കൊല്ലപ്പെട്ട ഓമന, വിപിൻദാസ്
പൂവാര്‍: മദ്യപാനം എതിര്‍ത്തതിന് അമ്മയെ കൊന്നതാണെന്ന് മകന്റെ മൊഴി. പൂവാര്‍ പാമ്പുകാല ഊറ്റുകുഴി പാലയ്യന്റെ ഭാര്യ റിട്ട. അധ്യാപിക ഓമന(70)യെയാണ് മകന്‍ വിപിന്‍ദാസ്(39) കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിപിന്‍ദാസ് വീട്ടില്‍വച്ച് ഓമനയെ കൊലപ്പെടുത്തിയത്. നേരത്തെ സൈനികനായിരുന്ന വിപിന്‍ദാസ് വിരമിച്ചശേഷം അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
കടുത്ത മദ്യപാനിയായ ഇയാളുടെ വിവാഹം നടക്കാത്തത് അമ്മ കാരണമെന്ന് പറഞ്ഞ് ഇയാള്‍ നിരന്തരം ഓമനയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ഒന്നിന് അമിതമായി മദ്യപിക്കുകയും അമ്മയുമായി വഴക്കിടുകയും ചെയ്തു.
തുടര്‍ന്ന് സുഹൃത്തുക്കളേയും വീട്ടില്‍ വിളിച്ചുവരുത്തി മദ്യപാനം തുടര്‍ന്നു. ഇത് അമ്മ ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതനായ വിപിന്‍ദാസ് ഓമനയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെക്കുകയും അലറിക്കരഞ്ഞ ഓമനയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.
മരിച്ചശേഷവും ദേഷ്യം തീരാതെ ഇയാള്‍ അമ്മയെ കിടക്കയില്‍ കിടത്തുകയും നെഞ്ചില്‍ ആഞ്ഞ് ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തതായി പോലീസിനോട് പറഞ്ഞു.തുടര്‍ന്ന് മൃതദേഹം എടുത്ത് പുറത്തെ പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ച് മുഖത്തെ രക്തം കഴുകിക്കളയുകയും അമ്മ മരിച്ചുപോയതായി സുഹൃത്തുകളെ അറിയിക്കുകയും ചെയ്തു.
വീട്ടിലെത്തിയവര്‍ മൃതശരീരം കിടക്കുന്നതു കണ്ട് സംശയംതോന്നി തിരികെപോയി. തുടര്‍ന്ന് ഇയാള്‍ കാഞ്ഞിരംകുളത്ത് പോയി ശവപ്പെട്ടി വാങ്ങി വീട്ടിലെത്തിച്ചശേഷം വീടിന്റെ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മറവ് ചെയ്യുന്നതിനായി കുഴിവെട്ടുകയും ചെയ്തു. ഇതുകണ്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും വിപിന്‍ദാസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
പോലീസിന്റെ ആദ്യഘട്ട ചോദ്യംചെയ്യലില്‍ അമ്മ സ്വാഭാവികമയി മരിച്ചതാണെന്നും ബന്ധുക്കള്‍ സഹകരിക്കാത്തതിനാലാണ് മൃതശരീരം മറവുചെയ്യാന്‍ ശ്രമിച്ചതെന്നും മൊഴിനല്‍കിയിരുന്നു.
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് വിപിന്‍ദാസ് അമ്മയെ കൊന്നതാണെന്ന് പോലീസിനോട് സമ്മതിച്ചത്.
തിരുവനന്തപുരം റൂറല്‍ എസ്.പി. മധുവിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാര്‍, പൂവാര്‍ ഇന്‍സ്പെക്ടര്‍ എസ്.ബി.പ്രവീണ്‍, എസ്.ഐ.മാരായ സന്തോഷ്‌കുമാര്‍ സാബു, നെല്‍സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് വിപിന്‍ദാസിനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..