ഗ്രീഷ്മ
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് ഗ്രീഷ്മ നല്‍കിയ മൊഴിയില്‍ പറയുന്നത്. ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് തിരികെ ചോദിച്ചിട്ടും ഷാരോണ്‍ നല്‍കിയില്ലെന്നും ഗ്രീഷ്മ മൊഴി നല്‍കി.
സ്വകാര്യചിത്രങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോണ്‍ തിരികെനല്‍കിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.
അതിനിടെ, ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പേരെ പ്രതിചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്.പി. ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായി വീണ്ടും ചോദ്യംചെയ്തു. ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്‌റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അതിനാല്‍തന്നെ ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.
ഗ്രീഷ്മയുടെ വീടിന് നേരേ കല്ലേറ്
ഞായറാഴ്ച അര്‍ധരാത്രിയോടെ രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടിന് നേരേ കല്ലേറുണ്ടായി. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ആരോഗ്യനില തൃപ്തികരമെന്ന് പോലീസ്
തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അല്പസമയത്തെ നിരീക്ഷണത്തിന് ശേഷം യുവതിയെ ആശുപത്രിയില്‍നിന്ന് മാറ്റാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആശുപത്രി വിട്ടാല്‍ ഉടനെ ഗ്രീഷ്മയെ റൂറല്‍ എസ്.പി. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, യുവതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.
Content Highlights: parassala sharon murder case accused greeshma statement to police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..