പ്രതീകാത്മക ചിത്രം | ANI
പട്ന: അനുവാദം ചോദിക്കാതെ ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചതിന് ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബഡേപുര ഗ്രാമത്തിലെ ഛോട്ടേലാൽ സഹാനി(50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദിനേശ് സഹാനി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനായ ദീപക് സഹാനിയും കേസിൽ പ്രതിയാണെന്നും ഇയാൾ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ചൗഹാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡേപുര ഗ്രാമത്തിൽ അതിദാരുണമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരനായ ഛോട്ടേലാൽ ഗ്രാമത്തിനടുത്ത കുളത്തിൽ മീൻ പിടിക്കാൻ പോയി തിരിച്ചുവരുന്നതിനിടെയാണ് ദിനേശ് സഹാനിയും മകനും മർദിച്ചത്. വീട്ടിലേക്ക് വരുന്നതിനിടെ ദാഹിച്ച ഛോട്ടേലാൽ ദിനേശ് സഹാനിയുടെ കുടത്തിൽനിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. ഇത് കണ്ട ദിനേശ് സഹാനിയും മകനും ഛോട്ടേലാലിനെ ചോദ്യംചെയ്യുകയും വടി കൊണ്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ഛോട്ടേലാലിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ തന്നെ ഇദ്ദേഹത്തെ വീട്ടിലെത്തിച്ചു.
ഗുരുതര പരിക്കേറ്റതിനാൽ ഭാര്യയാണ് ഛോട്ടേലാലിനെ പിന്നീട് ബെഗുസരായിലെ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ പട്ന മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഛോട്ടേലാൽ മരിച്ചത്.
ഛോട്ടേലാലിന്റേത് ദരിദ്ര കുടുംബമായതിനാൽ ചികിത്സയ്ക്കായി നാട്ടുകാരാണ് സഹായിച്ചിരുന്നത്. മരണശേഷം മൃതദേഹം സംസ്കരിച്ചതും നാട്ടുകാരുടെ സഹായത്തോടെയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ കേസിലെ മുഖ്യപ്രതിയായ ദിനേശ് സഹാനിയെ അറസ്റ്റ് ചെയ്തെന്നും മറ്റൊരു പ്രതിയായ ദീപക് സഹാനിക്കായി തിരച്ചിൽ തുടരുകയാണെന്നും ചൗഹാരി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് രാഘവേന്ദ്ര കുമാർ പറഞ്ഞു.
Content Highlights:physically challenged man killed for just a glass of water in bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..