പി.പി. ഷബീർ, പി. അബ്ദുൾ ഗഫൂർ, എം.ജി. കൃഷ്ണപ്രസാദ്
കോഴിക്കോട്: രാജ്യത്ത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേന്ദ്രങ്ങള്‍ നടത്തിയ കേസിലുള്‍പ്പെട്ട കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് ഇറക്കിയത്.
2021 ജൂലായ് ഒന്നുമുതല്‍ ഒളിവില്‍പ്പോയ ചാലപ്പുറം മൂരിയാട് പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീര്‍ (45), ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടില്‍ പി. അബ്ദുള്‍ ഗഫൂര്‍ (45), കുതിരവട്ടം പൊറ്റമ്മല്‍ മാട്ടായി പറമ്പ് ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണപ്രസാദ് (34) എന്നിവര്‍ക്ക് വേണ്ടിയാണ് തിരച്ചില്‍ നോട്ടീസ് ഇറക്കിയത്. നഗരപരിധിയില്‍ കസബ, നല്ലളം സ്റ്റേഷന് പരിധികളിലാണ് കേസുള്ളത്. ഇവയെല്ലാം ക്രൈംബ്രാഞ്ചാണ് നിലവില്‍ അന്വേഷിക്കുന്നത്. മൂവരും പശ്ചിമബംഗാളില്‍ കൊല്‍ക്കത്തയ്ക്കും സമീപപ്രദേശങ്ങളിലുമാണ് ഒളിയിടം മാറി മാറി കഴിഞ്ഞുവരുന്നതെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ പ്രാഥമിക വിവരം.
പശ്ചിമബംഗാളിലേക്ക് നേരത്തേ അന്വേഷണസംഘം പോയെങ്കിലും മൂവരെയും കണ്ടെത്താന്‍ സാധിച്ചില്ല.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും മറ്റുസംസ്ഥാനങ്ങളിലെ വ്യാജമേല്‍വിലാസത്തില്‍ മറ്റുപലരുടെയും വ്യാജപേരുകളില്‍ എടുത്ത സിംകാര്‍ഡുകളാണ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഒളിവില്‍ കഴിയുമ്പോള്‍ ഇവര്‍ വാട്സാപ്പ് മുഖേനയും ടെലഗ്രാം മുഖേനയും ആശയവിനിമയം നടത്തുന്നതായും സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുകള്‍ക്ക് പിന്നിലെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി അന്വേഷണഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ആറ് പ്രതികളാണ് കേസിലുള്‍പ്പെട്ടത്. ഇവരില്‍ ഇബ്രാഹിം പുല്ലാട്ട്, ജുഹൈസ് എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..