
അറസ്റ്റിലായ നവാസ്, കൊല്ലപ്പെട്ട ഷിബു
പാങ്ങോട്: യുവാവിനെ വീടിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ ഉറ്റ സുഹൃത്തായ പ്രതി അറസ്റ്റിലായി. പാങ്ങോട് പുലിപ്പാറ പരയ്ക്കാട് കോളനിയിൽ ഷിബുവിനെ(39) കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് ചന്തക്കുന്ന് നൗഫിയ മൻസിലിൽ നവാസാണ്(40) അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ട ഷിബുവും സുഹൃത്തായ നവാസും ഉറ്റ സുഹൃത്തുക്കളായിരുന്നു. നവാസ് മിക്കദിവസവും ഷിബുവിന്റെ വീട്ടിലായിരുന്നു തങ്ങാറുള്ളത്. ഷിബു മോഷണക്കേസുകളുൾപ്പെടെയുള്ള ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. നവാസ് പത്തുവർഷം മുൻപ് യുവതിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ പ്രതിയുമാണ്. ഇവർ പല സ്ഥലങ്ങളിലും ഒരുമിച്ച് പണിക്കുപോകാറും ഉണ്ട്. പത്തനാപുരത്തുവെച്ച് ഷിബു നവാസിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും പത്തനാപുരം സ്റ്റേഷനിൽ ഇതുസംബന്ധിച്ച് കേസുമുണ്ട്.
വീണ്ടും പല കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ഷിബു രണ്ടു മാസത്തിനു മുൻപ് ജയിൽ മോചിതനായി. തിരിച്ചെത്തിയ ഇയാൾ നവാസുമായി വീണ്ടും ചങ്ങാത്തത്തിലായി. നാലാംതീയതി ഞായറാഴ്ച ഇരുവരും ഒരുമിച്ചു പണിക്കുപോയി. വൈകുന്നേരം അഞ്ചു മണിയോടെ കല്ലറയിൽ നിന്നും മദ്യം വാങ്ങി ഷിബു തങ്ങാറുള്ള വീട്ടിലെത്തി. മദ്യപാനത്തിനിടയിൽ ഇരുവരും വാക്കേറ്റമുണ്ടാകുകയും തുടർന്ന് ഷിബു സമീപത്തുള്ള തടിക്കഷണമെടുത്ത് നവാസിന്റെ തോളിൽ അടിക്കുകയും ചെയ്തു. നവാസ് തടിക്കഷണം പിടിച്ചുവാങ്ങി ഷിബുവിന്റെ തലയിൽ അടിച്ചു. അടികൊണ്ട് തറയിലിരുന്ന ഷിബുവിന്റെ തലയിൽ കുഴവിക്കല്ലുകൊണ്ട് ഇടിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് നിരവധി വെട്ടുകൾ വെട്ടുകയും ചെയ്തു. തുടർന്ന് മൃതദേഹത്തിന്റെ കാൽ വെട്ടിമാറ്റി. പഴയ തുണികൾ, ടാർപ്പോളിൻ, അടിക്കാനുപയോഗിച്ച മരക്കഷണം തുടങ്ങിയവ കൂട്ടിയിട്ട് മദ്യം ഒഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്.പി. ബി.അശോകൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷ്, പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ എന്നിവർചേർന്ന് പിടികൂടിയ നവാസിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Content Highlights:pangode shibu murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..