ലഹരി എത്തിയത് ബെംഗളൂരുവില്‍ നിന്ന്; സംഘാടകര്‍ പിടിയിലായതറിഞ്ഞ് മോഡലുകള്‍ മുങ്ങി


കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ റിസോര്‍ട്ടിനും ഇവരുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

ആറ്റുപുറം പ്രദേശത്തെ റിസോർട്ടിൽ അടുത്തകാലത്തു നടന്ന ഡി.ജെ. പാർട്ടിയിൽനിന്ന്

തിരുവനന്തപുരം: പൂവാര്‍ പട്ടണക്കാട് കാരക്കാട്ടില്‍ റിസോര്‍ട്ടില്‍ നടന്ന ഡി.ജെ. പാര്‍ട്ടിക്ക് ലഹരി നല്‍കിയ ബെംഗളൂരു സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നു. ലഹരി പാര്‍ട്ടിയുടെ സംഘാടകന്‍ അക്ഷയ്മോഹന്റെ അടുത്ത സുഹൃത്തുക്കളായ ബെംഗളൂരു സ്വദേശികളാണ് എം.ഡി.എം.എ. അടക്കമുള്ള മാരക ലഹരി കൈമാറിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍നിന്നും പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ഫോണുകളും കോടതിയുടെ അനുമതിയോടെ സൈബര്‍ പരിശോധനയ്ക്കു ഹാജരാക്കും. പ്രതികളുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.

പാര്‍ട്ടി ഹാളില്‍വച്ച് ഫോണിലൂടെ നടന്ന പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച നിര്‍വാണയുടെ പ്രധാനി ഉത്തരേന്ത്യന്‍ വിനോദസഞ്ചാരകേന്ദ്രമായ കുളു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായി നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അക്ഷയ് മോഹന്‍ ഇവരുമായി കൂടിയത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സംഗീത പാര്‍ട്ടി സംഘടിപ്പിക്കുകയും അതിന്റെ മറവില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ വില്‍ക്കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. മ്യൂസിക് ഫെസ്റ്റും ഫാഷന്‍ ഷോയും പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നു.

പാര്‍ട്ടിക്കിടെ റെയ്ഡ് ഉണ്ടായാലും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇവര്‍ എടുത്തിരുന്നു. ഡാന്‍സ് ഹാളില്‍ പല സ്ഥലത്തായി ലഹരി വില്‍പ്പനക്കാര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരെന്ന വ്യാജേന നിലയുറപ്പിക്കും.

പങ്കെടുക്കുന്നവരില്‍നിന്നും ലഹരി ആവശ്യമുള്ളവരെ ഇവരാണ് കണ്ടെത്തുക. ഒന്നോ രണ്ടോ കൈമറിഞ്ഞാകും ലഹരി ആവശ്യമുള്ളവരിലേക്ക് എത്തുക. പോലീസോ എക്സൈസോ എത്തുന്നുണ്ടോ എന്നറിയാന്‍ ഹാളിനു പുറത്ത് കാവലിന് ആളെ നിര്‍ത്തിയിരിക്കും. പാര്‍ട്ടിക്ക് എത്തുന്നവരെയും നിരീക്ഷിക്കും. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമാകും മയക്കുമരുന്ന് ഇറക്കുക. പണം വാങ്ങുന്ന ആളായിരിക്കില്ല മയക്കുമരുന്ന് നല്‍കുന്നത്. പണം കൈമാറി അല്‍പസമയത്തിനുള്ളില്‍ മറ്റൊരാള്‍ മയക്കുമരുന്ന് നല്‍കും. സുരക്ഷിത സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിട്ടാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.

സ്ത്രീകള്‍ അടക്കം വിതരണക്കാരായി ഉണ്ടാകും. ഈ സമയങ്ങളില്‍ പരിശോധന നടത്തിയാല്‍ കണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. ശനിയാഴ്ചത്തെ പാര്‍ട്ടി കഴിഞ്ഞ ശേഷം സംഘാടകര്‍ ലഹരി ഉപയോഗിച്ച് വിശ്രമിക്കുമ്പോഴാണ് പൂവാറില്‍ പരിശോധന നടന്നത്. ഇതുകൊണ്ടാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

