പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ | Screengrab: Mathrubhumi News
തിരുവനന്തപുരം: പേട്ടയിലെ അനീഷ് ജോര്‍ജ് കൊലക്കേസില്‍ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പ്രതിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അനീഷിനെ കൊലപ്പെടുത്തിയ സ്ഥലവും ആയുധം ഒളിപ്പിച്ച സ്ഥലവുമെല്ലാം പ്രതി സൈമണ്‍ ലാലന് പോലീസിന് കാണിച്ചുനല്‍കുകയും ചെയ്തു.
അനീഷിനെ കൊലപ്പെടുത്താന്‍ പ്രതി സൈമണ്‍ ലാലന് നേരത്തെ തീരുമാനിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ അനീഷിനെ പ്രതി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ല. മകളുമായി അടുപ്പത്തിലായിരുന്ന അനീഷ് ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്ന് പ്രതിക്കറിയാമായിരുന്നു. അതിനാല്‍ ഇനി അനീഷിനെ വീട്ടില്‍ കണ്ടാല്‍ കൊലപ്പെടുത്താനായിരുന്നു സൈമണിന്റെ തീരുമാനം. അങ്ങനെയിരിക്കെയാണ് ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെ അനീഷിനെ വീട്ടില്‍ കണ്ടതെന്നും തുടര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കള്ളനാണെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന മൊഴി പ്രതി തിരുത്തിയിട്ടുമുണ്ട്.
ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ്(19) സുഹൃത്തിന്റെ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. മകളുടെ ആണ്‍സുഹൃത്തായ അനീഷിനെ സൈമണ്‍ ലാലന് കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പേട്ട പോലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് വിവരമറിയിച്ചത്. കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു സൈമണിന്റെ ആദ്യമൊഴി.
Content Highlights: Pettah Aneesh George Murder Case; Police evidence taking process with the accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..