മാളിൽനിന്ന് കണ്ടെത്തിയ തോക്ക്
കൊച്ചി: എറണാകുളത്ത് മാളില്‍നിന്ന് കൈത്തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ തോക്ക് ഉപേക്ഷിച്ചയാളെ കണ്ടെത്താനാകാതെ പോലീസ്. തോക്ക് ഉപേക്ഷിച്ചതായി സംശയിച്ചിരുന്ന 86 വയസ്സുകാരനെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും ഇയാളല്ല തോക്ക് ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. തോക്ക് കണ്ടെടുത്ത മേഖലയില്‍ അവസാന മണിക്കൂറില്‍ ഉണ്ടായിരുന്നവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കണ്ടെത്തിയ നാലു പേരെ പോലീസ് ചോദ്യം ചെയ്തു. ഇവരുടെ ശനിയാഴ്ചത്തെ നീക്കങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
തോക്ക് ഉപയോഗ ശൂന്യമാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതിനാല്‍ത്തന്നെ ഇത് ഭീതി പരത്താനുള്ള ശ്രമം മാത്രമാണെന്നാണ് പോലീസ് കരുതുന്നത്. കൈത്തോക്കിനോടൊപ്പമുണ്ടായിരുന്ന കുറിപ്പില്‍ സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടായിരുന്നു. എന്നാല്‍, പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇതിലുള്ളത് എന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് ഷോപ്പിങ് മാളില്‍നിന്ന് പിസ്റ്റള്‍ കണ്ടെത്തിയത്. ട്രോളി പാര്‍ക്കിങ് ഏരിയയില്‍ ട്രോളിയില്‍ തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു തോക്കും അഞ്ച് വെടിയുണ്ടകളും കുറിപ്പും.
മാളിലെ സി.സി.ടി.വി. പരിശോധിച്ച പോലീസ് ഒരു വയോധികന് ട്രോളി പാര്‍ക്ക് ചെയ്ത് പോകുന്നത് കണ്ടു. ഇതിനാല്‍ത്തന്നെ വയോധികന് ഉപേക്ഷിച്ചതാകും തോക്കെന്ന് കരുതി വയോധികന് പോയ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇദ്ദേഹത്തെ ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. എന്നാല്‍, തെളിവുകള്‍ ഒന്നും ലഭിച്ചില്ല.
വനം വകുപ്പില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് 86 വയസ്സുകാരന്. ഇദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലെന്ന് പോലീസ് കണ്ടെത്തി. മാളില്‍ ശനിയാഴ്ച എത്തിയവരുടെ എല്ലാവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..