
പിടിയിലായ സഫീർ, അൽത്താഫ്,നിസാർ, നിഥിൻ, ആഷിഖ്
പെരുമ്പാവൂർ: ലഹരിമാഫിയ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി വിട്ടിൽ നിസാർ (33), സഹോദരൻ സഫീർ (27), വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വിട്ടിൽ നിതിൻ (27), വെങ്ങോല തട്ടേക്കാട് പുത്തൻ വീട്ടിൽ അൽത്താഫ് (23), തട്ടേക്കാടൻ ഭാഗത്ത് കൊടുത്താൻ വീട്ടിൽ ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പെരുമ്പാവൂർ മാവിൻ ചുവട് വെച്ചായിരുന്നു സംഭവം.
പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. വെടിവെയ്പിലും വടിവാൾ ആക്രമണത്തിലും പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു നിസാറും ആദിലും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. നിസാറിന്റെ ഉടമസ്ഥതയിലുള്ള കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം ആദിലിനെ വെടി വയ്ക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി.
തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ. ബിജുമോൻ, ഇൻസ്പെക്ടർമാരായ സി.ജയകുമാർ, ബേസിൽ തോമസ്, എസ്.ഐ. മാരായ റിൻസ്.എം. തോമസ്, സനീഷ് ടി.ആർ, എസ്.സി.പി.ഒ. മാരായ നഷാദ് കെ..എ, ഷിബു പി.എ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ട്. എസ്.പി കെ. കാർത്തിക് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..