Screengrab: Mathrubhumi News
തിരുവല്ല: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് സംഘം പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ജീവനക്കാരനും തകഴി സ്വദേശിയുമായ പി.സി. പ്രദീപ്കുമാറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ 15000 രൂപയും പിടിച്ചെടുത്തു.
വളഞ്ഞവട്ടം സ്വദേശിനിയാണ് പ്രദീപ്കുമാറിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി പ്രദീപ്കുമാറിനെ സമീപിച്ചത്. ഇതിനായി 40,000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പിന്നീട് തുക 25,000 ആയി കുറച്ചു. ഇതില്‍ ആദ്യപടിയായി പതിനായിരം രൂപയും പരാതിക്കാരി കൈമാറി. എന്നാല്‍ ഇതിനുശേഷം ബാക്കി പണം ആവശ്യപ്പെട്ട് പ്രദീപ്കുമാര്‍ പരാതിക്കാരിയെ നിരന്തരം ബന്ധപ്പെട്ടു. ഇതോടെയാണ് വളഞ്ഞവട്ടം സ്വദേശിനി വിജിലന്‍സിനെ സമീപിച്ചത്.
ഓഫീസിന് പുറത്തുവെച്ച് മാത്രം പണം നല്കിയാല് മതിയെന്നായിരുന്നു പ്രദീപ്കുമാര്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം കൈമാറാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിക്കൊപ്പം വിജിലന്‍സിലെ ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു. പൊടിയാടിയില്വെച്ച് പ്രദീപ്കുമാര്‍ ഈ വാഹനത്തില്‍ കയറി. യാത്രയ്ക്കിടെ പുളിക്കീഴ് പാലത്തിന് സമീപംവെച്ച് പരാതിക്കാരി പണം കൈമാറുകയും ചെയ്തു. എന്നാല്‍ എല്ലാത്തിനും സാക്ഷിയായി വാഹനത്തിലുണ്ടായിരുന്നത് വിജിലന്‍സ് ഉദ്യോഗസ്ഥനാണെന്ന് പ്രദീപ്കുമാര്‍ അറിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ ഇയാളെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: panchayath senior clerk arrested in thiruvalla kadapra for taking bribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..