പിടിയിലായ പ്രതികൾ
ചങ്ങനാശ്ശേരി: വീടുകയറി വീട്ടമ്മയെ ആക്രമിച്ചശേഷം ഒളിവിൽപോയ പ്രതികൾ പിടിയിൽ. വേഷ്ണാൽ സ്വദേശിയായ അഭിജിത്ത്, ജിത്തു പ്രകാശ്, കട്ടപ്പന സ്വദേശി ജിനീഷ് (കുട്ടൻ) എന്നിവരാണ് പോലീസ് പിടിയിലായത്. ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.ഇതിൽ ജിനീഷിനെ ജാമ്യം കിട്ടിയതിനെ തുടർന്ന് സ്റ്റേഷനിൽനിന്നു വിട്ടയച്ചു.
വിവിധകേസുകളിൽ പ്രതികളായിരുന്ന ഇവർ കഴിഞ്ഞ 18-ന് നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം എരുമേലിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പ്രതികളെപ്പറ്റി വിവരം ലഭിച്ചതിനെ തുടർന്ന് തൃക്കൊടിത്താനം പോലീസ് ഏരുമേലിയിൽ എത്തിയെങ്കിലും മൂവരും കുമളിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കയറി പ്രതികൾ രക്ഷപ്പെട്ടു.
ഇതറിഞ്ഞ പോലീസ് കുമളി കെ.എസ്.ആർ.ടി.സി. ഡിപ്പോയുമായി ബന്ധപ്പെട്ട് ബസിന്റെ കണ്ടക്ടറുടെ നമ്പർ വാങ്ങി. കണ്ടക്ടറുമായി ഫോണിൽ സംസാരിച്ച പോലീസ് പ്രതികൾ ബസിലുണ്ടെന്ന് ഉറപ്പാക്കി. അതിനിടെ കണ്ടക്ടറുടെയും ഡ്രൈവറുടെയും സംസാരത്തിൽ സംശയം തോന്നിയ പ്രതികൾ വണ്ടി പെരുവന്താനത്തെത്തിയപ്പോൾ ബസ് നിർത്തിയില്ലെങ്കിൽ ചാടുമെന്ന് ഭീഷണി മുഴക്കി. ഇതോടെ ഡ്രൈവർ ബസ് നിർത്തി. പ്രതികൾ ഇറങ്ങിയോടി.
ഈ സമയമത്രയും പോലീസ് ബസിന്റെ പിന്നാലെയുണ്ടായിരുന്നു. ഇതിനിടെ പോലീസ് പെരുവന്താനത്തെ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ചിത്രങ്ങൾ വാട്സാപ്പിൽ നൽകിയിരുന്നു. ബസിൽനിന്നു ഇറങ്ങി ഓടിയ പ്രതികൾ സമീപത്തെ കാടിനുള്ളിലേക്ക് കയറി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം സി.ഐ. ഇ.അജീബ്, എസ്.ഐ. അഖിൽദേവ്, എസ്.ഐ. പ്രദീപ്, എസ്.ഐ. െട്രയിനി ടി.എസ്. ജയകൃഷ്ണൻ, സി.പി.ഒമാരായ പ്രതീഷ്, ജോർജ് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..