വ്യക്തിവിരോധം തീര്‍ക്കാന്‍ പോലീസുകാര്‍ കെട്ടിച്ചമച്ചത് പോക്‌സോ കേസ്, പത്ത് വര്‍ഷത്തിന് ശേഷം നിരപരാധി


വിവേക് ആര്‍. ചന്ദ്രന്‍

ഓട്ടോ ഡ്രൈവർ മുരുകൻ

തിരുവനന്തപുരം: വ്യക്തിവിരോധം തീര്‍ക്കാന്‍ സി.ഐ.ടി.യു. നേതാവായ ഓട്ടോ ഡ്രൈവര്‍ക്കെതിരേ പോലീസ് എടുത്തത് രണ്ടു കള്ളക്കേസ്. അതും ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിനുള്ള പോക്‌സോ കേസ്. കുടുംബജീവിതം തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ മനുഷ്യന്‍ ഒടുവില്‍ പത്തുവര്‍ഷം നീണ്ട നിയമ യുദ്ധത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്.

വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയിട്ടുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. സര്‍വീസില്‍നിന്ന് വിരമിച്ച ഈ എസ്.ഐ. ഇപ്പോള്‍ പൂജപ്പുരയിലെ ഒരു കേന്ദ്ര സ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇയാളടക്കം രണ്ടുപേര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പ്രതിയാക്കപ്പെട്ട മുരുകന്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്‌ളസ് ടു വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്നാരോപിച്ചാണ് പോലീസ് മുരുകനെ അറസ്റ്റ് ചെയ്തത്. ഇതിനായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ സാക്ഷിയായി ഹാജരാക്കി.

അഞ്ച് വര്‍ഷമായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ അറിയില്ലെന്നായിരുന്നു എസ്.ഐ. മോഹനന്റെ മൊഴി. ഒടുവില്‍ വിചാരണയ്ക്കിടെ മോഹനന്‍ പറഞ്ഞിട്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് സ്ത്രീയും കോടതിയില്‍ പറഞ്ഞു. തെളിവായി ഹാജരാക്കിയ പ്രതിയുടേയും വാദിയുടെയും അടിവസ്ത്രങ്ങള്‍ തെരുവില്‍ നിന്നും വാങ്ങിയ ഒരേതരത്തിലുള്ളതാണെന്നും കണ്ടെത്തി.

വഞ്ചിയൂര്‍ ക്രൈം എസ്.ഐ. സി. മോഹനനെതിരായി അതിരൂക്ഷമായാണ് അന്തിമവിധിയില്‍ പോക്സോ കോടതി ജഡ്ജി എം. പി.ഷിബു വിമര്‍ശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് കോടതി പറയാതെ പറഞ്ഞു. കൃത്യമായ ശാസ്ത്രീയ തെളിവോ രേഖകളോ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഇല്ലാതാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ മറ്റൊരു സംഭവമാണ് ഈ കേസ്. പ്രതിക്കു വേണ്ടി അഡ്വ. അശോക് പി. നായരാണ് കോടതിയില്‍ ഹാജരായത്. കോഴിക്കോട് സുന്ദരിയമ്മാള്‍ കേസില്‍ ഇതുപോലെ വ്യാജമായി പ്രതിയെ ചേര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായിരുന്നു.

2011 ജനുവരിയില്‍ രാത്രിഓട്ടത്തിന് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പേരെഴുതിയിടാനെത്തിയ കണ്ണേറ്റുമുക്ക് സ്വദേശിയും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി അംഗവുമായ മുരുകന്‍ നിലവിളിശബ്ദം കേട്ടാണ് പോലീസ് സ്റ്റേഷനകത്ത് ചെല്ലുന്നത്. പോലീസ് രണ്ടു വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന രംഗമാണ് കണ്ടത്.

സംഭവം മുരുകന്‍ പോലീസ് കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചുപറഞ്ഞു. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ തങ്ങളെ പോലീസ് ജീപ്പിന് സൈഡ് നല്‍കാത്തതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആ വിദ്യാര്‍ഥികള്‍ മുരുകനോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണത്തിനായി അടുത്ത ദിവസം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നിന്നും രണ്ടു പോലീസുകാര്‍ മുരുകനെ തേടിയെത്തി.

