ഷാജഹാൻ പെരുവല്ലൂർ
പാവറട്ടി: റൂറല്‍ ഹൗസിങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റില്‍. പെരുവല്ലൂര്‍ സ്വദേശി അമ്പലത്തുവീട്ടില്‍ ഷാജഹാന്‍ പെരുവല്ലൂ(50)രിനെയാണ് പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. പാവറട്ടി ഹൗസിങ് സൊസൈറ്റിയില്‍ ഷാജഹാന്‍ പ്രസിഡന്റ് ആയിരിക്കെയാണ് ജോലി വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്.
2018- 20 വര്‍ഷത്തില്‍ ഹൗസിങ് സൊസൈറ്റിയില്‍ അപ്രൈസര്‍, അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നല്‍കാം എന്ന് വാഗ്ദാനംചെയ്താണ് പാവറട്ടി, കണ്ടാണശ്ശേരി, അരിമ്പൂര്‍ സ്വദേശികളില്‍നിന്ന് ഇയാള്‍ പണം തട്ടിയെടുത്തത്. ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍വേണ്ടി ഇന്റര്‍വ്യൂബോര്‍ഡ് ഉണ്ടാക്കുകയും അഭിമുഖം നടത്തുകയും വ്യാജ നിയമന ഉത്തരവ് നല്‍കുകയുംചെയ്തു.
കോവിഡ് കാലഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം എന്ന രീതിയില്‍ ബാങ്ക് ഫയലുകള്‍ വീട്ടിലേക്ക് കൊടുത്തുവിടുകയും ഒരുമാസത്തിനുശേഷം നിയമന ഉത്തരവ് നല്‍കിയവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആദ്യ ശമ്പളം അയച്ചു കൊടുക്കുകയുംചെയ്തു. കൂടാതെ നിയമനത്തിന് പറഞ്ഞുറപ്പിച്ച പ്രകാരം ലഭിക്കേണ്ട മുഴുവന്‍ തുകയും ഷാജഹാന്‍ കൈപ്പറ്റുകയും ചെയ്തു.
തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളം ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് പണം നല്‍കിയവര്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. തുടര്‍ന്ന് പാവറട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പണം തട്ടിയെടുത്ത് മുങ്ങിയശേഷം പ്രതി ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഷാജഹാന്‍ അഹമ്മദാബാദില്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ 2020-ല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
എസ്.ഐ.മാരായ ആര്‍.പി. സുജിത്ത്, സജീവന്‍, എ.എസ്.ഐ. ജെയ്‌സണ്‍, സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..