കൊല്ലപ്പെട്ട ആനീസ്, പോലീസ് പുറത്തുവിട്ട രാജേന്ദ്രന്റെ ചിത്രം. Screengrab: Mathrubhumi News
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിലെ ആനീസ് വധത്തിന് പിന്നിലും കഴിഞ്ഞദിവസം പിടിയിലായ രാജേന്ദ്രനാണെന്ന് പോലീസിന്റെ സംശയം. തിരുവനന്തപുരം അമ്പലമുക്കില്‍ നഴ്സറിക്കുള്ളില്വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനെ പോലീസ് പിടികൂടിയത്. കത്തി കൊണ്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചാണ് നഴ്സറിയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രന് കൊലപ്പെടുത്തിയത്. സമാനരീതിയിലാണ് ഇരിങ്ങാലക്കുടയിലെ കോമ്പാറയില്‍ 2019-ല്‍ ആനീസ് എന്ന വീട്ടമ്മയും കൊല്ലപ്പെട്ടത്. ഇതാണ് ആനീസ് വധത്തിന് പിന്നിലും രാജേന്ദ്രനാണോ എന്ന സംശയമുയരാന്‍ കാരണം.
രാജേന്ദ്രന് തിരുവനന്തപുരത്ത് പിടിയിലായതിന് പിന്നാലെ ആനീസ് വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. രാജേന്ദ്രന് എന്ന പേരിലോ മറ്റു വ്യാജപേരുകളിലോ ഇയാള്‍ ഇരിങ്ങാലക്കുടയിലോ സമീപപ്രദേശങ്ങളിലോ ജോലിചെയ്തിരുന്നോ എന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇയാള്‍ ഹോട്ടലുകളിലോ ഇറച്ചിക്കടകളിലോ മറ്റേതെങ്കിലും തൊഴിലുകളിലോ ഏര്‍പ്പെട്ടിരുന്നതായി അറിയാവുന്നവര്‍ വിവരം കൈമാറണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
രാജേന്ദ്രനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ 0480-2825228, 9497991040 എന്നീ നമ്പറുകളില്‍ വിവരം നല്‍കണമെന്ന് പോലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള കാര്യങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിക്കും.
2019 നവംബര്‍ 14-ന് വൈകീട്ടാണ് ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസി(58)നെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസിന് രാത്രി കൂട്ടിന് കിടക്കാന്‍ വരാറുള്ള സ്ത്രീ വൈകീട്ട് ആറരയോടെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. വീടിന്റെ മുന്‍വശത്തെ ഡോര്‍ പുറത്തുനിന്ന് അടച്ചനിലയിലായിരുന്നു.
അകത്തുകയറി നോക്കിയപ്പോഴാണ് അടുക്കളയുടെ തൊട്ടടുത്ത ഹാളില്‍ രക്തത്തില്‍ കുളിച്ച് മരിച്ചനിലയില്‍ ആനീസിനെ കണ്ടത്. പോലീസ് അന്വേഷണത്തില്‍ വളകള്‍ മോഷണം പോയതായി വ്യക്തമായെങ്കിലും കമ്മലുകളും മാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നില്ല.
ഫോറന്‍സിക്, വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും വിരലടയാളമോ മറ്റു തെളിവുകളോ ലഭിച്ചില്ല. പ്രതി ആയുധം പൊതിഞ്ഞുകൊണ്ടുവന്നതെന്നു കരുതുന്ന നവംബര്‍ 13-ലെ പത്രക്കടലാസ് മാത്രമാണ് പോലീസിന് ലഭിച്ച ആകെ തെളിവ്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘമാണ് ആദ്യം അന്വേഷണം നടത്തിയത്. 2021 ജനുവരിയില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Content Highlights: police investigation on irinjalakuda aanees murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..