അന്വേഷണത്തിന് പ്രത്യേക സംഘം

പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്സൈസ് പ്രത്യേക സംഘം രൂപവത്കരിച്ചു. അസി. എക്സൈസ് കമ്മിഷണര്‍ എസ്.വിനോദ്കുമാറിനാണ് അന്വേഷണച്ചുമതല. .0301 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പ്, 3.33 ഗ്രാം എം.ഡി.എം.എ., 1.30 ഗ്രാം എം.ഡി.എം.എ. ഗുളിക, 1.466 ഗ്രാം എം.ഡി.എം.എ. പോളിത്തീന്‍ സ്ട്രിപ്പ്, 7.15 ഗ്രാം ഹാഷിഷ് ഓയില്‍, 25 ഗ്രാം കഞ്ചാവ് എന്നിവയാണ് പ്രതികളില്‍നിന്നും പിടിച്ചത്. ചെറിയ അളവിലാണ് സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തിയതെങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. പ്രതികളായ ആര്യനാട് തോളൂര്‍ ലക്ഷ്മി ഭവനില്‍ അക്ഷയ്മോഹന്‍(26), കടകംപള്ളി വില്ലേജില്‍ ശംഖുംമുഖം രാജീവ് നഗറില്‍ ഷാരോണ്‍ ഹൗസില്‍ പീറ്റര്‍ ഷാനോ ഡെന്നി (35), അയിരൂപ്പാറ ചന്തവിള ഷാഹിറുദീന്‍ മന്‍സിലില്‍ ആഷിര്‍ (31) എന്നിവരെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.

ലഹരിമരുന്നുകള്‍ കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. റിസോര്‍ട്ടില്‍ നിന്നും സ്ത്രീ അടക്കം 19 പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ലഹരിക്ക് അടിപ്പെട്ട അവസ്ഥയിലായിരുന്നു. പിടികൂടിയ എക്സൈസ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.

ഫാഷന്‍ ഷോ മുടങ്ങി, മോഡലുകള്‍ മുങ്ങി

തിരുവനന്തപുരം: ലഹരി പാര്‍ട്ടിയുടെ സംഘാടകര്‍ എക്സൈസ് പിടിയിലായതറിഞ്ഞ് ഫാഷന്‍ ഷോയ്ക്ക് എത്തിയ മോഡലുകള്‍ മുങ്ങി. പിടിയിലായവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം 20 മോഡലുകള്‍ ഫാഷന്‍ ഷോയ്ക്ക് എത്തേണ്ടിയിരുന്നു. അതേസമയം ഷോയുടെ സംഘാടക പിടിയിലായിരുന്നു. ഇവരില്‍നിന്നാണ് ഷോയുടെ വിവരങ്ങള്‍ ലഭിച്ചത്. കൊച്ചിയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നു. ഇവര്‍ ക്ഷണിച്ചിരുന്ന പെണ്‍കുട്ടികളില്‍ പലരും മയക്കുമരുന്ന് കടത്തിന്റെ കണ്ണികളാണെന്നു സംശയമുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നീങ്ങും.

നിര്‍വാണയുടെ പേരില്‍ കൊച്ചിയിലും മറ്റും സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ റിസോര്‍ട്ടിനും ഇവരുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. കാരക്കാട്ട് റിസോര്‍ട്ടില്‍നിന്നും പിടിച്ചെടുത്ത നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ നിര്‍ണായകമാണ്. എക്സൈസിന്റെ സൈബര്‍ വിഭാഗം ഇതു പരിശോധിക്കും. സിന്തറ്റിക് ലഹരിക്കടത്തിലെ ആസൂത്രകരിലെ ചിലര്‍ ശനിയാഴ്ച നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതോടെ ഇവരുടെ പങ്കാളിത്തം വ്യക്തമാകും.

ആറ്റുപുറത്ത് റിസോര്‍ട്ടുകള്‍ പലതും അനധികൃതം

പാറശ്ശാല: ആറ്റുപുറം, പൊഴിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ ഭൂരിഭാഗവും അനധികൃത റിസോര്‍ട്ടുകളാണ്. കുളത്തൂര്‍ പഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത റിസോര്‍ട്ടുകള്‍ പൂട്ടാന്‍ പഞ്ചായത്ത് തിങ്കളാഴ്ച മുതല്‍ നോട്ടീസ് നല്‍കിത്തുടങ്ങി.

ആറ്റുപുറം, പൊഴിക്കര പ്രദേശത്തെ റിസോര്‍ട്ടുകളില്‍ ഭൂരിഭാഗവും അനധികൃമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് കുളത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശത്ത് ചെറുതും വലുതുമായി ഇരുപതില്‍ അധികം റിസോര്‍ട്ടുകള്‍ ഉള്ളവയില്‍ ഈ സാമ്പത്തിക വര്‍ഷം ലൈസന്‍സ് പുതുക്കിയത് ആറ് റിസോര്‍ട്ടുകള്‍ മാത്രമാണ്.

അനധികൃത റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഡി.ജെ. പാര്‍ട്ടികളും ലഹരിപ്പാര്‍ട്ടികളും അരങ്ങേറുന്നത്. ഈ പ്രദേശത്ത് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ദ്വീപുകളിലായതിനാല്‍ ഇവിടങ്ങളില്‍ എത്തിച്ചേരുന്നതിന് ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. ഇതിനാല്‍ തന്നെ എക്‌സൈസ്, പോലീസ് വിഭാഗങ്ങള്‍ റിസോര്‍ട്ടുകളില്‍ പരിശോധനയ്ക്കായി എത്താറില്ല. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് വരെ ഈ പ്രദേശത്ത് റിസോര്‍ട്ടുകള്‍ ഉള്ളതായി പറയപ്പെടുന്നുണ്ട്.

