മണ്ണൂർ വെസ്റ്റ് ചേറുമ്പാലയിൽ വീട്ടിലെ അലമാര കുത്തിത്തുറന്ന നിലയിൽ
പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് ചേറുമ്പാലയിൽ വീട് കുത്തിത്തുറന്ന് മോഷണം. 22 പവന്റെ ആഭരണവും 44,000 രൂപയും മോഷ്ടിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ചേറുമ്പാല പഴഞ്ചേരിപ്പാട് ജവഹർലാൽ, ഗീതാബായ് ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു മോഷണം. ജവഹർലാലും ഭാര്യ ഗീതാബായിയും മകൾ സോണിയയും നാട്ടിലേക്കു വരുന്ന സൈനികനായ മരുമകൻ അജീഷ് കുമാറിനെ കൊണ്ടുവരാനായി നെടുമ്പാശ്ശേരിയിൽ പോയിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 5.15-ഓടെയാണ് ഇവർ നെടുമ്പാശ്ശേരിക്ക് പോയത്.
പുലർച്ചെ രണ്ടരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ചനിലയിൽ കണ്ടു. തുടർന്ന്, വാതിൽ തള്ളിത്തുറന്നപ്പോൾ ഇരുട്ടിൽ രണ്ടുപേർ നിൽക്കുന്നതായി കണ്ടു. ജവഹർലാൽ ഉടനെ ലൈറ്റിട്ടപ്പോൾ മോഷ്ടാക്കൾ തുറന്നിട്ട പിൻവാതിലിലൂടെ ഓടിരക്ഷപ്പെട്ടതായി പറയുന്നു.
ആഭരണവും പണവും സൂക്ഷിച്ച കിടപ്പുമുറിയിലെ ലോക്കറിന്റെ താക്കോൽ സമീപത്തെ മേശയിലാണ് സൂക്ഷിച്ചിരുന്നത്. ലോക്കർ തുറന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ചു. മുൻവശത്തേയും കിടപ്പുമുറിയുടേയും വാതിൽ കേടുവരുത്തിയിട്ടുണ്ട്. വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി. അജ്ഞാതരായ രണ്ടുപേർ ബൈക്കിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.
രാത്രിതന്നെ മങ്കര എസ്.ഐ. സ്ഥലത്തെത്തി. ഞായറാഴ്ച കാലത്ത് ഒമ്പതരയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയണെന്ന് പോലീസ് പറഞ്ഞു.
Content HIghlights: Pathirippala theft in home, gold and money looted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..