ഇതിന്റെ അടുത്ത ദിവസങ്ങളില്‍ മുരുകനെതിരേ തമ്പാനൂര്‍ പോലീസ് ഒരു പോക്സോ കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയില്‍ ഒരു വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പോക്സോ കേസായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മറ്റൊരാവശ്യം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്ത് ജയിലിലായി.

അന്ന് തമ്പാനൂര്‍ സ്റ്റേഷനില്‍ എസ്.ഐ. ആയിരുന്ന ശിവകുമാറിനെതിരേയാണ് മുരുകന്‍ കമ്മിഷണര്‍ ഓഫീസില്‍ മൊഴി നല്‍കിയത്. പോക്സോ കേസല്ല തങ്ങള്‍ നല്‍കിയതെന്ന് വാദി തന്നെ പറഞ്ഞതോടെ മുരുകനെ വെറുതേവിട്ടു. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയ മുരുകന്‍ 2011 ജനുവരി 25-ന് പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചു.

തനിക്കെതിരേ എടുത്ത കേസ് വ്യാജമാണെന്നും എസ്.ഐ. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും വെളിപ്പെടുത്തി. വാര്‍ത്ത പത്രങ്ങളില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് പെറ്റിക്കേസുണ്ടെന്ന പേരില്‍ വിളിച്ചുവരുത്തി അടുത്ത പോക്സോ കേസില്‍ മുരുകനെ അറസ്റ്റു ചെയ്തു. പോലീസിനെതിരേ പരാതി പോയാല്‍ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂര്‍ എസ്.ഐ. മോഹനന്‍ മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.

ആദ്യ കേസിനുശേഷം ജാമ്യത്തിലിറക്കാന്‍ ചില സുഹൃത്തുക്കളും ബന്ധുക്കളും തയ്യാറായെങ്കിലും രണ്ടാമത്തെ കേസോടെ എല്ലാവരും മുരുകനെ ഒഴിവാക്കി. ജാമ്യമെടുക്കാന്‍ ആളില്ലാതായതോടെ മാസങ്ങളോളം ജയിലില്‍ കിടന്നു. പോക്സോ കേസായതിനാല്‍ പാര്‍ട്ടിയും കൈവിട്ടു. ഭാര്യയും ഏക മകളും അപമാനഭാരത്താല്‍ തലതാഴ്ത്തി ജീവിച്ചു. മാസങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളായ മോഹനനും വേണുവും ചേര്‍ന്ന് ജാമ്യത്തിലിറക്കി.

പിന്നീടങ്ങോട്ടുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. രാത്രി വൈകിമാത്രം കടത്തിണ്ണകളില്‍ കിടക്കും. ശ്രീകണ്ഠേശ്വരം കുളത്തില്‍ പോയി കുളിക്കും. പോക്സോ കേസ് പ്രതിയെന്ന് പലരും തിരിച്ചറിഞ്ഞതോടെ കടത്തിണ്ണയിലെ ഉറക്കവും നഷ്ടപ്പെട്ടു. പിന്നെ നാഗര്‍കോവില്‍ ബസില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തായി രാത്രിയുറക്കം.

മുരുകന്‍ പറയുന്നത്...

'ഇനി ജീവിക്കണ്ട എന്നു കരുതി പല തവണ ആത്മഹത്യക്ക് ആലോചിച്ചു. പക്ഷേ മകളുടെ മുഖം ഓര്‍ത്തപ്പോള്‍ കഴിഞ്ഞില്ല''- ഓട്ടോ ഡ്രൈവര്‍ മുരുകന്‍ ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഇല്ലാതാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ മറ്റൊരു സംഭവമാണ് ഈ കേസ്. കുടുംബ ജീവിതം തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ മനുഷ്യന്‍ ഒടുവില്‍ പത്തുവര്‍ഷം നീണ്ട നിയമയുദ്ധത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്'

Content Highlights: crime diary, crime news, kerala police, fake pocso


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented