ഫയൽചിത്രം|മാതൃഭൂമി
കൊല്ലം: ദൃക്സാക്ഷികളില്ലാത്ത കൊലപാതകം, ആയുധം പാമ്പും. ഉത്ര വധക്കേസില്‍ പോലീസ് സംഘം നേരിട്ട വെല്ലുവിളികള്‍ ചില്ലറയായിരുന്നില്ല. എന്നാല്‍ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ പ്രതി സൂരജ് തന്നെയാണെന്ന് സ്ഥാപിക്കാന്‍ പോലീസിനായി. അത് കേരള പോലീസിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി മാറുകയും ചെയ്തു.
ഒരാളെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന സംഭവം കേരളത്തില്‍ ആദ്യമായിട്ടായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ നാഗ്പുരിലും രാജസ്ഥാനിലും സമാനരീതിയിലുള്ള കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്രയെ കൊലപ്പെടുത്തിയത് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണെന്ന് കണ്ടെത്തിയതോടെ ഈ കേസുകളെല്ലാം പോലീസ് സംഘം വിശദമായി പഠിച്ചു. ഓരോനിമിഷവും പ്രതിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കരുതെന്ന് മാത്രമായിരുന്നു പോലീസിന്റെ തീരുമാനം. അതിനായി ഇന്നേവരെ കേരള പോലീസ് സഞ്ചരിക്കാത്ത വഴികളിലൂടെ അന്വേഷണസംഘം നീങ്ങി.
പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം, വിദഗ്ധരുടെ മൊഴികള്‍...
തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസെന്നാണ് ഉത്ര വധക്കേസിനെ കൊല്ലം റൂറല്‍ എസ്.പി.യായിരുന്ന ഹരിശങ്കര്‍ വിശേഷിപ്പിച്ചിരുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ ഉത്ര വധക്കേസിന്റെ അന്വേഷണരീതി ഐ.പി.എസ്. പരിശീലനത്തിന്റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. റൂറല്‍ എസ്.പി. ഹരിശങ്കര്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബി. അശോകന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉത്ര വധക്കേസിലെ അന്വേഷണം.

കേസിലെ പ്രതി സൂരജും പാമ്പ് പിടിത്തക്കാരനായ സുരേഷും തമ്മിലുള്ള ബന്ധം തെളിഞ്ഞതോടെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് എങ്ങനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയും അത് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുകയുമായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. അന്വേഷണത്തിന്റെ ഭാഗമായി ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടവും നടത്തിയിരുന്നു. കുഴിച്ചിട്ട സ്ഥലത്തുനിന്ന് പാമ്പിന്റെ ജഡം പുറത്തെടുത്താണ് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പാമ്പിന്റെ ഡി.എന്‍.എ. ശേഖരിക്കുകയും ചെയ്തു.
പാമ്പിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊപ്പം ഉത്ര കിടന്നിരുന്ന മുറിയുടെ വിശദാംശങ്ങളും അന്വേഷണസംഘം കൃത്യമായി പഠിച്ചു. അഞ്ചലിലെ വീട്ടിലെ മുറിയില്‍ ഒരിക്കലും മൂര്‍ഖന്‍ കയറാന്‍ സാധ്യതയില്ലെന്ന് വിദഗ്ധരെ ഉപയോഗിച്ച് ഉറപ്പുവരുത്തി. പാമ്പ് കടിച്ചാല്‍ വേദന അറിയുമെന്നതിനാല്‍ ഉത്രയെ മയക്കികിടത്തിയെന്ന കണ്ടെത്തലും തെളിയിക്കാനായി. രണ്ട് തവണ പാമ്പ് കടിച്ചിട്ടും ഉത്ര വേദനകൊണ്ട് കരയുക പോലും ചെയ്തിരുന്നില്ല. ഇതാണ് ഉത്രയെ മയക്കിയെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. പായസത്തിലും ജ്യൂസിലും മയക്കുഗുളിക കലര്‍ത്തിനല്‍കിയതായി പ്രതി സൂരജും സമ്മതിച്ചിരുന്നു.

അണലിയും മൂര്‍ഖനും കടിച്ചപ്പോളുണ്ടായ പാടുകള്‍ സ്വാഭാവികരീതിയിലുള്ളതല്ലെന്ന് വിദഗ്ദര്‍ മൊഴി നല്‍കിയിരുന്നു. ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വറും, പാമ്പ് പിടിത്തക്കാരനായ വാവ സുരേഷും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം കോടതിയിലും ആവര്‍ത്തിച്ചു.
അണലി ഒരിക്കലും വീടിന്റെ രണ്ടാംനിലയില്‍ കയറി കടിക്കില്ലെന്നായിരുന്നു വാവ സുരേഷിന്റെ മൊഴി. ഉത്രയുടെ വീട്ടിലെ ടൈല്‍ പാകിയ മുറിയില്‍ പുറത്തുനിന്ന് മൂര്‍ഖന്‍ കയറാന്‍ സാധ്യതയില്ലെന്നും ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തില്‍ കടിക്കുന്നത് അസ്വാഭാവികമാണെന്നും വാവ സുരേഷ് പറഞ്ഞിരുന്നു.
ഉത്രയുടെ കൈകളിലെ കടിപ്പാട് മൂര്‍ഖന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മാത്രമുണ്ടാകുന്ന പാടുകളാണെന്നും പോലീസിന് തെളിയിക്കാനായി. ഇതിനായി ഉത്രയുടെ ഡമ്മി തയ്യാറാക്കിയാണ് പോലീസ് പരീക്ഷണം നടത്തിയത്. ഡമ്മിയിലെ കൈയില്‍ കോഴിമാംസം കെട്ടിവെച്ച് മറ്റൊരു മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുകയായിരുന്നു. സ്വാഭാവികമായി കടിയേല്‍ക്കുന്നതും പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമായി തെളിയിക്കാനും കഴിഞ്ഞു.

ഉത്രയെ പാമ്പ് കടിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നായിരുന്നു ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസറായ ഡോ. ജെ. കിഷോര്‍കുമാറിന്റെ മൊഴി. ഉത്രയുടെ രക്തസാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ മരുന്നിന്റെ അംശം കണ്ടെത്തിയതായും ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അളവിനെക്കാള്‍ കൂടുതലായിരുന്നു ഇത്. ഉത്രയെ മയക്കികിടത്തിയെന്ന വാദം സാധൂകരിക്കുന്നതായിരുന്നു ഈ കണ്ടെത്തലുകളെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പാമ്പിന്റെ ജഡത്തില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ.യും സൂരജിന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ ഡി.എന്‍.എ.യും മാച്ചിങ് ആണെന്നും കണ്ടെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..