ഇൻസ്പെക്ടർ ഷിബുകുമാർ, സുദീപ് ജോസ്
കോട്ടയം: അച്ഛനെ കല്ലിനെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് ഒതുക്കിത്തീർക്കുന്നതിന് പ്രതിയായ മകന്റെ കൈയ്യിൽനിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്പെക്ടറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. കോട്ടയം മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വി.ഷിബുകുമാർ (46), സ്റ്റേഷനിലെ കാന്റീൻ നടത്തിപ്പുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ സുദീപ് ജോസ് (39) എന്നിവരെയാണ് കിഴക്കൻ മേഖല വിജിലൻസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം ഇളംകാട് സ്വദേശികളായ അച്ഛനും മകനും തമ്മിലുണ്ടായ കേസിലാണ് ഇൻസ്പെക്ടറുടെ അവിഹിത ഇടപെടൽ. തന്നെ ഉപദ്രവിച്ചെന്നും തലയ്ക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുംകാട്ടി അച്ഛൻ നൽകിയ പരാതിയിലാണ് മകനെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി മുണ്ടക്കയം പോലീസ് കേസെടുത്തത്. ഇയാളുടെ വാഹനം അടക്കം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കേസ് ഒതുക്കിത്തീർത്ത് വാഹനം തിരികെനൽകുന്നതിനും, കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകി മകനെ തിരികെ വീട്ടിൽകയറ്റി താമസിപ്പിക്കുന്നതിന് നടപടിയെടുക്കാമെന്നും ഉറപ്പുനൽകി ഇടനിലക്കാരൻ മുഖേന ഇൻസ്പെക്ടർ ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഒരുലക്ഷം രൂപ രണ്ട് തവണയായി നൽകാമെന്ന് ധാരണയിലെത്തി.
ഇതനുസരിച്ച് അര ലക്ഷം രൂപ കൊടുക്കുന്നതിനായി തിങ്കളാഴ്ച വൈകീട്ടോടെ മകൻ ഇൻസ്പെക്ടറുടെ ക്വാർട്ടേഴ്സിലെത്തി. ഈ സമയം അവിടെയുണ്ടായിരുന്ന ഇടനിലക്കാരൻ സുദീപിനെ പണം ഏല്പിച്ചു. ഇയാൾ ഇൻസ്പെക്ടർക്ക് തുക കൈമാറുന്നതിനിടെ വിജിലൻസ് സംഘം വീടിനുള്ളിൽകയറി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ കഴക്കൂട്ടം പോലീസ് ഇൻസ്പെക്ടറായിരിക്കെ ഷിബുകുമാറിനെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
നിരവധി ആരോപണങ്ങൾ നേരിടുന്ന ഇയാൾ പീരുമേട്ടിൽനിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തശേഷം, കൈക്കൂലിയായി മൂന്ന് ലക്ഷം രൂപ വാങ്ങി കഞ്ചാവ് 30 ഗ്രാമാക്കി കുറച്ച് പ്രതികൾക്കെതിരേ കേസെടുത്തെന്നും ആക്ഷേപമുണ്ട്. ഡിവൈ.എസ്.പിമാരായ പി.ജി. രവീന്ദ്രനാഥൻ, വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, എസ്.ഐമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ ടി.കെ, പ്രസന്നകുമാർ ടി.കെ, സന്തോഷ്കുമാർ കെ., സന്തോഷ്, എ.എസ്.ഐമാരായ വി.എൻ. സുരേഷ്കുമാർ, കൃഷ്ണകുമാർ, സുരേഷ്, സജിമോൻ, ബിജു പി.എ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സുരാജ്, കുര്യാക്കോസ് എബ്രഹാം, ബി.ജു കെ.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ശോഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..