അടിക്കാന്‍ ജാക്കിലിവര്‍, കത്തി കൊണ്ട് വരച്ചു; ബോധരഹിതനായതോടെ ഗ്ലൂക്കോസ് നല്‍കി പ്രതികളുടെ ചികിത്സ


പ്രവാസിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി. ഓഫീസിൽനിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു. ഇൻസെറ്റിൽ പോലീസ് തിരയുന്ന യഹിയ

പെരിന്തല്‍മണ്ണ: അഗളി സ്വദേശി വാക്ക്യത്തൊടി അബ്ദുള്‍ ജലീലിന്റെ (42) കൊലപാതകത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണം സംഘത്തിനു കിട്ടിയില്ലെന്നതാണ് മര്‍ദനത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായതെന്ന് പോലീസ് പറഞ്ഞു.

കീഴാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടില്‍ അല്‍ത്താഫ് (31), കല്ലിടുമ്പ് സ്വദേശി ചോലക്കല്‍ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു -34), എടത്തനാട്ടുകര പാറക്കോട്ടുവീട്ടില്‍ അനസ് ബാബു (മണി-40), പൂന്താനം കോണിക്കുഴിയില്‍ മുഹമ്മദ് അബ്ദുള്‍ അലി (അലിമോന്‍ -40), പൂന്താനം കൊണ്ടിപറമ്പ് പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന്‍ (ഉണ്ണി -38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മേലാറ്റൂരില്‍ അറസ്റ്റുചെയ്തത്.

ഇതില്‍ അലിമോന്‍, അല്‍ത്താഫ്, റഫീഖ് എന്നിവര്‍ ജലീലിനെ ഉപദ്രവിക്കുന്നതില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും മറ്റ് രണ്ടുപേര്‍ സൗകര്യങ്ങള്‍ ചെയ്തവരാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് വിശദീകരിച്ചു.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങി കാണാതായ പ്രവാസി അബ്ദുല്‍ ജലീലിനെ അബോധാവസ്ഥയിലാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കേയാണ് മരിച്ചത്.

15-ന് ഗള്‍ഫില്‍നിന്നു സ്വര്‍ണവുമായാണ് അബ്ദുള്‍ ജലീല്‍ നെടുമ്പാശ്ശേരിയില്‍ വന്നതെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ മനസ്സിലായെന്ന് എസ്.പി. പറഞ്ഞു.

കൊണ്ടുവന്ന സ്വര്‍ണം കിട്ടിയില്ലെന്ന കാരണത്താല്‍ അബ്ദുള്‍ജലീലിനെ സ്വര്‍ണക്കടത്തുസംഘം പെരിന്തല്‍മണ്ണയില്‍ കൊണ്ടുവരികയും പല സ്ഥലങ്ങളില്‍വെച്ച് നാലുദിവസങ്ങളായി മര്‍ദിക്കുകയുമായിരുന്നു. 19-ന് രാവിലെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിച്ച് തെറ്റായ വിവരം നല്‍കി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടുപിടിക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ്. വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് എസ്.പി. പറഞ്ഞു. കൊലചെയ്യണമെന്ന വ്യക്തമായ ഉദ്ദേശ്യമില്ലായിരുന്നെങ്കില്‍ ഇത്രയും മാരകമായി പരിക്കേല്‍പ്പിക്കില്ലായിരുന്നുവെന്നാണ് നിഗമനം. സഹായിച്ചവരടക്കം കൂടുതല്‍പ്പേരുടെ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകുമെന്നും എസ്.പി. പറഞ്ഞു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, ഇന്‍സ്പെക്ടര്‍മാരായ സി.എസ്. ഷാരോണ്‍, സുനില്‍ പുളിക്കല്‍, മനോജ് പറയട്ട, എസ്.ഐ. മാരായ സിജോ തങ്കച്ചന്‍, സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്.

രാത്രിയോടെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ പെരിന്തല്‍മണ്ണ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

നാലുദിവസം കൊടുംപീഡനം....

അബ്ദുള്‍ജലീല്‍ നാലുദിവസങ്ങളിലായി തുടര്‍ച്ചയായ പീഡനത്തിരയായതായി പോലീസ്. പലയിടങ്ങളിലായി ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

15-ന് വിമാനമിറങ്ങിയ അബ്ദുള്‍ജലീലിനെ അവിടെനിന്ന് കാറില്‍ക്കയറ്റി പ്രതികള്‍ ഉച്ചയോടെ പെരിന്തല്‍മണ്ണയിലെത്തിച്ചു. രാത്രി ഒന്‍പതുവരെ രണ്ട് കാറുകളിലായി പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി. രാത്രി പത്തോടെ ആക്കപ്പറമ്പിലുള്ള വിജനമായ മൈതാനത്തെത്തിച്ചു. പിന്നീട് സംഘത്തിലേക്ക് രണ്ട് കാറുകളിലായെത്തിയ കുഴല്‍പ്പണ വിതരണ സംഘത്തില്‍പ്പെട്ടവരുംചേര്‍ന്ന് ഉപദ്രവിച്ചു. പുലര്‍ച്ചെ അഞ്ചുവരെ ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗിച്ച് കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും ജലീലിന്റെ കൈകള്‍ പിറകിലേക്ക് കെട്ടി അതിക്രൂരമായി അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു.

