്റെ കൈയില്‍ മൂന്ന് ഗ്രേറ്റ് ഡെയ്ന്‍ ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കുട്ടികളുണ്ടായിരുന്നു. അതിന് എന്താണ് വിലയെന്ന് അദ്ദേഹം തിരക്കി. ഒരെണ്ണത്തിന് 3500 രൂപയാണ് വിലയെന്നും സാറിന് 3000 രൂപയ്ക്ക് തരാമെന്നും പറഞ്ഞു. മൂന്നെണ്ണത്തിന് 9000 രൂപയാകുമെന്നും പറഞ്ഞു. ഏകദേശം 7000 രൂപയോളം ഇതിനെ വളര്‍ത്താന്‍ ചെലവായിട്ടുണ്ട്. എന്നാല്‍ ഒന്നിന് 500 രൂപ വെച്ച് മൂന്നെണ്ണതിനും 1500 രൂപ തരാമെന്നായിരുന്നു വിക്രമന്‍ നായര്‍ പറഞ്ഞത്. തനിക്ക് മാത്രമല്ല, മേലുദ്യോഗസ്ഥര്‍ക്ക് കൂടിയാണെന്നും പറഞ്ഞു. എന്നാല്‍ ആ വിലയ്ക്ക് കച്ചവടം നടക്കില്ലെന്ന് ഞാന്‍ തീര്‍ത്തുപറയുകയായിരുന്നു.

സാധാരണ വിലയെക്കാള്‍ കുറച്ചാണ് ഞാന്‍ നായ്ക്കളെ വിറ്റിരുന്നത്. പത്തനംതിട്ടയില്‍നിന്ന് വരെ ആള്‍ക്കാര്‍ എന്നെ തിരക്കി വരാറുണ്ട്. പൊതുവെ വില കുറച്ചാണ് കൊടുക്കുന്നത്. പക്ഷേ, ഇത്രയും വലിയ നഷ്ടം സഹിച്ച് കൊടുക്കാന്‍ പറ്റില്ലല്ലോ. 1500 രൂപയ്ക്ക് തരാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. അതുകേട്ടതോടെ നിന്നെ കാണിച്ചുതരാമെന്നൊക്കെ പറഞ്ഞാണ് അദ്ദേഹം വീട്ടില്‍നിന്ന് പോയത്. പക്ഷേ, ഞാന്‍ അത് കാര്യമാക്കിയില്ല. നമുക്ക് അറിയാവുന്ന ആളല്ലേ, ദേഷ്യത്തില്‍ പറഞ്ഞതാകുമെന്ന് കരുതി'- പ്രകാശന്‍ ആ ദിവസം ഓര്‍ത്തെടുത്തു.

ഈ സംഭവം കഴിഞ്ഞ് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രകാശന്‍ എന്ന 39-കാരനെ നാല് ലിറ്റര്‍ ചാരായവുമായി എക്സൈസ് സംഘം പിടികൂടുന്നത്. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ദിവസങ്ങളും സംഭവവികാസങ്ങളും അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ-

