പ്രതിയായ പോലീസുകാരൻ മുഹമ്മദ് ബൂസരി, ഒന്നാം പ്രതി സി.പ്രദീഷ്
പാലക്കാട്: ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അണിക്കോട് കടമ്പിടിയിലെ ഇളനീർക്കടയിൽവെച്ച് സിന്ധുവിന്റെ ബാഗ് മോഷ്ടിച്ചത്. ഇളനീർ വാങ്ങാനായി സ്‌കൂട്ടറിൽ നിന്നിറങ്ങിയപ്പോൾ, സ്‌കൂട്ടറിൽ തൂക്കിയിട്ട ബാഗും ബാഗിലുണ്ടായിരുന്ന അരപ്പവന്റെ ലോക്കറ്റും, സ്ഥലത്ത് ജീപ്പിലുണ്ടായിരുന്നവർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സിന്ധു പറഞ്ഞ വണ്ടിനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമ്പാട്ടുപാളയത്തു നിന്നാണ് ജീപ്പ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തെങ്കിലും ആദ്യം സമ്മതിച്ചില്ല. പിന്നീട് ദേഹപരിശോധനയിൽ പ്രദീഷിൽ നിന്ന് 10,000 രൂപ കണ്ടെടുത്തു. മകളുടെ സ്വർണം പണയം വെച്ച കാശാണെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ, പ്രദീഷിന്റെ ഭാര്യയെ വിളിച്ച് പോലീസ് ചോദിച്ചപ്പോൾ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായി.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബാഗിലുണ്ടായിരുന്ന ലോക്കറ്റ് ചിറ്റൂരിലെ ജ്വല്ലറിയിൽ വിറ്റു കിട്ടിയ കാശാണെന്ന് പ്രതികൾ സമ്മതിച്ചു. ജ്വല്ലറിയിൽ നിന്ന് പോലീസ് ഈ ലോക്കറ്റ് കണ്ടെടുക്കുകയും ചെയ്തു. എന്നാൽ, ബാഗ് കണ്ടെത്താനായിട്ടില്ല. മുഹമ്മദ് ബൂസരിയുടെ അച്ഛനാണ് ജീപ്പിന്റെ ഉടമയെന്ന് ചിറ്റൂർ പോലീസ് പറഞ്ഞു.
റിമാൻഡ് നടപടിക്കിടെ നാടകീയരംഗങ്ങൾ
സ്‌കൂട്ടറിലെത്തിയ വീട്ടമ്മയുടെ ബാഗും സ്വർണവും മോഷ്ടിച്ചകേസിൽ അറസ്റ്റിലായ പോലീസുകാരനെ റിമാൻഡ് ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ നാടകീയരംഗങ്ങൾ.
കേസിൽ രണ്ടാംപ്രതിയായ ഹേമാംബികനഗർ പോലീസ്‌സ്റ്റേഷനിലെ സി.പി.ഒ. പുതുനഗരം സ്വദേശി മുഹമ്മദ് ബൂസരി (42) റിമാൻഡ് നടപടിക്കിടെ രണ്ടുവട്ടം കുഴഞ്ഞുവീഴുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ചും റിമാൻഡ് ചെയ്തശേഷം ചിറ്റൂർ സബ് ജയിലിലുമാണ് കുഴഞ്ഞുവീണത്. മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ മുഹമ്മദ് ബൂസരിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിലെ ഒന്നാംപ്രതി ചിറ്റൂർ തറക്കളം സി. പ്രദീഷിനെ (33) ബുധനാഴ്ചരാത്രി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മൂന്നാംപ്രതി ഇടുക്കിസ്വദേശി വിനു ഒളിവിലാണ്.
തത്തമംഗലം മേട്ടുപ്പാളയം മീനിക്കോട് വീട്ടിൽ ജയന്റെ ഭാര്യ സിന്ധുവിന്റെ ബാഗും സ്വർണവും ബുധനാഴ്ച ഇവർ മോഷ്ടിച്ചെന്നാണ് കേസ്. പോലീസുകാരനെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുന്നതിനുമുമ്പ് ചിറ്റൂർ താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ആദ്യം കുഴഞ്ഞുവീണത്. തുടർന്ന്, ഡോക്ടർമാർ മരുന്ന് നൽകിയശേഷം കുഴപ്പമില്ലെന്ന് അറിയിച്ചു.
പിന്നീട്, ചിറ്റൂരിലെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാത്രി 11-ഓടെ ചിറ്റൂർ സബ്‌ജയിലെത്തിച്ചപ്പോൾ വീണ്ടും കുഴഞ്ഞുവീണ പോലീസുകാരനെ താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി രാത്രി 12-ഓടെ ബൂസരിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിവരെയും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷമേ ജയിലിലേക്ക് അയക്കുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂവെന്ന് ചിറ്റൂർ എസ്.ഐ. കെ.വി. സുധീഷ് കുമാർ പറഞ്ഞു.
പോലീസുകാരന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കും
മോഷണക്കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ബൂസരിക്കൊപ്പം ഉണ്ടായിരുന്ന രണ്ടുംപേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി പോലീസ് ഉദ്യോഗസ്ഥനുള്ള ബന്ധം അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിയും ഉത്തരവിട്ടിട്ടുണ്ട്.
പ്രദീഷിനെതിരേ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചതിനും കൂടാതെ, അടിപിടിക്കും നിരവധി കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. ഇടുക്കിസ്വദേശി വിനുവിനെതിരേ ഇടുക്കി പോലീസിലും മോഷണക്കേസുണ്ട്.
ചിറ്റൂർ വിളയോടിയിൽ താമസിക്കുന്ന വിനുവും പ്രദീഷും തടവുശിക്ഷയ്ക്കിടെയാണ് പരിചയപ്പെട്ടത്. മുഹമ്മദ് ബൂസരിയെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
Content Highlights: policeman arrested in robbery case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..