-
ഷൊർണൂർ: ഷൊർണൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കരുനാഗപ്പള്ളി നീണ്ടകര, പൂതൻതറ കല്ലാശ്ശേരി എ. വിനോദിനെ (46) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചരാവിലെയാണ് സംഭവം. സ്‌റ്റേഷനുപിറകിൽ ലോട്ടറിക്കട നടത്തുന്ന മുണ്ടായ മാമിലക്കുന്നത്ത് ഉണ്ണികൃഷ്ണനെയും (36) അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുണ്ടായ ലക്ഷംവീട് കോളനിയിൽ ബിനോയുടെ (23) പക്കൽനിന്ന് 4000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇതിനുമുമ്പ് മൂന്നുതവണയായി ആറായിരംരൂപ വിനോദ് ബിനോയിയിൽനിന്ന് വാങ്ങിയതായും വിജിലൻസ് അധികൃതർ പറഞ്ഞു.
ലോട്ടറിക്കടയിൽ എത്തി 4000 രൂപ വിനോദിന് ബിനോയ് നൽകുന്നതിനിടെ ഡിവൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. സംഭവത്തിൽ ബിനോയ് പ്രതിയല്ലെന്നും കേസുമായി ബന്ധപ്പെട്ട പ്രതിക്കൊപ്പം ജോലി ചെയ്തിരുന്നതും ബൈക്കിൽ സഞ്ചരിച്ചിരുന്നതും ചൂണ്ടിക്കാട്ടി വിനോദ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വിജിലൻസ് സംഘം പറഞ്ഞു.
വിനോദിനുവേണ്ടി മൂന്നുതവണയായി 6000 രൂപ ബിനോയിയിൽനിന്ന് വാങ്ങി നൽകിയതിനാണ് ഉണ്ണിക്കൃഷ്ണനെ അറസ്റ്റുചെയ്തത്. പ്രതിയാക്കാതിരിക്കാം എന്നുപറഞ്ഞ് വിനോദിന്റെ നിർദേശപ്രകാരം ഉണ്ണികൃഷ്ണൻ ബിനോയിയുടെ വീട്ടിലെത്തി അമ്മയുമായി സംസാരിച്ച് ആദ്യം 20,000 രൂപ ആവശ്യപ്പെട്ടിരുന്നതായി അധികൃതർ പറഞ്ഞു.
പിന്നീട് 10,000 രൂപ നൽകിയാൽ രക്ഷപ്പെടുത്താമെന്നായി. ഈ സംഖ്യയിൽ 6000 രൂപ മൂന്നുതവണയായി ബിനോയ് ഉണ്ണിക്കൃഷ്ണനെ ഏൽപ്പിച്ചിരുന്നുവെങ്കിലും ബാക്കിവന്ന 4000 രൂപ ബുധനാഴ്ച നൽകിയില്ലെങ്കിൽ പ്രതിയാക്കുമെന്ന് പറഞ്ഞിരുന്നു. വിജിലൻസ് നൽകിയ പണമാണ് ബിനോയ് വിനോദിന് നൽകിയത്.
പണം ആവശ്യപ്പെട്ട് ബിനോയിയെ വിനോദ് സമീപിച്ചപ്പോൾ തന്നെ ബിനോയ് പാലക്കാട് വിജിലൻസിൽ പരാതിനൽകി. തുടർന്ന് മൂന്നുതവണ പണം നൽകുമ്പോഴും വിജിലൻസ് സംഘം വിനോദിനെ നിരീക്ഷിച്ചിരുന്നു. കൈക്കൂലി വാങ്ങുന്നുണ്ടെന്ന് ഉറപ്പാക്കിയതിന്റെ ഭാഗമായാണ് ബുധനാഴ്ചരാവിലെ സംഘം അറസ്റ്റ് ചെയ്തത്. വിനോദിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Content Highlights: police officer caught red handed taking bribe, shoranur railway station
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..