'പാവുമ്പയിലെ വീട്ടില്‍വെച്ച് 2006 ഫെബ്രുവരി 25-നായിരുന്നു ആ സംഭവം. ഞാന്‍ കുളിച്ചുവരികയായിരുന്നു. പട്ടി കുരയ്ക്കുന്നത് കേട്ടാണ് പുറത്തിറങ്ങി നോക്കിയത്. അപ്പോള്‍ രണ്ടുപേര്‍ വീടിന് പുറത്ത് സാധാരണവേഷത്തില്‍ നില്‍ക്കുന്നു. പട്ടിക്കുട്ടികളുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍, ആദ്യം കെട്ടഴിച്ച് വിട്ട പട്ടിയെ കെട്ടാന്‍ ആവശ്യപ്പെട്ടു. പട്ടിയെ കെട്ടിയതിന് പിന്നാലെ അവര്‍ രണ്ടുപേരും എന്റെ കൈയില്‍ പിടിച്ച് ലോക്കിട്ടു. എന്താണെന്ന് ചോദിച്ചപ്പോള്‍ വാ എന്ന് പറഞ്ഞു. ഒരാള്‍ വാക്കി ടോക്കി എടുത്തപ്പോള്‍ പോലീസാണെന്ന് മനസിലായി. വീടിനകത്തേക്ക് കയറാന്‍ പറഞ്ഞു. ഇതിനിടെ വാക്കി ടോക്കിയില്‍ വിളിച്ചതനുസരിച്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവര്‍ വീട്ടുവളപ്പിലേക്ക് വന്നിരുന്നു. വീടിന് പുറത്ത് എക്‌സൈസ് ജീപ്പ് കണ്ട് നാട്ടുകാരും തടിച്ചുകൂടി. വന്ന ഉദ്യോഗസ്ഥരെല്ലാം പുരയിടത്തിലെ ഒരു കുഴിയുടെ അടുത്തേക്ക് പോയി. വെള്ളം നിറഞ്ഞുനില്‍ക്കുന്ന കുഴിയായിരുന്നു അത്. നേരേ ഉദ്യോഗസ്ഥര്‍ അവിടെയെത്തി അതില്‍നിന്ന് ഏഴ് കന്നാസുകള്‍ പുറത്തെടുത്തു. ആ കന്നാസിനകത്ത് എന്താണെന്ന് ചോദിച്ചു. എനിക്കറിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ വാസുദേവക്കുറുപ്പ് എന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് അത് കോടയാണെന്ന് പറഞ്ഞത്. തുടര്‍ന്ന് കന്നാസുകള്‍ വീടിന് മുന്നില്‍വെച്ച് ഉദ്യോഗസ്ഥര്‍ തന്നെ കോട നശിപ്പിച്ചു. ഇതെല്ലാം നാട്ടുകാര്‍ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു.പിന്നാലെ ഉടുപ്പൂരി എന്നെ ജീപ്പില്‍ കയറ്റി. അപ്പോഴം അയാള്‍ ഇത് ചെയ്യില്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. അയാളെ കൊണ്ടുപോവല്ലേ സാര്‍
കൊണ്ടുപോയാല്‍ നായ്ക്കള്‍ ആരും തീറ്റ നല്‍കാനില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചു. പക്ഷേ, അതൊന്നും അവര്‍ കേട്ടില്ല.'

'വിക്രമന്‍ നായര്‍ വീട്ടില്‍ റെയ്ഡിന് വന്ന സംഘത്തിലുണ്ടായിരുന്നില്ല. റെയ്ഡിന് വരുന്ന സമയം വിക്രമന്‍ നായര്‍ക്ക് ജി.ഡി. ഡ്യൂട്ടിയായിരുന്നു. രാത്രി ഒമ്പത് മണിയോടെ എന്നെ റെയ്ഞ്ച് ഹൗസിലേക്ക് മാറ്റി. രാവിലെ വരെ കൈയില്‍ വിലങ്ങിട്ട് അത് മേശയില്‍ ബന്ധിപ്പിച്ച് നിലത്തുകിടത്തി. പിറ്റേദിവസം രാവിലെ 10.30-ന് കൊല്ലത്തേക്ക് കൊണ്ടുപോയി. അവിടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.'

'76 ദിവസമാണ് ചെയ്യാത്ത കുറ്റത്തിന് ഞാന്‍ ജയിലില്‍ കിടന്നത്. ഇതിനിടെ എന്നെ കാണാന്‍ സുഹൃത്തുക്കളും പരിസരവാസികളും ജയിലില്‍ വന്നിരുന്നു. അവരാണ് എന്നെ അറസ്റ്റ് ചെയ്തതിന്റെ രണ്ടാംദിവസം വീട്ടിലെ നായ്ക്കുട്ടികളെ നാട്ടിലെ ഒരു ഓട്ടോക്കാരന്‍ കൊണ്ടുപോയെന്ന വിവരം പറഞ്ഞത്. അത് കേട്ടതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. അവര്‍ തിരക്കിയപ്പോള്‍ ഒരു നായ്ക്കുട്ടി വിക്രമന്‍ നായരുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. ആ വിവരം കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ എന്നെ അറിയിച്ചു. അതോടെ സംഭവത്തിന് പിന്നില്‍ വിക്രമന്‍ നായരാണെന്നും നായ്ക്കുട്ടികളെ നല്‍കാത്തതാണ് കള്ളക്കേസിന് കാരണമായതെന്നും എനിക്ക് മനസിലായി.'

