പ്രതീകാത്മക ചിത്രം | Mathrubhumi
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പോക്സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു. ബിഹാര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്തായിരുന്നു സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ദില്‍ഷാദ് ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നത്. 2020 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയുടെ വീടിനടുത്ത് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്ന ദില്‍ഷാദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും മാര്‍ച്ച് 12-ന് പ്രതിയെ ഹൈദരാബാദില്‍നിന്ന് പിടികൂടുകയും ചെയ്തു. റിമാന്‍ഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കഴിഞ്ഞദിവസം പോക്സോ കേസിന്റെ വിചാരണയ്ക്കായാണ് ദില്‍ഷാദ് ഹുസൈന് കോടതിയില്‍ എത്തിയത്. കേസിലെ ഇരയുടെ പിതാവും കോടതിയില്‍ വന്നിരുന്നു. തുടര്‍ന്ന് കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട പിതാവ് ഇയാള്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മില്‍ കോടതിക്ക് പുറത്ത് സംഘര്‍ഷവുമുണ്ടായി.
ദില്‍ഷാദ് ഹുസൈനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അഭിഭാഷകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതി പരിസരത്തെ പോലീസിന്റെ സുരക്ഷാവീഴ്ചയില്‍ അഭിഭാഷകരും പ്രതിഷേധിച്ചു.
Content Highlights: pocso case accused shot dead by victims father in gorakhpur uttar pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..