Screengrab: Mathrubhumi News
തിരുവനന്തപുരം: ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. അനന്തു, നിധിന് എന്നിവരെയാണ് ബുധനാഴ്ച വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരികയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ പോലീസ് ജീപ്പിന്റെ പിന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. പെട്രോള്‍ കുപ്പികളില്‍ ഒരെണ്ണം സ്റ്റേഷന്റെ വാതിലിനു നേരേ എറിഞ്ഞപ്പോള്‍ ജീപ്പില്‍ പതിച്ച് പൊട്ടി. ശേഷിച്ച കുപ്പി ജീപ്പില്‍ തട്ടി സമീപത്തേക്കു വീഴുകയായിരുന്നു. പെട്രോള്‍ നിറച്ച കുപ്പികള്‍ സ്റ്റേഷനകത്തു വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പൊട്ടിയ കുപ്പിയിലേക്ക് ലൈറ്ററുപയോഗിച്ച് തീപിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടയില്‍ ബൈക്ക് മറിഞ്ഞു. ശബ്ദം കേട്ട് സ്റ്റേഷനകത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പരിസരത്തുണ്ടായിരുന്നവരും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
രണ്ടു യുവാക്കള്‍ ബൈക്കിലെത്തുന്നതും രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഒടുവില്‍ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷം രണ്ട് പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.
Content Highlights: petrol bomb attack against aryancode police station two in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..