അറസ്റ്റിലായവർ പോലീസ് സ്റ്റേഷനിൽ
തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരില്‍ 11അംഗ സംഘം വെട്ടിക്കൊന്ന സുധീഷ് അവസാനമായി ആക്രമിച്ചത് മങ്കാട്ടുമൂലയില്‍ വിഷ്ണു, അഖില്‍ എന്നീ യുവാക്കളേയാണ്. ഇതില്‍ അഖില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. വിഷ്ണുവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുധീഷിനെ കൊല്ലാനുള്ള പെട്ടെന്നുള്ള കാരണമായി പറയപ്പെടുന്നത് ഡിസംബര്‍ ആറിന് ഇവരെ ആക്രമിച്ചതാണ്. ഇരുവരുടേയും കൈക്കും കാലിനും വെട്ടേറ്റിരുന്നു. എന്നാല്‍ പോലീസ് ചോദ്യംചെയ്തപ്പോള്‍ ഇവര്‍ ആക്രമികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും തുറന്ന് പറയാന്‍ തയ്യാറായിരുന്നില്ല.
പ്രതികാരം നേരിട്ട് തീര്‍ക്കാന്‍ അഖിലും വിഷ്ണുവും തീരുമാനിച്ചിരിന്നുവെന്നാണ് പോലീസ് നിഗമനം. ഒളിവിലുള്ള വിഷ്ണുവിനെ കൂടി പിടികൂടിയാല്‍ മാത്രമേ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകൂ. വെട്ടേറ്റ് ചികിത്സയിലായിരുന്ന വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സുധീഷ് കൊല്ലപ്പെടുന്നതിന് മുന്‍പായിരുന്നു ഈ സംഭവം.
കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം അഖില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചോദിച്ച് വാങ്ങി പുറത്തിറങ്ങുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതികളാണ് അഖിലും വിഷ്ണുവും. ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളുമായും ഗുണ്ടാനേതാക്കളുമായും ബന്ധമുള്ളയാളാണ് വിഷ്ണുവെന്ന് പോലീസ് പറയുന്നു. സുധീഷിനെ വകവരുത്താനുള്ള പദ്ധതിയില്‍ ഇവരുടെ പങ്കെന്താണെന്നാണ് പോലീസ് തിരയുന്നത്. വെട്ടേറ്റ് ആശുപത്രിയിലെത്തിയപ്പോഴും ആക്രമിച്ചതാരാണെന്ന് പോലീസിനോട് വിഷ്ണുവും അഖിലും വെളിപ്പെടുത്തിയിരുന്നില്ല.
ഏറെനേരം ചോദ്യംചെയ്തതിനുശേഷമാണ് അക്രമികളെക്കുറിച്ച് ഇവര്‍ പറഞ്ഞത്. പകരംവീട്ടാനുള്ള പദ്ധതി ആദ്യമേ ഇവര്‍ക്കുണ്ടായിരുന്നുവെന്നും അതാണ് ആക്രമിച്ചവരെക്കുറിച്ചു പറയാന്‍ മടിച്ചതെന്നും പോലീസ് വിലയിരുത്തുന്നു. ഇവരെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. കോരാണി സ്വദേശികളായ സനല്‍കുമാര്‍, വിമല്‍കുമാര്‍, വിജേഷ്, ചെമ്പകമംഗലം സ്വദേശി ബിനു എന്നിവരാണ് മറ്റു പ്രതികള്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സുധീഷ് ഒളിവില്‍പ്പോയതും തുടര്‍ന്ന് കൊല്ലപ്പെട്ടതും.
ഒളിവില്‍പ്പോയ വിഷ്ണുവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇവരെ ഇരുവരെയും ചോദ്യംചെയ്യുന്നതിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന നിഗമനത്തിലാണ് പോലീസ്. തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘങ്ങളുമായി വിഷ്ണുവിന് വളരെ അടുത്ത ബന്ധമുണ്ട്. അവരുടെ സഹായത്തോടെ ഒളിവില്‍ പോയതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊലപാതകത്തിനുശേഷം മറ്റുള്ളവര്‍ക്കൊപ്പം ശാസ്തവട്ടത്തെത്തിയ ഒട്ടകം രാജേഷ് അവിടെനിന്ന് ഒറ്റയ്ക്കാണ് ഒളിയിടത്തിലേക്കു മാറിയത്. വിവിധ ജില്ലകളിലെ ഗുണ്ടകളുമായും പാറ-മണ്ണ്-മദ്യ ലോബികളുമായും ബന്ധമുള്ള രാജേഷിന് വിവിധയിടങ്ങളില്‍നിന്നു സഹായം ലഭിച്ചിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഇതാണ് ഇയാളെ പിടികൂടുന്നതിനുള്ള പ്രധാന തടസ്സം. രാജേഷിന്റെ ഒളിയിടം സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. പിടിയിലായവരെക്കൂടാതെ ഇയാളുമായി ബന്ധമുള്ള പലരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും ആരില്‍നിന്നും ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇയാള്‍ പോകാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളെല്ലാം പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
Content Highlights: pothencode sudheesh murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..