അനധികൃത റിസോര്‍ട്ടുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും പ്രദേശത്തെ ടൂറിസ വികസനത്തിനും തടസ്സമായി മാറുമെന്ന ഭയത്തിലാണ് അംഗീകൃത റിസോര്‍ട്ട് ഉടമകള്‍.

അനധികൃത ഡി.ജെ. ലഹരിപ്പാര്‍ട്ടികള്‍ പതിവ്, മദ്യവിതരണവും

പാറശ്ശാല: പൊഴിക്കര, ആറ്റുപുറം പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ ഡി.ജെ. ലഹരിപ്പാര്‍ട്ടികള്‍ സ്ഥിരംസംഭവമാണെന്ന് പ്രദേശവാസികള്‍. രാത്രിയില്‍ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ചാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഇത് കിലോമീറ്ററുകള്‍ക്ക് അപ്പുറത്തെ ജനവാസമേഖലകളില്‍വരെ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

പാര്‍ട്ടികള്‍ നടത്തുന്നതിനായി ഈ പ്രദേശത്തെ റിസോര്‍ട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പോലീസ് എക്‌സൈസ് പരിശോധനകള്‍ ഇന്നേവരെ നടന്നിട്ടില്ലാത്തതിനാല്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവരുടെ സുരക്ഷിത മേഖലയായിരുന്നു ഈ പ്രദേശം. സമീപത്തായി വീടുകളില്ലാത്തതും പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ പെട്ടെന്ന് എത്തിപ്പെടുവാന്‍ സാധിക്കില്ലെന്നതും ഇവര്‍ക്ക് സൗകര്യപ്രദമായി മാറിയിരുന്നു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് പാര്‍ട്ടികള്‍ അധികവും നടന്നിരുന്നത്. രാത്രി പത്തുമണിക്കുശേഷം ഈ പ്രദേശത്തെ റിസോര്‍ട്ടുകളിലേക്ക് യുവതീയുവാക്കള്‍ അടങ്ങുന്ന സംഘങ്ങളാണ് എത്തിച്ചേരുന്നത്. ബിയര്‍ വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് പോലും ഇല്ലാത്ത റിസോര്‍ട്ടുകളിലാണ് രാത്രികാലത്ത് ഡി.ജെ. പാര്‍ട്ടിയുടെ മറവില്‍ മദ്യ സത്കാരങ്ങള്‍ നടത്തിയിരുന്നത്.

നോക്കുകുത്തിയായി ആറ്റുപുറം എക്‌സൈസ് ചെക്പോസ്റ്റ്

പാറശ്ശാല: ആറ്റുപുറത്തെ റിസോര്‍ട്ടില്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിയുത്പന്നങ്ങള്‍ എത്തിച്ചത് ആറ്റുപുറത്തെ എക്‌സൈസ് ചെക്പോസ്റ്റിലെ ബാരിക്കേഡ് കടന്ന്. റിസോര്‍ട്ടുകളിലേക്കുള്ള റോഡ് വഴി ലഹരിയുത്പന്നങ്ങള്‍ സംസ്ഥാനത്തേക്കു കടത്തുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ പാതയില്‍ എക്‌സൈസ് വകുപ്പ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ പാതയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ ബാരിക്കേഡ് ഉയര്‍ത്തേണ്ടതിനാല്‍ ഡ്യൂട്ടിയിലുള്ളവര്‍ ബാരിക്കേഡ് എപ്പോഴും ഉയര്‍ത്തിവയ്ക്കുകയാണ് പതിവ്. ഈ സാഹചര്യം മുതലെടുത്താണ് ഈ പ്രദേശത്തേക്ക് ഈ പാതവഴി ലഹരിയുത്പന്നങ്ങള്‍ എത്തിക്കുന്നത്.

തമിഴ്നാട്ടില്‍നിന്ന് ഈ പാതവഴി വന്‍തോതില്‍ സംസ്ഥാനത്തേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ലഹരിയുത്പന്നങ്ങളും കടത്തുന്നുണ്ട്.

റിസോര്‍ട്ടിലേക്ക് എത്തി മടങ്ങുന്ന വാഹനങ്ങളെന്ന വ്യാജേനയാണ് ഈ പാതവഴി ലഹരിയുത്പന്നങ്ങള്‍ പോകുന്നത്.

പരിശോധന നടത്തുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതുമൂലം ലഹരികടത്തുകാരുടെ ഇഷ്ടപാതയായി മാറിയിട്ട് നാളേറെയാകുന്നു.

Content Highlights : Poovar Drug Party Case; Investigation towards Bengaluru Drug Mafia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented