അഫ്ലഹ് ഫുആദ്
മുക്കം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവുമായി പോളിടെക്നിക് വിദ്യാര്‍ഥി പിടിയില്‍. സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ പോളിടെക്‌നിക് വിദ്യാര്‍ഥിയായ അഫ്‌ലഹ് ഫുആദ് (20) ആണ് മുക്കം പോലീസിന്റെ പിടിയിലായത്.
കള്ളന്‍തോട് സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ രണ്ടാംവര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയാണ്. സ്ഥിരമായി ക്ലാസില്‍ എത്താത്ത കുട്ടികളെ അധ്യാപകരുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് വൈകിയെത്തിയ അഫ്‌ലഹിനെ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ അന്വേഷിച്ചത്. ഇതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് അധ്യാപകര്‍ മുക്കം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ നിര്‍ദേശപ്രകാരം കോളേജിലെത്തിയ പോലീസ് വിശദമായി പരിശോധന നടത്തിയപ്പോള്‍ ഇയാളില്‍നിന്ന് നാലുപൊതി കഞ്ചാവ് കണ്ടെടുത്തു. വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. എസ്.ഐ. സജിത്ത് സജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍റഷീദ്, സിവില്‍ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കല്‍, ഹോംഗാര്‍ഡ് ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മൊബൈല്‍ മോഷ്ടാക്കള്‍ പിടിയില്‍
കോഴിക്കോട്: പാളയത്ത് പഴക്കടയില്‍ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ടു പേരെ കസബ പോലീസ് പിടികൂടി. പാവങ്ങാട് പുതിയങ്ങാടി സീതാലയം രതീഷ് (36), ഇങ്ങാപ്പുഴ പുതുപ്പാടിപീടിക കുന്നുമ്മല്‍ സഫ്‌നാസ് (31) എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 24 മണിക്കൂറിനുള്ളിലാണ് ഇവരെ വലയിലാക്കിയത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്.അഭിഷേക്, സി.പി.ഒ. മാരായ എം.മുനീര്‍, മുഹമ്മദ് സക്കറിയ, ടി.കെ. വിഷ്ണുപ്രഭ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..