ജലീലിന്റെ കാലുകള്‍ പൊട്ടി രക്തംവരാന്‍ തുടങ്ങിയതോടെ മൈതാനത്തുനിന്ന് കാറില്‍ക്കയറ്റി അഞ്ചോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബുവിന്റെ പെരിന്തല്‍മണ്ണ ജൂബിലി റോഡിലുള്ള ഫ്‌ലാറ്റിലേക്ക് മാറ്റി. അവിടെവെച്ച് സംഘത്തിലുള്ളവര്‍ തുടര്‍ച്ചയായി രണ്ടുദിവസത്തോളം രാത്രിയും പകലും ഇരുമ്പ് പൈപ്പുകളും ജാക്കി ലിവറും ഉപയോഗിച്ച് അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു. കത്തികൊണ്ട് ശരീരത്തില്‍ പലഭാഗങ്ങളിലായി മുറിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കുകള്‍ ഗുരുതരമായി രക്തം വരികയും അത് തറയിലും ബെഡ്ഡിലും ആയതോടെ അനസ് ബാബു ജലീലിനെ മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും സംഘം ഇയാളെ ആശുപത്രിയിലോ വീട്ടിലോ എത്തിച്ചില്ല. മേലാറ്റൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന മണികണ്ഠന്റെ ഷോപ്പില്‍നിന്ന് മുറി ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകള്‍ എത്തിച്ച് ശരീരത്തില്‍ പുരട്ടി. ഫ്‌ലാറ്റ് വൃത്തിയാക്കി അലിമോന്റെ പൂപ്പലത്തെ വീട്ടിലേക്ക് മാറ്റിയും പീഡനം തുടര്‍ന്നു.

അവശനിലയിലായ ജലീല്‍ 18-ന് രാത്രിയോടെ ബോധരഹിതനായി. തുടര്‍ന്ന് സംഘത്തിലുള്‍പ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരെ ജലീലിനെ പാര്‍പ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും ചില മരുന്നുകളും നല്‍കിയെങ്കിലും ജലീലിന് ബോധം തിരിച്ചുകിട്ടിയില്ല. ഇതോടെ 19-ന് രാവിലെ ഏഴോടെ മുഖ്യപ്രതി യഹിയ അയാളുടെ കാറില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുകയായിരുന്നു.

സഹായിച്ചവര്‍ നിരവധി: എല്ലാവരും പ്രതികളാകും -എസ്.പി.

പെരിന്തല്‍മണ്ണ: അഗളി സ്വദേശി അബ്ദുള്‍ജലീലിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയടക്കമുള്ളവരെ സഹായിച്ചവര്‍ നിരവധിപ്പേരുണ്ടെന്നും ഇവരെയെല്ലാം കേസില്‍ പ്രതികളാക്കുമെന്നും ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് പറഞ്ഞു. ഒളിവില്‍പ്പോയ മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാന്‍ പലരും സഹായിച്ചിട്ടുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയ പ്രതികള്‍ക്ക് വാഹനവും ഫോണും സാമ്പത്തികസഹായവും ചെയ്തുകൊടുത്തവരുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നവരെയും പ്രതികളാക്കുന്നതിന്റെ അളവുകോലായി ഈ കേസ് മാറും. പ്രതികളെ ഫോണ്‍ചെയ്തും വാഹനത്തില്‍ കയറ്റിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരടക്കം ശരിയായ പൗരനുള്ള നീതിബോധമല്ല വെച്ചുപുലര്‍ത്തുന്നത്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പായി എസ്.പി. പറഞ്ഞു. വരുംദിവസങ്ങളില്‍ ഈ കേസില്‍ കൂടുതല്‍ പ്രതികളും അറസ്റ്റുമുണ്ടാകുമെന്നും, എത്രപേരുണ്ടാകുമെന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യഹിയ മര്‍ദനക്കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

പെരിന്തല്‍മണ്ണ: അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍ പോലീസ് തേടുന്ന മുഖ്യപ്രതി ആക്കപ്പറമ്പ് സ്വദേശി യഹിയ കുഴല്‍പ്പണ, സ്വര്‍ണക്കടത്ത് മേഖലകളുമായി ബന്ധപ്പെട്ടയാളാണെന്നും മുന്‍പ് മര്‍ദനക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ്. ഈ സംഭവത്തില്‍ യഹിയയ്ക്ക് വ്യക്തമായ അറിവുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും എസ്.പി. പറഞ്ഞു. അതേസമയം മരിച്ച അബ്ദുള്‍ ജലീല്‍ ആദ്യമായാണ് സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുന്നതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ മനസ്സിലാക്കുന്നതെന്നും ഇത്തരം കേസുകളിലൊന്നും അബ്ദുള്‍ ജലീല്‍ പ്രതിയായിട്ടില്ലെന്നും എസ്.പി. പറഞ്ഞു.

Content Highlights: perinthalmanna abdul jaleel murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented