അതിഥി തൊഴിലാളികൾ നശിപ്പിച്ച പോലീസ് വാഹനങ്ങൾ | Photo: മാതൃഭൂമി
കൊച്ചി: കിഴക്കമ്പലം അക്രമത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി. വധശ്രമം, പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള 11 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ഇതുവരെ 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. പോലീസിന് നേരെയുണ്ടായ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്യുന്നത്.
കസ്റ്റഡിയിലുള്ളവരില്‍ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്യങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പോലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ്. ഇന്നലെ 24 പേരെയാണ് അറസ്റ്റ് ചെയ്തതത്. ഇന്നലെ രാത്രി മുതല്‍ നടത്തിയ തിരച്ചിലിലാണ് 26 പേരെ കൂടി അറസ്റ്റ് ചെയ്തത്.
അക്രമ സംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പോലീസ് പരിശോധിക്കും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ ആളുകളെ തിരിച്ചറിയാനാണ് ഈ നടപടി. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ട നടപടിയും ബാക്കിയാണ്.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു. വധശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസുകാരെ ജീപ്പിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ വാതില്‍ സംഘം ചേര്‍ന്ന് ചവിട്ടി പിടിച്ച ശേഷമാണ് തീയിട്ടത്. ചുട്ടുകൊല്ലാനുള്ള നീക്കം തന്നെയാണ് നടന്നതെന്ന് വ്യക്തം.
കേസുമായി ബന്ധപ്പെട്ട് കൂടുതലാളുകളെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. നിലവില്‍ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്ന് തന്നെ വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇതിനായി കൂടുതല്‍ സജ്ജീകരണങ്ങള്‍ വേണ്ടതുണ്ട്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങളൊരുക്കാന്‍ പ്രത്യേക യോഗം ചേരും.
Content Highlights: police imposed more charges in Kizhakkambalam migrant workers attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..