ആര്‍.പ്രകാശ് | Photo: Special Arrangement/Mathrubhumi

'ആദ്യം ജയിലില്‍നിന്നു തന്നെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. മനുഷ്യാവകാശ കമ്മീഷനും സെഷന്‍സ് കോടതിക്കും പരാതി അയച്ചു. 76 ദിവസം ജയിലില്‍ കിടന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍ പരാതി അന്വേഷിക്കാന്‍ ജയിലില്‍ എത്തിയത്. ഞാന്‍ ജാമ്യത്തിലിറങ്ങിയെന്ന് അറിഞ്ഞതോടെ കമ്മീഷന്‍ എന്നെ നോട്ടീസ് നല്‍കി വിളിപ്പിച്ചു. ഞാന്‍ ജാമ്യം എടുത്തത് കൊണ്ട് ഇനി കോടതി മുഖേന പോകണമെന്ന് കമ്മീഷന്‍ പറഞ്ഞു.'

'ജാമ്യത്തിലിറങ്ങിയ ശേഷം വിക്രമന്‍ നായരുടെ വീട്ടില്‍ നായ്ക്കുട്ടിയെ ഞാന്‍ കണ്ടിരുന്നു. ഇതോടെ കരുനാഗപ്പള്ളി ഡിവൈ.എസ്.പിക്ക് നേരിട്ട് പരാതി നല്‍കി. പരാതി പോയെന്ന് അറിഞ്ഞതോടെ വിക്രമന്‍ നായര്‍ അന്നുതന്നെ നായ്ക്കുട്ടിയെ വീട്ടില്‍നിന്ന് മാറ്റി. അതിനെ വിഷം കൊടുത്ത് കൊന്ന് കത്തിച്ചുകളഞ്ഞെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. അപ്പോഴും കേസില്‍ എന്റെ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. കേരള ഹൈക്കോടതിക്ക് പരാതി എഴുതിനല്‍കി അയച്ചു.'

'നിരപരാധിത്വം തെളിയിക്കാതെ വീട്ടില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. അച്ഛന്‍ റിട്ട. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ആശുപത്രിയിലെ കമ്പോണ്ടറായിരുന്ന അദ്ദേഹം സര്‍വീസിനിടെ കൈക്കൂലി വാങ്ങുകയോ ആരുടെയങ്കിലും കൈയില്‍നിന്ന് എന്തെങ്കിലും വാങ്ങിക്കുകയോ ചെയ്തിരുന്നില്ല. ഞാന്‍ കേസില്‍ അറസ്റ്റിലായിട്ടും അദ്ദേഹം ജാമ്യത്തിനായി വന്നില്ല. എനിക്ക് ജാമ്യം നില്‍ക്കണമെന്ന് വക്കീല്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. കുറ്റവാളിയാണെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടണം. ഇനി നിരപരാധിയാണെങ്കില്‍ അവന്‍ നിരപരാധിത്വം തെളിയിച്ചുവരട്ടെ എന്നായിരുന്നു അച്ഛന്റെ വാക്കുകള്‍. അന്ന് ഞാന്‍ തീരുമാനിച്ചു, എന്റെ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ വീട്ടില്‍ വരികയുള്ളൂ എന്ന്.'

അതിനുശേഷം അതിനുവേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു.എക്സൈസ് വിജിലന്‍സിനും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും നിയമസഭ പെറ്റീഷന്‍ കമ്മിറ്റിക്കും ഈ കേസുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കിയിരുന്നു.

'വിജിലന്‍സില്‍ നല്‍കിയ പരാതിയ്ക്ക് പിന്നാലെ തിരുവനന്തപുരത്ത് വിജിലന്‍സ് എസ്.പി.യെ കാണാന്‍ പോയി. വിശദമായി കാര്യങ്ങളെല്ലാം ആരാഞ്ഞു. അദ്ദേഹം ഒരൊറ്റ ചോദ്യമാണ് ചോദിച്ചത്. മക്കള്‍ എത്രവലിയ തെറ്റ് ചെയ്താലും ഏത് അച്ഛനും അമ്മയും മക്കള്‍ക്ക് വേണ്ടി നില്‍ക്കും. നിന്റെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ പ്രകാശാ എന്നായിരുന്നു ചോദ്യം. നീ ജയിലിലായതിന് ശേഷം നിന്റെ അച്ഛനും അമ്മയും അവിടെ വന്നോ എന്നായിരുന്നു അടുത്ത ചോദ്യം. ഇല്ല സാറേ എന്ന് മറുപടി പറഞ്ഞു. നീ കുഴപ്പക്കാരന്‍ ആണെന്ന് അറിയാവുന്നത് കൊണ്ടാണ് അവര്‍ വരാതിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ അങ്ങനയല്ലേ സാറേ എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു.'

'നിരപരാധിത്വം തെളിയിക്കണമെന്നാണ് അച്ഛന്‍ എന്നോട് ആവശ്യപ്പെട്ടത്. ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. ആരാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എസ്.പി.യോട് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ അദ്ദേഹം അന്വേഷണത്തിന് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പിറ്റേദിവസം തന്നെ ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. 2007-ലായിരുന്നു ഈ സംഭവം.'

'ആ കാലത്ത് ഒരു പൂക്കടയിലായിരുന്നു എനിക്ക് ജോലി. അവര്‍ എല്ലായിടത്തും വന്ന് അന്വേഷിച്ചു. എഫ്.ഐ.ആറില്‍ എഴുതിയിരുന്നത് നാല് ലിറ്റര്‍ ചാരായവുമായി പോകുന്നതിനിടെ എന്നെ വഴിയില്‍നിന്ന് പിടിച്ചെന്നായിരുന്നു. യഥാര്‍ഥത്തില്‍ ഇന്‍സ്‌പെക്ടര്‍ സഹിതം വന്നാണ് വീട്ടില്‍നിന്ന് എന്നെ അറസ്റ്റ് ചെയ്തത്. എന്നാല്‍ എഫ്.ഐ.ആറില്‍ പ്രിവന്റ്ീവ് ഓഫീസര്‍ പിടിച്ചെന്നായിരുന്നു. പക്ഷേ, നാട്ടുകാര്‍ക്ക് യഥാര്‍ഥ സംഭവം അറിയാമല്ലോ. അവര്‍ അന്വേഷണസംഘത്തിന് കൃത്യമായ മൊഴി നല്‍കി.അന്വേഷണം നടത്തിയ സംഘം പിന്നീട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥരിലേക്ക് പോയി. വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ശുപാര്‍ശയുണ്ടായിരുന്നു.'

'പിന്നീട് എക്‌സൈസ് ഇന്റലിജന്‍സും കേസില്‍ അന്വേഷണം നടത്തി. ഈ കേസില് നാല് ഉദ്യോഗസ്ഥരാണ് കുറ്റക്കാരാണെന്നും കണ്ടെടുത്ത ചാരായവുമായി പ്രകാശിന് ബന്ധമില്ലെന്നുമായിരുന്നു അവരുടെയും കണ്ടെത്തല്‍. കേസില്‍ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കേസില്‍നിന്ന് പ്രകാശിനെ വിടുതല്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2010-ലാണ് ആ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. അങ്ങനെ ഉദ്യോഗസ്ഥര്‍ തന്നെ എന്നെ കേസില്‍നിന്ന് ഒഴിവാക്കി. കോടതി കുറ്റവിമുക്തനാക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കേസ് ഒഴിവാക്കി. ഇങ്ങനെയൊരു സംഭവം അപൂര്‍വമാണെന്നാണ് അന്ന് കോടതി സൂപ്രണ്ട് പറഞ്ഞത്. തുടര്‍ന്ന് അതിന്റെ പകര്‍പ്പുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു- പ്രകാശന്‍ വിശദീകരിച്ചു.

'അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദനും നേരിട്ട് പരാതി നല്‍കിയിരുന്നു. അദ്ദേഹം മുഖേനെ അന്വേഷണം പോലീസ് വിജിലന്‍സിലെത്തി. അവര്‍ വിശദമായി അന്വേഷിച്ചു. നായ്ക്കുട്ടിയെ വീട്ടില്‍നിന്ന് കൊണ്ടുപോയ ഓട്ടോക്കാരനടക്കം വിക്രമന്‍നായര്‍ക്കെതിരേ മൊഴി നല്‍കി. അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വിക്രമന്‍ നായരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. ഇതിനിടെ എന്നെ കള്ളക്കേസില്‍ കുടുക്കിയ ഇന്‍സ്‌പെക്ടര്‍ രാജേഷിന് പ്രൊമോഷന്‍ ലഭിച്ചിരുന്നു. ഈ കേസ് കാരണം അദ്ദേഹത്തിന്റെ പ്രൊമോഷന്‍ തടഞ്ഞുവെച്ചു. അയാള്‍ എന്നെ കാണാന്‍വന്നു. പല വാഗ്ദാനങ്ങളും നല്‍കി.'

'ഒരു കുറ്റവും ചെയ്യാത്ത ഞാന്‍ 76 ദിവസമാണ് ജയിലില്‍ കിടന്നത്. നിങ്ങള്‍ ഒരുദിവസമെങ്കിലും ജയിലില്‍ കിടക്കണം എന്നാണ് അദ്ദേഹത്തിന് അന്നുനല്‍കിയ മറുപടി. പിന്നീട് കരുനാഗപ്പള്ളിയില്‍വെച്ചും രാജേഷ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നെ വിളിപ്പിച്ചു. പ്രകാശന്‍ ഒത്തിരി അനുഭവിച്ചു. ഞങ്ങളൊന്നും അറിഞ്ഞില്ല. എന്ത് നഷ്ടപരിഹാരത്തിനും തയ്യാറാണ്. പ്രകാശന്‍ കേസില്‍നിന്ന് പിന്മാറണമെന്നായിരുന്നു അവരുടെ ആവശ്യം. പറ്റത്തില്ല സാറേ എന്ന് തീര്‍ത്തുപറഞ്ഞു. ജയിലില്‍ കിടക്കുന്ന സുഖം നിങ്ങളും കൂടി അനുഭവിക്കണമെന്ന് പറഞ്ഞ് ഞാന്‍ തിരികെമടങ്ങി. പിന്നീട് വക്കീല്‍ മുഖനേയും അവര്‍ ചര്‍ച്ചയ്ക്ക് വന്നു.'

'അവസാനം എനിക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്ന് നീതി ലഭിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നീതിപൂര്‍വമായ ഉത്തരവ് പുറപ്പെടുവിച്ചു നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമായിരുന്നു.എന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ പരമോന്നത കോടതിയില്‍നിന്നാണ് ആ ഉത്തരവുണ്ടായിരിക്കുന്നത്.എന്നെ കള്ളക്കേസില്‍ കുടുക്കിയ വിക്രമന്‍ നായര്‍, വാസുദേവക്കുറുപ്പ്, വേണുഗോപാല്‍, രാമചന്ദ്രന്‍പിള്ള എന്നിവര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. ഇന്‍സ്‌പെക്ടര്‍ രാജേഷ് ഇപ്പോള്‍ സി.ഐ.യാണ്. ജയകുമാര്‍ പ്രിവന്റീവ് ഓഫീസറുമായി സര്‍വീസിലുണ്ട്. ഇവര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആറുമാസത്തിനകം ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് നടപടി സ്വീകരിച്ചെന്ന് അപ്പോള്‍ അറിയാന്‍ കഴിയും'- പ്രകാശന്‍ പറഞ്ഞു.'

