അറസ്റ്റിലായ സജി | ഫോട്ടോ: മാതൃഭൂമി
തിരുവല്ല: ഹോംസ്റ്റേകളിലും ഫ്‌ളാറ്റുകളിലും താമസിച്ച് കള്ളനോട്ട് അച്ചടിച്ച് വിതരണംചെയ്യുന്ന സംഘത്തിലെ ഒരാളെ തിരുവല്ല പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപ്പറമ്പില്‍ എം.സജിയാണ്(38) അറസ്റ്റിലായത്. കോട്ടയം നഗരത്തിലെ വാഹന സര്‍വീസ് കേന്ദ്രത്തില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. സംഘം താമസിച്ചിരുന്ന കോട്ടയത്തെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പ്രിന്റര്‍, പെന്‍ഡ്രൈവ്, നോട്ട് അച്ചടിച്ച പേപ്പറിന്റെ മുറിച്ച ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് വന്‍ സംഘം ഉണ്ടായിരുന്നതായാണ് സൂചന. പിടിയിലായ സജിയുടെ പിതൃസഹോദരപുത്രന്‍ കാഞ്ഞാങ്ങാട് സ്വദേശി ഷിബുവാണ് മുഖ്യകണ്ണികളിലൊരാളെന്ന് തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പന്‍ പറഞ്ഞു. സംഘത്തിലെ നാലുപേരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
മാറിമാറി താമസം
തിരുവല്ല കുറ്റപ്പുഴയിലെ ഹോംസ്റ്റേയില്‍ ലോക്ഡൗണ്‍കാലത്ത് പലവട്ടം സംഘം താമസിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍െപ്പടെയാണ് താമസിക്കാനെത്തുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ഒടുവില്‍ ഇവിടെ താമസിച്ചത്. ഇവര്‍ പോയിക്കഴിഞ്ഞ് കെട്ടിടം വൃത്തിയാക്കുന്നതിനിടെ നോട്ട് അച്ചടിച്ച പേപ്പറുകളുടെ മുറിച്ച ചില കഷണങ്ങള്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടു. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിലെ ഉദ്യോഗസ്ഥരെ ഹോംസ്റ്റേ ഉടമ വിവരമറിയിച്ചതോടെയാണ് പ്രതികള്‍ക്കായി വലവിരിച്ചത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളനോട്ടടിസംഘം സമാനരീതിയില്‍ മുറിയെടുത്ത് താമസിച്ചിട്ടുള്ളതായാണ് വിവരം. ഷിബുവും ഭാര്യയും കുട്ടികളുമാണ് ഒരു സ്ഥലത്ത് താമസിക്കുക. അടുത്തുള്ള മറ്റേതെങ്കിലും ഫ്‌ളാറ്റിലാകും സംഘത്തിലെ മറ്റുള്ളവര്‍. പകല്‍ ഇവരിലാരെങ്കിലും കാറിലെത്തി ഷിബുവിനെ കൂട്ടിക്കൊണ്ടുപോകും. അച്ചടിച്ച നോട്ടുകള്‍ ഷിബുവിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നതെന്നാണ് സജി വെളിപ്പെടുത്തിയിരിക്കുന്നത്. ഫാബ്രിക്കേഷന്‍ ജോലി ചെയ്തിരുന്ന സജി മൂന്നുമാസമായി സംഘത്തോടൊപ്പമുണ്ട്.
ലോക്ഡൗണ്‍കാലത്താണ് കള്ളനോട്ടടി കൂടിയതെന്നാണ് സജിയില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlight: Police arrests man for fake currency printing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..