Screengrab: Mathrubhumi News
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സി.ഐ.യും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില് ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
സി.ഐ.യെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു. ഇതിനിടെ എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights: pothancode murder case police team met with boat accident during investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..