ഇതിനിടെ, തന്റെ പരാതി പരിഗണിച്ച നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയെ അന്നത്തെ അഡീ. ചീഫ് സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചെന്നും പ്രകാശന്‍ ആരോപിച്ചു. കള്ളക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ആനുകൂല്യവും ഉറപ്പുവരുത്താനായിരുന്നു ഇത്. തെറ്റായ വിവരം നല്‍കിയാണ് അഡീ. ചീഫ് സെക്രട്ടറി നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയെ കബളിപ്പിച്ചത്. ഇതിനെതിരേ പിന്നീട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

39-ാം വയസിലാണ് പ്രകാശന്‍ ചാരായക്കേസില്‍ അറസ്റ്റിലായി ജയിലിലാകുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് 55 വയസ്സാണ് പ്രായം. നീതിക്കായി അദ്ദേഹം മുന്നിട്ടിറങ്ങിയ നിയമപോരാട്ടം 16 വര്‍ഷമാണ് നീണ്ടുനിന്നത്. ഇതിനിടെ രണ്ടുവര്‍ഷം മുമ്പ് പ്രകാശന്റെ അച്ഛന്‍ വിടപറഞ്ഞു. 'ഞാന്‍ നിരപരാധിയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. 2010-ല്‍ എന്റെ പേരിലുള്ള കേസ് ഒഴിവാക്കിയതിന് ശേഷമാണ് ഞാന്‍ വീട്ടില്‍പോയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ 2010-ല്‍ എന്റെ പേരിലുള്ള കേസ് ഒഴിവാക്കിയപ്പോള്‍ തന്നെ നിരപരാധിത്വം അച്ഛനെ ബോധിപ്പിക്കാനായി. സുഹൃത്തുക്കളും ഹൈക്കോടതിയിലെ അഭിഭാഷകനായ റെജിയും നിയമപോരാട്ടത്തിന് വലിയ പിന്തുണയാണ് നല്‍കിയത്. കേസ് നടത്തുന്നതിനിടെ ഒറ്റയ്‌ക്കൊന്നും പുറത്തുപോകരുത് പണി കിട്ടും എന്നൊക്കെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു- പ്രകാശന്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ആദിനാട് ഓട്ടോ ഡ്രൈവറാണ് പ്രകാശന്‍. ഇതിനിടെ വിവാഹവും കഴിഞ്ഞു. ഒമ്പത് വയസ്സുള്ള മകളും ഏഴ് വയസ്സുള്ള മകനും ഉണ്ട്. ഇനി ഹൈക്കോടതി ഉത്തരവിനെതിരേ എക്സൈസ് ഉദ്യോഗസ്ഥരോ സര്‍ക്കാരോ അപ്പീല്‍ പോവുകയാണെങ്കില്‍ അതിനെതിരേയും നിയമപോരാട്ടം നടത്തുമെന്നാണ് പ്രകാശന്റെ നിലപാട്.


Content Highlights: prakash from karunagappally kollam who won law battle against excise false case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Lady
Premium

4 min

കൂട്ടുനിന്നവർക്ക് ജോലി തിരിച്ചുകിട്ടി, അയാളെയും തിരിച്ചെടുക്കും; എനിക്കെവിടെ നീതി?- ഐ.സി.യു.അതിജീവിത

Jun 5, 2023


img

11 min

പുലര്‍ച്ചെ വരെ റെയ്ഡ്, ഗുണ്ടകള്‍ കൂട്ടത്തോടെ കുടുങ്ങി; പക്ഷേ, വമ്പന്മാര്‍ പലരും പുറത്തുതന്നെ

Feb 6, 2023


doctor dowry case

1 min

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി, സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

Jan 1, 2022

Most Commented