Photo: Twitter.com|ANI
ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ്. വിനോദ് എന്നയാളെയാണ് ചെന്നൈ പോലീസ് പിടികൂടിയത്. ഇയാള്‍ നേരത്തെയും സമാന കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പ്രതിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
തമിഴ്‌നാട് നിയമസഭ പാസാക്കിയ നീറ്റ് ബില്ലിന്മേല്‍ ബി.ജെ.പി. സ്വീകരിക്കുന്ന നിലപാടില്‍ അസന്തുഷ്ടനാണെന്നും ഇതില്‍ രോഷംപൂണ്ടാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി. 2017-ല്‍ തെന്നിയാംപേട്ട് പോലീസ് സ്‌റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ വിനോദിനെതിരേ കേസുണ്ട്. സര്‍ക്കാരിന്റെ മദ്യവില്‍പ്പന ശാലയ്ക്ക് നേരേ ബോംബെറിഞ്ഞ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ചെന്നൈയിലെ ബി.ജെ.പി. ഓഫീസിന് നേരേ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമി ഓഫീസിന് നേരേ ബോംബ് എറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സംഭവത്തില്‍ എന്‍.ഐ.എ. അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. എന്‍.ഐ.എ. അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി. നേതാവ് കെ.ആര്‍. ത്യാഗരാജനും പറഞ്ഞു. ഇത്തരം ആക്രമണങ്ങളില്‍ ഭയപ്പെടില്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരേയും നടപടി വേണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷ(നീറ്റ്)യില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കിയത്. നേരത്തെ ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചതോടെയാണ് പ്രത്യേക സമ്മേളനം നടത്തി ബില്‍ വീണ്ടും പാസാക്കിയത്. എന്നാല്‍ ബി.ജെ.പി. അംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
Content Highlights: Petrol bomb attack against BJP office in Chennai, Accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..