അജികുമാർ
കുമളി: ഏലം കര്‍ഷകനോട് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലാര്‍ക്കിനെ വിജിലന്‍സ് അറസ്റ്റുചെയ്തു. കുമളി പഞ്ചായത്ത് ക്ലാര്‍ക്ക് കട്ടപ്പന മേച്ചേരിയില്‍ അജികുമാറാണ് (46) അറസ്റ്റിലായത്. ഇയാളില്‍നിന്ന് 10,000 രൂപ വിജിലന്‍സ് കണ്ടെത്തി.
ചെങ്കര സ്വദേശിയായ വിജയകുമാറിന്റെ പരാതിയിലായിരുന്നു അന്വേഷണം. ചെങ്കര കുരിശുമല ഭാഗത്ത് വിജയകുമാറിന് ഏലം കൃഷിയുണ്ട്. കൃഷിക്ക് വെള്ളമെടുക്കാന്‍ ചെങ്കര താഴ്ഭാഗത്ത് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് ഇദ്ദേഹം അരസെന്റ് സ്ഥലം വാങ്ങി. ഇവിടെ നിര്‍മിച്ച പമ്പ് ഹൗസിന് കെട്ടിടനമ്പര്‍ ലഭിക്കുന്നതിനാണ് അജികുമാറിനെ ബന്ധപ്പെട്ടത്. ഇയാള്‍ കെട്ടിടം കണ്ടു. നന്പര്‍ ലഭിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചു. എന്നാല്‍, പേപ്പര്‍ ഉടന്‍ ലഭിക്കണമെങ്കില്‍ 15,000 രൂപ നല്‍കണമെന്നും പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച 5,000 രൂപയുമായി അജികുമാറിനെ കാണാനെത്തിയ വിജയകുമാര്‍, പണം നല്‍കുന്നത് രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ബാക്കി 10,000 രൂപ പിന്നീട് നല്‍കാമെന്നും പറഞ്ഞു.
ഈ വിവരം കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിനെ അറിയിച്ചു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച ബാക്കി തുകയുമായി ചെല്ലുകയായിരുന്നു.
വിജിലന്‍സ്, മഷിപുരട്ടി നല്‍കിയ നോട്ടുകളാണ് കൈമാറിയത്. വിജയകുമാര്‍ പണം നല്‍കി പുറത്തിറങ്ങിയ ഉടന്‍ വിജിലന്‍സ് എത്തുകയായിരുന്നു. ഇതിനിടെ, അജികുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടി. സൈന്യത്തില്‍നിന്ന് സ്വയം വിരമിച്ചയാളാണ് അജികുമാര്‍. പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ബുധനാഴ്ച ഹാജരാക്കും.
വിജിലന്‍സ് ഡിവൈ.എസ്.പി. വി.ആര്‍. രവികുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി. ജോസഫ്, ബിജു ടി., സബ് ഇന്‍സ്‌പെക്ടര്‍മാരായ വിന്‍സെന്റ് കെ. മാത്യു, സ്റ്റാന്‍ലി തോമസ്, തുളസീധരക്കുറുപ്പ്, പ്രസന്നന്‍, സാമുവല്‍, സന്തോഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..