Screengrab: Youtube.com|Super News(Left) & Representational Image (Right)AFP
അജ്മീര്‍: പോലീസ് ഉദ്യോഗസ്ഥരുടെ അശ്ലീല വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ഇരുവരെയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അജ്മീര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനി, ജയ്പുര്‍ പോലീസ് കമ്മീഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് ഡി.ജി.പി. എം.എല്‍. ലാഥര്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസങ്ങളിലാണ് സര്‍ക്കിള്‍ ഓഫീസറും വനിതാ കോണ്‍സ്റ്റബിളും ഒരുമിച്ചുള്ള വീഡിയോദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് പോലീസ് വകുപ്പ് തലത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന്റെ പ്രാഥമിക നടപടിയായാണ് സസ്‌പെന്‍ഷന്‍.
സര്‍ക്കിള്‍ ഓഫീസറും വനിതാ കോണ്‍സ്റ്റബിളും ഒരു സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. സ്വിമ്മിങ് പൂളില്‍വെച്ച് ഇവര്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. വനിതാ കോണ്‍സ്റ്റബിളിന്റെ മകനാണെന്ന് കരുതുന്ന ഒരു ആണ്‍കുട്ടിയും വീഡിയോയിലുണ്ട്. കുട്ടിയുടെ മുന്നില്‍വെച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള പെരുമാറ്റം.
അതിനിടെ, ഭാര്യയ്‌ക്കെതിരേ ഓഗസ്റ്റ് രണ്ടിന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭാര്യ സര്‍ക്കിള്‍ ഓഫീസര്‍ക്കൊപ്പമുള്ള അശ്ലീലവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. ഈ വീഡിയോ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടു. പ്രായപൂര്‍ത്തിയാകാത്ത മകന്റെ മുന്നില്‍വെച്ചാണ് ഭാര്യയും സര്‍ക്കിള്‍ ഓഫീസറും ഇത്തരത്തില്‍ പെരുമാറിയത്. ഇരുവരും തമ്മില്‍ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഇത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരേ നടന്ന കുറ്റകൃത്യമാണെന്നും ഇദ്ദേഹത്തിന്റെ പരാതിയിലുണ്ട്. 2001-ലാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്. 2008-ല്‍ യുവതിക്ക് പോലീസില്‍ ജോലി കിട്ടി. ദമ്പതിമാര്‍ക്ക് ആറ് വയസ്സുള്ള മകനാണുള്ളത്.
എന്നാല്‍ വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനി പ്രതികരിച്ചു. തനിക്കെതിരേ പോലീസില്‍ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവ് നല്‍കിയ പരാതി ഡി.ജി.പി. ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും ഇരുവര്‍ക്കുമെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: police officer and woman constable video went viral both suspended in rajasthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..